2015-07-24 10:52:00

ഇറാക്കിലെ സഭയെക്കുറിച്ച് കര്‍ദ്ദിനാള്‍ ഫെര്‍ണാന്‍റോ ഫിലോണി


‘ഇറാക്കിലെ സഭ’ ഇന്നും ധീരമാണെന്ന് വിശ്വാസപ്രചാരണത്തിനായുളള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫെര്‍ണാന്‍റോ ഫിലോണി പ്രസ്താവിച്ചു.

കര്‍ദ്ദിനാള്‍ ഫിലോണിയുടെ ‘ഇറാക്കിലെ സഭ’ എന്ന ഗ്രന്ഥത്തെക്കുറിച്ച് വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്. പീഡിപ്പിക്കപ്പെടുകയും നാടുകടത്തപ്പെടുകയും ഇറാക്കിന്‍റെ മരുപ്രദേശങ്ങളില്‍ ഇന്നും ജിഹാദികളുടെ ക്രൂരതയെ ഭയന്നു ജീവിക്കുമ്പോഴും വിശ്വാസത്തില്‍ പതറാത്ത ഇറാക്കിലെ ക്രൈസ്തവര്‍ ധീരരാണെന്ന് കര്‍ദ്ദിനാള്‍ ഫിലോണി അഭിമുഖത്തില്‍ വിശേഷിപ്പിച്ചു.

സദ്ദാം ഹുസൈന്‍ തുടക്കമിട്ട ഇറാക്കി കുവൈറ്റ് യുദ്ധകാലത്ത് അവിടെ വത്തിക്കാന്‍റെ സ്ഥാപനപതിയായി ജോലിചെയ്യുകയും, പിന്നെ അടുത്തകാലത്ത് രണ്ടു തവണ പാപ്പാ ഫ്രാ‍ന്‍സിസിന്‍റെ പ്രതിനിധിയായി ഇറാക്കിലെ വിപ്രവാസികളായ ക്രൈസ്തവരെ സന്ദര്‍ശിക്കുകയും, സാന്ത്വനപ്പെടുത്തുകയും ചെയ്തിട്ടുള്ള കര്‍ദ്ദിനാള്‍ ഫിലോണി ജീവിതാനുഭവങ്ങളുടെ പച്ചയായ സാഹചര്യങ്ങളി‍ല്‍നിന്നുമാണ് ഇറിക്കിലെ സഭയെ തന്‍റെ ഗ്രന്ഥത്തില്‍ വരച്ചുകാട്ടുന്നതെന്ന് അഭിമുഖത്തില്‍ പ്രസ്താവിച്ചു.

പാപ്പാ ഫ്രാന്‍സിസ് രണ്ടു പ്രാവശ്യം ഇറാക്കിലെ സഭാമക്കളുടെ പക്കലേയ്ക്ക് അയച്ചത് വേദനിക്കുന്ന വിശ്വാസികള്‍ക്ക് മാതൃസഭയുടെ ‘സാന്ത്വനസ്പര്‍ശ’മായിരുന്നെന്ന്, കര്‍ദ്ദിനാള്‍ ഫിലോണി ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നു.

തദ്ദേശീയരായ ക്രൈസ്തവര്‍ താല്‍ക്കാലികമായി നാടുകടത്തപ്പെട്ട് ജിഹാദികളുടെ ഭീഷണിയില്‍ കഴിയുകയാണെങ്കിലും, ഇറാക്കിന്‍റെ സംസ്ക്കാരവും പാരമ്പര്യങ്ങളും തദ്ദേശിയരായ ക്രൈസ്തവര്‍ ആദ്യനൂറ്റാണ്ടിലെ സഭാചൈതന്യത്തില്‍ കെട്ടിപ്പടുത്തിയതാണെന്നും,,അതിനാല്‍ അവരുടെ വേരുറച്ച വിശ്വാസത്തെ പിഴുതെറിയുക എളുപ്പമല്ലെന്നും കര്‍ദ്ദിനാള്‍ ഫിലോണി തന്‍റെ രചനയില്‍ കുറിക്കുന്നു.  








All the contents on this site are copyrighted ©.