2015-07-23 08:56:00

ജോസഫ് കോടക്കല്ലില്‍ സത്തനയുടെ മെത്രാന്‍


സത്തന രൂപതയ്ക്ക് പാപ്പാ ഫ്രാന്‍സിസ് പുതിയ മെത്രാനെ നിയോഗിച്ചു. കോതമംഗലം രൂപതാംഗവും സ്വദേശിയുമായ ഫാദര്‍ ജോസഫ് കോടക്കല്ലിലിനെയാണ് വടക്കെ ഇന്ത്യയില്‍ മദ്ധ്യപ്രദേശിലെ സത്തനാ രൂപതയുടെ മെത്രാനായി നിയോഗിച്ചത്.

സീറോ മലബാര്‍ സിന‍ഡ് നാമനിര്‍ദ്ദേശം ചെയ്ത ഫാദര്‍ ജോസഫ് കോടക്കല്ലിലിന്‍റെ നിയമനം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചുകൊണ്ട് ജൂലൈ 22-ാം തിയതി ബുധനാഴ്ച രാവിലെയാണ് വത്തിക്കാനിലും തത്സമയം സത്തന കത്തീദ്രല്‍ ദേവാലയത്തിലും പുതിയ മെത്രാന്‍റെ നിയമനപ്രഖ്യാപനങ്ങള്‍ നടന്നത്.

വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ നാമത്തിലുള്ള സത്തനയിലെ ഭദ്രാസന ദേവാലയത്തില്‍ വികാരിയായി സേവനംചെയ്യവെയാണ് അദ്ദേഹത്തിന്‍റെ നിയമനം ഉണ്ടായത്.  

1965-ല്‍ കോതമംഗലത്തെ ഉപ്പുതോട്ടിലാണ് നിയുക്ത മെത്രാന്‍, ജോസഫ് കോടക്കല്ലിലിന്‍റെ ജനനം. റാഞ്ചിയിലെ സെന്‍റ് ആല്‍ബര്‍ട്സ് സെമിനാരിയില്‍ ചേര്‍ന്ന് തത്വശാസ്ത്രവും, പിന്നീട് വടവാതൂറിലെ പൗരസ്ത്യ വിദ്യാപീഠത്തില്‍ ദൈവശാസ്ത്രവും പഠിച്ച്, 1991-ല്‍ പൗരോഹിത്യം സ്വീകരിച്ചു. പൗരസ്ത്യ സഭകള്‍ക്കായുള്ള റോമിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ആരാധനക്രമത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

സത്തന രൂപതിയില്‍ തുടക്കമിട്ട അജപാലന ശുശ്രൂഷ, പിന്നീട് വടവാതൂരിലെ പൗരസ്ത്യ വിദ്യാപിഠത്തിന്‍റെ റെക്ടര്‍, സത്തനയുടെ വികാരി ജനറാള്‍, അവിടത്തെ മൈനര്‍ സെമിനാരി റെക്ടര്‍, രുപതയുടെ ദൈവശാസ്ത്ര കോളെജിന്‍റെ റെക്ടര്‍ എന്നീ നിലകളിലും തുടര്‍ന്നിട്ടുണ്ട്.

ബിഷപ്പ് മാത്യു വാണിയക്കിഴക്കേല്‍ വി.സി. കാനോനിക പ്രായപരിധി (75) എത്തി വിരമിച്ചതിനെ തുടര്‍ന്ന്, സീറോമലബാര്‍ സിന‍‍ഡു നടത്തിയ തിരഞ്ഞെടുപ്പ് പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചതോടെയാണ് ഫാദര്‍ ജോസഫ് കോടക്കല്ലിലിലിന്‍റെ സത്തനയുടെ മെത്രാനായുള്ള നിയമനം ഉണ്ടായത്.








All the contents on this site are copyrighted ©.