2015-07-27 17:06:00

പങ്കുവയ്ക്കലിന്‍റെ സംസ്കൃതിയും സമൃദ്ധിയുടെ അത്ഭുതവും


വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം പ്രതിപാദിക്കുന്ന ക്രിസ്തു അപ്പം വര്‍ദ്ധിപ്പിച്ച സംഭവമാണ് ഇന്നത്തെ ധ്യാനവിഷയം (യോഹ. 6,1-15). അവിടുന്ന് ഗലീലിയാ തടാകതീരത്തെ മലംപ്രദേശത്തായിരുന്നു നിന്നിരുന്നത്. വലിയൊരു ജനാവലി ചുറ്റും കൂടി. അവിടുന്ന് നല്കിയ അത്ഭുത രോഗശാന്തികളാണ് ഇത്രയേറെ ജനങ്ങളെ അവിടുത്തെ സന്നിധിയില്‍ എത്തിച്ചത് (v.2). ദൈവിക കാരുണ്യത്താല്‍ അവിടുന്ന് അവരുടെ ശാരീരികവും ആത്മീയവുമായ നിരവധി ആലസ്യങ്ങള്‍ അകറ്റിയിരുന്നു. എന്നാല്‍ ക്രിസ്തു സൗഖ്യദായകന്‍ മാത്രമല്ല, അവിടുന്ന് ഗുരുനാഥന്‍ കൂടിയാണെന്ന് പാപ്പാ ആമുഖമായി പ്രഭാഷണത്തില്‍ പ്രസ്താവിച്ചു : അതുകൊണ്ടാണ് അവിടുന്ന് ജനങ്ങളെ പഠിപ്പിക്കുന്നതിന് ദൈവികതയുടെ പരിവേഷമായ ഉന്നതപീഠങ്ങളില്‍ - മലമുകളില്‍ നിലയുറപ്പിച്ചത്. എന്താണ് താന്‍ ചെയ്യുന്നതെന്ന് നല്ല ധാരണയുള്ള ക്രിസ്തു ശിഷ്യന്മാരെ പരീക്ഷിക്കുന്നതിന് ശിഷ്യരോട് ആജ്ഞാപിച്ചു. ചുറ്റുമുള്ള വലിയ പുരുഷാരത്തിന് എന്തെങ്കിലും ഭക്ഷിക്കുവാന്‍ കൊടുക്കണമെന്ന് അവശ്യപ്പെട്ടു. പന്ത്രണ്ടു ശിഷ്ന്മാരില്‍ ഒരാളായ ഫലിപ്പോസാണ് പെട്ടെന്ന് കണക്കുകൂട്ടി പറഞ്ഞത്. ഇത്രയും പേര്‍ക്കായി 200 ദാനാറായ്ക്ക് അപ്പം വാങ്ങിയാലും അത് ഒന്നും ആകില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ശിഷ്യന്മാരുടെ കമ്പോള മനസ്ഥിതിക്ക് വിരുദ്ധമായി പങ്കുവയ്ക്കലിന്‍റെ യുക്തിയും സംസ്ക്കാരവുമാണ് കാണുന്നത്. അപ്പോള്‍ കൈവശം അഞച് അപ്പവും രണ്ടു മീനുമുള്ള ബാലനെ സൈമണ്‍ പത്രോസിന്‍റെ സഹോദരന്‍, അന്ത്രയോസ് കണ്ടെത്തി. എന്നാല്‍ ഇത്ര വലിയ പുരുഷാരത്തിന് ഇതെന്താവാനാണെന്ന് ആക്ഷേപരൂപേണ അന്ത്രയോസു പറഞ്ഞു (v.9). എന്നാല്‍ ക്രിസ്തു പ്രതീക്ഷിച്ചത് അതുതന്നെയാണ്. അത് അവരുടെ വിശ്വാസരാഹിത്യമായിരുന്നു! ജനാവലിയെ അവിടെ ഇരുത്തുവാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. എന്നിട്ട് അപ്പവും മീനുമെടുത്ത്, പിതാവിന് കൃതജ്ഞതാ സ്തോത്രംചൊല്ലി, വാഴ്ത്തി, വിഭജിച്ച് അവര്‍ക്കു നല്കി (v 11). ഈ ചെയ്തികള്‍ അവിടുന്ന് അനുഷ്ഠിക്കുവാന്‍ പോകുന്ന അന്ത്യത്താഴ വിരുന്നിന്‍റെ മുന്നോടിയായിരുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ക്രിസ്തു അപ്പത്തിന് നിഗൂഢമായ ആന്തരീകാര്‍ത്ഥം നല്കുകയാണ് അവിടെയെന്നും – അത് തന്‍റെ ശരീരം ആത്മീയഭോജ്യമായ് ലോകത്തിന് ലഭ്യമാക്കുന്നതിന്‍റെ പ്രതീകമാണെന്നും പാപ്പാ വ്യാഖ്യനിച്ചു! കാരണം ദൈവിക മന്ന, അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള അപ്പം ക്രിസ്തുതന്നെയാണ്. അവിടുന്നുമായുള്ള ദൈവികകാരുണ്യത്തിന്‍റെ കൂട്ടായ്മയില്‍, ദിവ്യകാരുണ്യക്കൂട്ടായ്മയില്‍ മനുഷ്യര്‍ ദൈവിക ജീവനില്‍ പങ്കുകാരായിത്തീരുന്നു. അങ്ങനെ മനുഷ്യര്‍ ദൈവപിതാവിന്‍റെ മക്കളും പരസ്പരം സഹോദരങ്ങളുമായി രൂപാന്തരപ്പെടുന്നു. ഉത്ഥിതനും സജീവനുമായ ക്രിസ്തുവിനെയാണ് ദിവ്യകാരുണ്യത്തില്‍ നാം അനുഭവിക്കുന്നത്. ക്രിസ്തുവിന്‍റെ സ്വാര്‍പ്പണത്തിന്‍റെയും നല്കുന്നതിന്‍റെയും യുക്തിയില്‍ നാം പങ്കുചേരുന്നത് ദിവ്യകാരുണ്യത്തിലാണ്.

പാവങ്ങളായിരിക്കെ നമുക്കും പങ്കുവയ്ക്കാനാകണമെന്ന് പാപ്പാ പ്രസ്താവിച്ചു. അതിനാല്‍ ദിവ്യകാരുണ്യ സ്വീകരണം ക്രിസ്തുവിന്‍റെ കൃപയില്‍ പങ്കുചേരുന്ന പ്രക്രിയയാണെന്നും, കൂടാതെ, നമുക്കു ലഭിച്ചതും...പിന്നെ നമുക്കുള്ളതുമെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുമുള്ള കൃപ അതിലൂടെ നമുക്കു ലഭിക്കുമെന്നും പാപ്പാ സ്ഥാപിച്ചു. വിജനപ്രദേശത്തുവച്ച് അപ്പം വര്‍ദ്ധിപ്പിച്ച സംഭവത്തിലുണ്ടായ സന്തോഷത്തില്‍ ജനം മതിമറന്നുപോയിരുന്നു. എന്നാല്‍ വിശക്കുന്ന മനുഷ്യന് ക്രിസ്തു നല്കുന്ന ഭോജ്യം ആത്മീയ ജീവന്‍റെ സമൃദ്ധിയും പൂര്‍ണ്ണതയും നല്കുന്നതാണെന്ന് പാപ്പാ അനുസ്മരിപ്പിക്കുന്നു. ശാരീരികമായ വിശപ്പു മാത്രമല്ല അതുവഴി ക്രിസ്തു അടക്കുന്നത്, യഥാര്‍ത്ഥത്തില്‍ ജീവിതത്തിന്‍റെ പൊരുള്‍ തേടുന്ന ദൈവത്തിനായുള്ള  മനുഷ്യന്‍റെ പൊരിയുന്ന പശി അല്ലെങ്കില്‍ ആത്മീയ വിശപ്പ് അടക്കുവാനും ക്രിസ്തുവിനു കഴിവുണ്ടെന്നാണ് സുവിശേഷ സംഭവം വ്യക്തമാക്കുന്നതെന്ന്, പാപ്പാ കൂട്ടിച്ചേര്‍ത്തു. 

മനുഷ്യ യാതനകളുടെയും, ഏകാന്തതയുടെയും, ദാരിദ്ര്യത്തിന്‍റെയും ജീവിതപരിസരങ്ങളില്‍ നമുക്ക് എന്തു ചെയ്യാനാകും, എന്നു ചിന്തിക്കേണ്ടതാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. അങ്ങനെയുള്ള അവസരങ്ങളില്‍ ആവലാതിപ്പെടുന്നതോ വേവലാതിപ്പെടുന്നതോ പ്രതിവിധിയല്ല, മറിച്ച് നമ്മാല്‍ കഴിവുള്ളത് ചെയ്യുകയാണു വേണ്ടത്. സുവിശേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചെറുബാലനെപ്പോലെ ഉള്ളതില്‍നിന്നും പങ്കുവയ്ക്കുവാന്‍ തയ്യാറാവണം, എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. തീര്‍ച്ചയായും നമുക്കൊക്കെ ഏറെ സമയവും കഴിവും, ചിലപ്പോള്‍ വൈദഗ്ദ്ധ്യവുമുണ്ട്...... എന്നാല്‍ ആര്‍ക്കാണ് ‘അഞ്ച് അപ്പവും രണ്ടു മീനുമില്ലാത്തത്?’  ഉള്ളത് ക്രിസ്തുവിന്‍റെ ദൈവിക തൃക്കരങ്ങളില്‍ സമര്‍പ്പിക്കാനായാല്‍, അവിടുന്ന് ഇന്നും നമ്മുടെ ജീവിതങ്ങളിലും ജീവിതചുറ്റുപാടുകളിലും വീണ്ടും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. അങ്ങനെ നമ്മുടെ ലോകത്ത് കൂടുതല്‍ സ്നേഹവും, സമാധാനവും, നീതിയും, എല്ലാറ്റിനും ഉപരി സന്തോഷവും വളരുവാന്‍ ഇടയാകും. സന്തോഷമാണ് നമ്മുടെ ലോകത്ത് ഇല്ലാത്തത്! ഐക്യദാര്‍ഢ്യത്തിനായുള്ള നമ്മുടെ ചെറിയ പരിശ്രമങ്ങളെ ഫലവത്താക്കുവാനും, സമ്പന്നമാക്കുവാനും ക്രിസ്തുവിനു സാധിക്കും. അങ്ങനെ നമ്മെയും അവിടുത്തെ ദൈവികദാനങ്ങളില്‍ പങ്കുകാരാക്കും!

ദൈവം തരുന്ന സ്വര്‍ഗ്ഗീയ മന്നയിലേയ്ക്ക് എന്നും നമ്മെ നയിക്കുവാന്‍ പ്രാര്‍ത്ഥനയ്ക്ക് കരുത്തുണ്ട്. അത് മാന്യമായ ജീവിതത്തിന് വഴിയൊരുക്കും. സ്നേഹവും പങ്കുവയ്ക്കലും ജീവിതത്തില്‍ ഉറപ്പു വരുത്തും. കന്യകാനാഥ തന്‍റെ മാതൃസഹജമായ മാദ്ധ്യസ്ഥ്യത്താല്‍ നമ്മെ ഏവരെയും പിന്‍തുണയ്ക്കട്ടെ, എന്ന ആശംസയോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.