2015-07-28 19:10:00

പ്രസിഡന്‍റ് പദവും കവിഞ്ഞുനിന്ന ശ്രേഷ്ഠാചാര്യന്‍ അബ്ദുള്‍ കലാമിന് അന്ത്യാഞ്ജലി!


ഭാരതത്തിന്‍റെ മുന്‍പ്രസി‍‍ഡന്‍റ് എ.പി.ജെ. അബ്ദുള്‍ കലാം (1931-2015) അന്തരിച്ചു. തികഞ്ഞ ബഹിരാകാശ ശാസ്ത്രജ്ഞനും ജനസേവകനുമായിരുന്ന അബുള്‍ കലാം 83-മത്തെ വയസ്സില്‍ ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്.

ജൂലൈ 27-ാം തിയതി തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 7.30-ന് ഷില്ലോങ്ങിലെ ബഥനി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഗ്വഹാത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ (IIM Shillong) പ്രഭാഷണം നടത്തവെയാണ് മുന്‍പ്രസി‍ഡന്‍റ് കലാമിന് ആലസ്യങ്ങള്‍ അനുഭവപ്പെട്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രണ്ടു മണിക്കൂര്‍ നീണ്ട തീവ്രപരിചരണത്തിനും രക്ഷിക്കാനാവാതെ ജനപ്രിയനായിരുന്ന ഇന്ത്യയുടെ മുന്‍പ്രഥമ പൗരനും പതിനൊന്നാമത്തെ പ്രസിഡന്‍റും കടന്നുപോയി.

വാജ്പെ സര്‍ക്കാരിന്‍റെ കാലത്ത് എല്ലാ പാര്‍ട്ടികളുടെയും സമ്മതത്തോടെയും ഇടതുപക്ഷത്തിന്‍റെ തിരഞ്ഞെടുപ്പിലൂടെയുമാണ് കലാം ഭാരതത്തിന്‍റെ പ്രസി‍ഡന്‍റ് സ്ഥാനത്തേയ്ക്ക് കടന്നുവന്നത്. നലംതികഞ്ഞ ശാസ്ത്രജ്ഞനും ഗവേഷകനുമായിരുന്ന അദ്ദേഹം രാഷ്ട്രത്തോടും നാടിനോടുമുള്ള സ്നേഹത്തെ പ്രതിയാണ് 2002-ല്‍ പ്രസിഡന്‍റ് പദം സ്വീകരിച്ചത്. കലാം രാഷ്ട്രീയക്കാരനായിരുന്നില്ല. വന്‍ജനപിന്‍തുണയുളളപ്പോള്‍ 2007-ല്‍ അദ്ദേഹം പ്രസിഡന്‍റ് സ്ഥാനത്തുനിന്നും വിരമിക്കേണ്ടിവന്നത്, ചേരിതിരിഞ്ഞ കക്ഷിരാഷ്ട്രീയ കളികൊണ്ടു മാത്രമാണ്. അതില്‍ ഒരിക്കലും അബ്ദുള്‍ കലാം ഖേദിക്കുകയോ പരിഭവിക്കുകയോ ചെയ്തിട്ടില്ല.

പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞശേഷവും പൊതുമേഖലാ പ്രവര്‍ത്തനങ്ങളില്‍ സജീവവും, മാനവകുലത്തിന്‍റെ നന്മയ്ക്കായുള്ള പ്രസ്ഥാനങ്ങളും ഏജന്‍സികളുമായി പൂര്‍ണ്ണമായി സഹകരിച്ചും പ്രവര്‍ത്തിച്ചു പോരുകയായിരുന്നു. വിശ്രമ ജീവിതം നയിക്കാമായിരുന്ന കലാം പിന്നെയും ഉത്തമപൗരനായും, വിദ്യാഭ്യാസ പ്രവര്‍ത്തകനായും, പൊതുജന സേവകനായും, ഗ്രന്ഥകര്‍ത്താവായും ജീവിതം കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളെ കാണുന്നതിലും സന്ദര്‍ശിക്കുന്നതിലും എപ്പോഴും അതീവ തല്പരനായിരുന്നു. അവരുടെ നല്ല ഭാവിക്കുവേണ്ട പ്രചോദനവും ഉപദേശവും ദിശാബോധവും നല്കുക കലാമിന്‍റെ സവിശേഷ താല്പര്യമായിരുന്നു.

തമിഴ്നാട്ടിലെ രാമേശ്വരത്ത് 1931 ഒക്ടോബര്‍ 15-നായിരുന്നു  അവൂള്പക്കീര്ജയിനുലാബ്ദീന്അബ്ദുള്കലാമിന്‍റെ  ജനനം.  പഠനത്തിനുള്ള  താല്പര്യവും  സമര്‍പ്പണവും അദ്ദേഹത്തെ  വളര്‍ത്തി.  മദ്രാസ് ഇന്‍സ്റ്റിട്യൂട്ട ഓഫ് ടെക്നോളജിയിലായിരുന്നു ശാസ്ത്രീയ പഠനങ്ങള്‍. ബിരുദാനന്തരം  ബഹിരാകാശ ശാസ്ത പഠനത്തില്‍ഡോക്ട്രല്‍ ബിരുദം  കരസ്ഥമാക്കിയ അബ്ദുള്‍ കലാം Defence Research and Development Organisation DRDO, Indian Space Research Organisation ISRO എന്നിവയിലൂടെയാണ് ഭാരതത്തിന്‍റെ മിസ്സൈല്‍ ശാസ്ത്രജ്ഞനായി മാറിയത്. നാലു പതിറ്റാണ്ടു കാലം രാഷ്ട്രത്തിന്‍റെ ബഹിരാകാശ ഗവേഷണ പദ്ധതികളിലും (ISRO) അഭ്യന്തര സാങ്കേതികതയുടെ വികാസത്തിനും (MILITARY MISSILE TECHNOLOGY) പുരോഗതിക്കുമായി അക്ഷീണം പ്രയത്നിച്ചു. അതിനുശേഷമാണ് അദ്ദേഹം ഭാരതത്തിന്‍റെ  പ്രസിഡന്‍റെ പദം ചൂടിയത്.

അവിവാഹിതനായിരുന്ന കലാമിന്‍റെ ജീവിത സമര്‍പ്പണം പൊതുമേഖലയ്ക്കപ്പുറവും കര്‍ണ്ണാടക സംഗീതത്തിലും വീണ വായനയിലും കലാസ്വാദനത്തിലും പ്രകടമായിരുന്നു. ഉപവിപ്രവര്‍ത്തനവും ദീനാനുകമ്പയും അദ്ദേഹത്തിന്‍റെ ജീവിതഭാഗധേയവും മുഖമുദ്രയുമായിരുന്നു. വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ ആരാധനകനും സുഹൃത്തുമായിരുന്നു. മദറിന്‍റെ മേല്‍ കെട്ടിവച്ച മതപരിവര്‍ത്തനത്തിന്‍റെ ആരോപണങ്ങളെ കലാം സയുക്തം എതിര്‍ത്തിട്ടുണ്ട്.

അവയവദാന പ്രസ്ഥാനം kidney Foundation of India പ്രവര്‍ത്തനങ്ങളി‍ല്‍ സംതൃപ്തനായ കലാം തനിക്ക് അവര്‍ഡു ലഭിച്ച തുക പ്രസ്ഥാനത്തിന് ദാനംചെയ്ത കഥ അതിന്‍റെ സ്ഥാപക പ്രസിഡന്‍റ്, ഫാദര്‍ ഡോവിഡ് ചിറമ്മേല്‍ വത്തിക്കാന്‍ റേഡിയോയുമായി പങ്കുവച്ചിട്ടുണ്ട്.

അറിവും സമര്‍പ്പണവുംകൊണ്ട് ഭാരതത്തിലെ സാധാരണക്കാരായ ബഹുജനത്തിന് മാര്‍ഗ്ഗദീപമായ ശാസ്ത്രജ്ഞനും രാജ്യസേവകനുമായ ശ്രേഷ്ഠാചാര്യന്‍ ശ്രീ അബ്ദുള്‍ കലാമി ആദരാഞ്ജലി!

അന്തിമോപചാര ശുശ്രൂഷകള്‍ രാമേശ്വരത്തെ ജന്മഗേഹത്തില്‍ ജൂലൈ 30-ാം തിയതി വ്യാഴാഴ്ച നടത്തപ്പെടും.








All the contents on this site are copyrighted ©.