2015-08-29 16:48:00

പരിസ്ഥിതി സംരക്ഷണത്തിന് സമഗ്രമായ സാഹോദര്യഭാവം അനിവാര്യം


സാഹോദര്യഭാവം സമഗ്രമായ പരിസ്ഥിതി സംരക്ഷണത്തിന്   അനിവാര്യമാണെന്ന് സമര്‍പ്പിത ജീവിതസ്ഥാപനങ്ങള്‍ക്കും അപ്പസ്തോലികജീവിത സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള സംഘത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് ഹൊസെ റൊഡ്രീഗസ് കര്‍ബാല്ലൊ പ്രസ്താവിച്ചു.

ഫ്രാന്‍സിസ് പാപ്പായുടെ പുതിയ ചാക്രികലേഖനമായ ലൗദാത്തൊ സി - അങ്ങേയ്ക്കു സ്തുതി, അവതരിപ്പിക്കുന്ന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിത ജീവിതത്തെയും പരിസ്ഥിതി സംരക്ഷണത്തെയും ബന്ധപ്പെടുത്തി അദ്ദേഹം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഇതു പറഞ്ഞത്. 

നരകുലവും പരിസ്ഥിതിയും തമ്മിലുള്ള  സഖ്യത്തിനനുകൂലമായ ഒരു പരിശീലനത്തിനു പ്രചോദനമേകിക്കൊണ്ട് സാകല്യ പരിസ്ഥിതി വിജ്ഞാനത്തിന് വലിയ സംഭാവനയേകാന്‍ സമര്‍പ്പിതര്‍ക്ക് സാധിക്കുമെന്ന് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി പ്രകൃതിയോടു പുലര്‍ത്തിയ സാഹോദര്യഭാവത്തെപ്പറ്റി  വിശദീകരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് കര്‍ബാല്ലൊ സമര്‍ത്ഥിച്ചു.

കടിഞ്ഞാണില്ലാത്ത ഉപഭോഗ ചിന്തകള്‍ക്ക് വിരുദ്ധമായ ലളിത ജീവിതം, സ്വാര്‍ത്ഥത, അഹംഭാവം എന്നിവയെ ഉല്ലംഘിക്കുന്ന സാഹോദര്യജീവിതം  വഴി ആഗോള പരിസ്ഥിതിക്ക് സംഭാവനചെയ്യാന്‍ സമര്‍പ്പിതര്‍ക്കാകുമെന്നും അദ്ദേഹം പറ‍ഞ്ഞു.








All the contents on this site are copyrighted ©.