2015-08-31 16:46:00

ബിഷപ്പ് പീയര്‍ഫ്രാങ്കൊ പസ്തോറെ കാലം ചെയ്തു


സാമൂഹ്യ മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെയും വത്തിക്കാൻ റേഡിയോയുടെയും വർഷങ്ങളോളം മുൻ സെക്രട്ടറിയായിരുന്ന ബിഷപ്പ് പീയര്‍ഫ്രാങ്കൊ പസ്തോറെ ആഗസ്റ്റ് 30,  ഞായറാഴ്ച കാലം ചെയ്തു.

1970-കളില്‍ വത്തിക്കാന്‍ റേഡിയോയുടെ പുരോഗതിക്കായി വളരെയധികം പ്രയത്നിച്ച അദ്ദേഹത്തിന് 88 വയസ്സുണ്ടായിരുന്നു. അന്തിമോപചാര ചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ റോമില്‍ നടത്തിയശേഷം ജന്മനാടായ നൊവാരയിലേയ്ക്ക് കൊണ്ടുപോകും .

1927 ഏപ്രിൽ 21-ന് ഇറ്റലിയിലെ നൊവാര രൂപതയില്‍ ജനിച്ച അദ്ദേഹം 1950-ല്‍ വൈദികനാവുകയും സഭയുടെ സാമൂഹ്യ മാധ്യമങ്ങളുടെ മേഖലയില്‍ വളരെ നിര്‍ണ്ണായകമായ സേവനം നല്കുകയും ചെയ്തിട്ടുണ്ട്. 1974-ല്‍ പരിശുദ്ധ വർഷത്തിനായുള്ള പ്രത്യേക പരിപാടി എന്ന പേരില്‍ വരാനിരുന്ന ജൂബിലി വര്‍ഷത്തിലെ തീര്‍ത്ഥാടകര്‍ക്കായി ഒരു ബഹുഭാഷാ പ്രോഗ്രാം ആദ്യമായി സംപ്രേഷണം ചെയ്യുകയും അതിനുശേഷം "Quattrovoci" എന്ന പേരില്‍ വാർത്തകളും അറിയിപ്പുകളും എന്ന രീതിയില്‍ ആ സംപ്രേഷണം തുടരുകയും വത്തിക്കാന്‍ റേഡിയോയുടെ വികസനത്തിന് അത് തുടക്കം കുറിക്കുകയും ചെയ്തു.

സാമൂഹ്യ മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ വിവിധ പാസ്റ്ററല്‍ രേഖകള്‍ തയ്യാറാക്കുന്നതിന്, സെക്രട്ടറി എന്ന നിലയിലും കോര്‍ഡിനേറ്റരായിട്ടും അദ്ദേഹം നല്കിയ സംഭാവനകള്‍ വലുതാണ്.

ജോലിയില്‍നിന്ന് വിരമിച്ചതിന് ശേഷവും മാധ്യമപ്രവര്‍ത്തകരും സഹപ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും രോഗാവസ്ഥയിലും ബുദ്ധിമുട്ടുകളിലും ആയിരുന്നവരോട് വളരെ അനുകമ്പയുള്ള വ്യക്തിയും ആയിരുന്നു ബിഷപ്പ് ഫ്രാങ്കൊ.








All the contents on this site are copyrighted ©.