2015-08-01 18:22:00

ദ്വീപുരാജ്യങ്ങളും ചെറുദ്വീപുകളും സംരക്ഷിക്കപ്പെടണമെന്ന് വത്തിക്കാന്‍


ദ്വീപുരാജ്യങ്ങളും ചെറുദ്വീപുസമൂഹങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്ര സഭയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.

രാഷ്ട്രങ്ങള്‍ നേരിടുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ച് ജൂലൈ 30-ാം തിയതി വ്യാഴാഴ്ച ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ ന്യൂയോര്‍ക്കിലെ ആസ്ഥാനത്തു സംഘടിപ്പിച്ച സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും കാരണമാക്കുന്ന സമുദ്രനിരപ്പിന്‍റെ ക്രമാതീതമായ ഉയര്‍ച്ചയാണ് ഇന്ന് ചെറിയ ദ്വീപുരാജ്യങ്ങള്‍ നേരിടുന്ന സങ്കീര്‍ണ്ണവും, അടിയന്തിരവും അസ്തിത്വപരവുമായ ഭീഷണിയും വെല്ലുവിളിയുമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തെ ചൂണ്ടിക്കാട്ടി.

താഴ്ന്ന ഭൂപ്രകൃതിയും, കുറഞ്ഞ ഉഭയസാദ്ധ്യതകളും, പ്രകൃത്യോര്‍ജ്ജങ്ങളുടെ വിരളതയും അനുഭവിക്കുന്ന ചെറിയ ദ്വീപുരാജ്യങ്ങളുടെ വളര്‍ച്ചയ്ക്കും, അസ്തിത്വത്തിനു തന്നെയും ഇന്നിന്‍റെ കാലാവസ്ഥാ വ്യതിയാനവും അതുമായി ബന്ധപ്പെട്ട ജലപ്പരപ്പിന്‍റെ ഉയര്‍ച്ചയും ഭീഷണയാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തെ ബോധ്യപ്പെടുത്തി. അതിനാല്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനം, ‘അങ്ങേയ്ക്കു സ്തുതി’യില്‍ (Laudato Si’) എടുത്തുപറയുന്ന സമഗ്രമായ പരിസ്ഥിതി (integral ecology ) മനുഷ്യനെയും പ്രകൃതിയെയും വേര്‍തിരിക്കുന്നില്ലെന്നും, അതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകള്‍ മനുഷ്യന്‍റെ വികസനത്തില്‍നിന്നും വേര്‍തിരിച്ചു കാണിക്കരുതെന്നും അദ്ദേഹം സമ്മേളനത്തോട് ആവശ്യപ്പെട്ടു. പ്രകൃതിയും മനുഷ്യനും, രണ്ടും ഇടകലര്‍ന്നു കിടക്കുന്നതിനാല്‍ പരിഹാര മാര്‍ഗ്ഗങ്ങളില്‍ സമവായത്തിന്‍റെ കാഴ്ചപ്പാട് പാലിക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.

പ്രകൃതിയെയും മനുഷ്യനെയും കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട്, ഹരിത ഭൂമിക്കുംമേലുള്ള വളരെ ലോലമായ മാനവിക ദര്‍ശനമാണെന്ന് ചാക്രിക ലേഖനത്തില്‍ പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രകൃത്യോര്‍ജ്ജങ്ങളുടെ വര്‍ദ്ധിച്ച ഉപഭോക്താക്കളായ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് മറ്റു രാഷ്ട്രങ്ങളോട് ഒരു പാരിസ്ഥിതിക ബാദ്ധ്യതയും ഉത്തരവാദിത്വവും ഉണ്ടാകണമെന്ന് ജൂണ്‍ മാസത്തില്‍ പ്രസിദ്ധപ്പെടുത്തിയ ചാക്രിക ലേഖനത്തിലൂടെ അഭ്യാര്‍ത്ഥിക്കുന്നുണ്ട്. അതുപോലെ ആഗോള വികസന പദ്ധതികളോടുള്ള ക്രിയാത്മകമായ പ്രതികരണവും പാപ്പാ ഫ്രാന്‍സിസ് സമ്പന്നരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളതും ആര്‍ച്ചുബിഷപ്പ് ഔസാ പ്രബന്ധത്തില്‍ ആവര്‍ത്തിച്ചു.

അറ്റുപോകാത്ത പ്രകൃത്യോര്‍ജ്ജങ്ങള്‍ അല്ലെങ്കില്‍ ദ്വീപുരാഷ്ട്രങ്ങളുടെ നിലനില്പിനും വികസനത്തിനുമായി ഉപയോഗപ്പെടുത്തുക എന്നീ പ്രായോഗിക നിര്‍ദ്ദേശത്തോടെയാണ് ആര്‍ച്ചുബിഷപ്പ് ഔസ് ദ്വീപുരാജ്യങ്ങള്‍ക്കുവേണ്ടിയുള്ള (Small Island Developing States) ഇടപെടല്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.