2015-07-23 19:35:00

അങ്ങേയ്ക്കു സ്തുതി! Laudato Si’ ഒരവലോകനം


പരിസ്ഥിതിയെ സംബന്ധിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രിക ലേഖനം - ഒരവലോകനം

ആമുഖം

ഏതു തരത്തിലുള്ളൊരു ലോകമാണ് നാം വരും തലമുറയ്ക്ക് കൈമാറുവാന്‍ പോകുന്നത്? (160). ഈ ചോദ്യമാണ് Laudato Si’  ‘അങ്ങേയ്ക്കു സ്തുതി!’ എന്ന പരിസ്ഥിതിയുടെ പൊതുസംരക്ഷണം സംബന്ധിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രിക ലേഖനത്തിന്‍റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്നത്. എന്നാല്‍ ഈ പ്രശ്നം ലോകത്തിന്‍റെ പരിസ്ഥിതിയെക്കുറിച്ചുള്ള ഭാഗികമായ പ്രശ്നമല്ല, മറിച്ച് അത് ജീവിതത്തിന്‍റെ അര്‍ത്ഥം, മൂല്യം എന്നിവയെയും സ്പര്‍ശിക്കുന്നുണ്ടെന്നാണ് പാപ്പാ ഫ്രാ‍ന്‍സിസ് പ്രസ്താവിക്കുന്നത്. മനുഷ്യജീവിതത്തിന്‍റെ ലക്ഷൃം എന്താണ്? നമ്മുടെ അദ്ധ്വാനത്തിന്‍റെയും കഷ്ടപ്പാടിന്‍റെയും അര്‍ത്ഥമെന്താണ്? ഭൂമിക്ക് നമ്മെ ആവശ്യമുണ്ടോ?

ഈ അടിസ്ഥാന ചോദ്യങ്ങള്‍ നാം ഉന്നയിച്ചില്ലെങ്കില്‍ പാരിസ്ഥിതികമായ നമ്മുടെ ആശങ്കകള്‍ക്ക് പ്രസക്തിയുണ്ടാവില്ലെന്ന് പാപ്പാ പ്രസ്താവിക്കുന്നു. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ സൃഷ്ടിയെ പ്രകീര്‍ത്തിക്കുന്ന ഭൂമിഗീതത്തില്‍നിന്നും  (Canticle of the Earth) പ്രചോദനം ഉള്‍ക്കൊണ്ടാണ് ചാക്രിക ലേഖനത്തിന് ‘അങ്ങേയ്ക്ക് സ്തുതി!’ Laudato Si’ എന്ന ശീര്‍ഷകം നല്കിയിരിക്കുന്നത്. വിശുദ്ധന്‍ അങ്ങനെയാണ് അത് തുടങ്ങുന്നത്.

വിശുദ്ധ ഫ്രാന്‍സിസ് രചിച്ച അങ്ങേയ്ക്ക് സ്തുതി! ദൈവമേ...! (Laudato Si’, Mi Signore!)  എന്നു തുടങ്ങുന്ന ഗീതത്തില്‍ ഭൂമിയെ ‘മനുഷ്യകുലത്തി‍ന്‍റെ പൊതുഭവനം’ എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടെ പാര്‍ക്കുന്ന സഹോദരിയും, ഓമനിച്ച് ആശ്ലേഷിക്കുന്ന സ്നേഹമുള്ള അമ്മയും പോലെയാണ് ഭൂമിയെന്ന് സിദ്ധന്‍ തന്‍റ‍െ വിശ്വത്തര പ്രാര്‍ത്ഥനയില്‍ ചൂണ്ടിക്കാട്ടുന്നു (1). മനുഷ്യന്‍ പൂഴിയാണ് (ഉല്പത്തി 2, 7), ഭൂമിയിലെ ധാതുക്കള്‍കൊണ്ടാണ് മനുഷ്യശരീരം രൂപപ്പെടുത്തിയിരിക്കുന്നത്. അതിലെ വായുവാണ് നാം ശ്വസിച്ചു ജീവിക്കുന്നത്. പിന്നെ അതിലെ ജലം ജീവന്‍റെ പാനീയവുമാണ്.                                                                                                                                                                                          

ഇന്ന് ഏറെ മലീമസമാക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിട്ടുള്ള ഭൂമിയമ്മ കേഴുകയും ലോകത്തുള്ള പാവങ്ങളും പരിത്യക്തരുമായവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുകയുമാണ്. അതിനാല്‍ നമ്മെ - വ്യക്തികളെയും കുടുംബങ്ങളെയും ദേശീയ പ്രാദേശിക സമൂഹങ്ങളെയും അന്താരാഷ്ട്ര സമൂഹത്തെയും പാരിസ്ഥിതികമായ മാനസാന്തരത്തിനായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടമന്‍ പാപ്പായുടെ വാക്കുകളില്‍, പാപ്പാ ഫ്രാന്‍സിസും ക്ഷണിക്കുകയാണ്. മനുഷ്യന്‍റെ പൊതുഭവനമായ ഭൂമിയുടെ സുസ്ഥിതിക്കും ഭദ്രതയ്ക്കുമായി  നമ്മെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് അതിന്‍റെ മനോഹാരിത സംരക്ഷിക്കത്തക്ക വിധത്തില്‍ ജീവിതരീതിയില്‍ മാറ്റം വരുത്തണമെന്ന് പാപ്പാ അഭ്യര്‍ത്ഥിക്കുന്നു. പരിസ്ഥിതി സംരക്ഷണവും, പ്രകൃതി പരിപാലനയും വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്, എന്നാല്‍ നമ്മുടെ ഭൂമിക്ക് സംഭവിക്കുന്ന വിനാശത്തെക്കുറിച്ച് വേദനാപൂര്‍ണ്ണവും  ആത്മാര്‍ത്ഥവുമായ കരുതല്‍ ഉണ്ടായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ചാക്രിക ലേഖനത്തില്‍ സകലരോടും പ്രത്യേകം അഭ്യര്‍ത്തിക്കുന്നു. (19).

ഭൂമിയെ സംരക്ഷിക്കുവാന്‍ ഒരുമിച്ചു പരിശ്രമിക്കുവാനുള്ള കുരുത്തും കഴിവും, ഇനിയും മനുഷ്യനുണ്ട് എന്ന വ്യക്തമായ സന്ദേശവും പൂര്‍ണ്ണമായ പ്രത്യാശയുമാണ് പാപ്പായുടെ ചാക്രിക ലേഖനം തരുന്നത് (13), ക്രിയാത്മകമായി ഇടപെടാനുള്ള കരുത്ത് മനുഷ്യന്‍റേതാണ് (58), എല്ലാം നഷ്ടമായിട്ടില്ല, മാത്രമല്ല അധഃപതനത്തിന്‍റെ ആഗാധ ഗര്‍ത്തത്തില്‍നിന്നും തിരികെ വരുവാനും, തെറ്റുകള്‍ തിരുത്തുവാനും, നന്മവളര്‍ത്തുവാനും നവോന്മേഷം പ്രാപിക്കുവാനുമുള്ള കരുത്ത് മനുഷ്യനുണ്ട് (205). ക്രൈസ്തവര്‍ക്ക് സൃഷ്ടിയോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തം അവരുടെ വിശ്വാസത്തിന്‍റെയും ഭാഗമാണ് എന്ന വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ചിന്തകള്‍ ചാക്രിക ലേഖനത്തിന്‍റെ അഞ്ചാം അദ്ധ്യായത്തില്‍ വിസ്തരിക്കുന്നുണ്ട് (64). പാരിസ്ഥിതികമായ ഇന്നിന്‍റെ പ്രശ്നങ്ങളുമായി സംവദിക്കുവാനും, അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുവാനും പ്രബോധനത്തിന്‍റെ ഈ ഭാഗം ഉപയോഗപ്രദമാണ് (3).

 പരിസ്ഥിതിയുടെ കാര്യത്തില്‍ ഇതര സഭകളും ക്രിസ്ത്യന്‍ സമൂഹങ്ങളും, മറ്റു മതങ്ങള്‍പോലും കാണിക്കുന്ന ശുഷ്ക്കാന്തി പാപ്പാ പ്രബോധനത്തില്‍ ശ്ലാഘിക്കുന്നുണ്ട് (7). അതുപോലെ ഈ പ്രസ്ഥാനത്തിനായി സമര്‍പ്പിതരായിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംഘനകളുമായ പാരിസ്ഥിതിക സുസ്ഥിതിയുടെ എല്ലാ പ്രയോക്താക്കള്‍ക്കും പാപ്പാ നന്ദിയര്‍പ്പിക്കുന്നുമുണ്ട്. സഭയുടെ പ്രബോധനങ്ങളെ പിന്‍തുണയ്ക്കത്തക്ക വിധത്തില്‍ സഹകരിക്കുന്ന ശാസ്ത്രജ്ഞന്മാരെയും താത്വികരെയും ദൈവശാസ്ത്ര പണ്ഡിതന്മാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ചാക്രിക ലേഖനം അനുസ്മരിക്കുന്നുണ്ട്. കാരണം സമഗ്രമായ പാരിസ്ഥിതിക പുരോഗതിക്കും മനുഷ്യകുലത്തിന്‍റെ സമ്പൂര്‍ണ്ണ വികസനത്തിനും ഇവരുടെയെല്ലാം വിലപ്പെട്ട സംഭാവനകള്‍ അനിവാര്യമാണ് (62).

ചാക്രികലേഖത്തിന്‍റെ പ്രതിപാദ്യശൈലി ആമുഖത്തിന്‍റെ 15-ാമത്തെ ഖണ്ഡത്തില്‍ രേഖപ്പെടുത്തുകയും തുടര്‍ന്നുള്ള ആറ് അദ്ധ്യായങ്ങളിലായി പ്രതിപാദ്യ വിഷയം വിവരിച്ചു തരികയും ചെയ്യുന്നു. പരിസ്ഥിതിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് നിലവിലുള്ള ശാസ്ത്രീയമായ അറിവുകളുടെ വെളിച്ചത്തിലും, ബൈബിളിന്‍റെയും യഹൂദ-ക്രൈസ്തവ സംസ്ക്കാരങ്ങളുടെ പശ്ചാത്തലത്തിലും മനസ്സിലാക്കിക്കൊണ്ടാണ് ആരംഭിക്കുന്നത് (അദ്ധ്യ. 2), പിന്നെ പ്രശ്നങ്ങളുടെ അടിവേരു കണ്ടെത്തിയശേഷം (അദ്ധ്യ.3) അമിതമായ സാങ്കേതിക ആധിപത്യത്തിലേയ്ക്ക് എപ്രകാരം ഇന്ന് മനുഷ്യന്‍ പിന്‍വലിയുന്നുവെന്നും വിവരിക്കുന്നുണ്ട്. ജീവിത പരിസരങ്ങളില്‍നിന്ന് അവിഭക്തനായ മനുഷ്യനെയും അവന്‍റെ സാമൂഹ്യതലങ്ങളെയും (137) മനസ്സിലാക്കുന്ന ‘സമഗ്രമായൊരു പരിസ്ഥിതിയാണ് ചാക്രികലേഖനം നിര്‍ദ്ദേശിക്കുന്നത് (അദ്ധ്യ.4). ഈ കാഴ്ചപ്പാടിലാണ് ജീവിതത്തിന്‍റെ സമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ തലങ്ങളെക്കുറിച്ചുള്ള (അദ്ധ്യ. 5), മനഃസാക്ഷിയില്‍ കേന്ദ്രീകൃതവും രൂപീകൃതവുമായ, സത്യസന്ധവും സുതാര്യവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പാരിസ്ഥിതിക സംവാദം നടത്തുന്നതിന് പാപ്പാ ഫ്രാന്‍സിസ് പരിശ്രമിക്കുന്നത് (അദ്ധ്യ.6). കൂടാതെ ഈ മേഖലയില്‍ നിര്‍ദ്ദേശിക്കുന്ന ആശയങ്ങള്‍ വൈജ്ഞാനികവും, ആദ്ധ്യാത്മികവും, ദൈവശാസ്ത്രപരവും ആയിരിക്കണമെന്നും പാപ്പാ ഫ്രാന്‍സിസ് നിഷ്ക്കര്‍ഷിക്കുന്നു. ഈ ഭാഗം അവസാനിക്കുന്നത് രണ്ടു പ്രാര്‍ത്ഥനകളോടെയാണ്, പിതാവും സ്രഷ്ടാവുമായ ദൈവത്തില്‍ വിശ്വസിക്കുന്ന സകലരുമായും, ക്രിസ്തുവിലുള്ള വിശ്വാസം പ്രഘോഷിക്കുന്നവരുമായും ഈ ആശയം പങ്കുവയ്ക്കുവാനുമുള്ള പ്രാര്‍ത്ഥനയോടെയാണ് ചാക്രിക ലേഖനം തുടങ്ങുന്നതും സമാപിക്കുന്നതും.

ആമുഖം അവസാനിക്കുന്നത് പ്രതിപാദ്യ വിഷയത്തിന്‍റെ വിലപ്പെട്ടതും വൈവിധ്യമാര്‍ന്നതുമായ ചിന്തകളോടെയാണ്:  ഭൂമിയിലെ പാവങ്ങളും എളിയവരുമായുള്ള ബന്ധം, ഈ പ്രപഞ്ചത്തിലെ സകലതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, സാങ്കേതികതയുടെ അധിനിവേശത്തോടും നവമായ അധികാര പ്രമത്തതയ്ക്ക് എതിരായ വിമര്‍ശനം, സമ്പത്തിനെയും വികസനത്തെയും വ്യത്യസ്തമായി മനസ്സിലാക്കുവാനുള്ള കരുത്ത്, സൃഷ്ടിയുടെ മാഹാത്മ്യം, പരിസ്ഥിതിയുടെ മാനുഷികമായ കാഴ്ചപ്പാട്, വലിച്ചെറിയല്‍ സംസ്ക്കാരത്തെ വിമര്‍ശിക്കുവാനുള്ള ഗൗരവപൂര്‍വ്വമായ ഉത്തരവാദിത്വവും പുതിയ ജീവിതശൈലിയും (16).

ഒന്നാം അദ്ധ്യായം

ഭൂമിയില്‍ എന്താണ് സംഭവിക്കുന്നത്?

സമകാലീന ശാസ്ത്രീയ കണ്ടുപിടുത്തങ്ങളടെ പശ്ചാത്തലത്തില്‍ പരിസ്ഥിതിയെ വിലയിരുത്തുകയും, സൃഷ്ടിയുടെ കരച്ചില്‍ കേള്‍ക്കുകയും ചെയ്യുന്നു. പാരിസ്ഥിതികമായ മനുഷ്യന്‍റെ യാതനകള്‍ ഇല്ലാതാക്കുവാന്‍ എന്തു ചെയ്യുവാനാകുമെന്ന ചോദ്യം ഉന്നയിക്കുന്നു.

കാലാവസ്ഥ വ്യതിയാനം

പാരിസ്ഥിതികമായ എറെ പ്രത്യാഘാതങ്ങളും വെല്ലുവിളികളും ഉയര്‍ത്തുന്ന ആഗോളപ്രതിഭാസവും പ്രശ്നവുമാണിത്. അത് സാമൂഹ്യവും സാമ്പത്തികവുമായ മേഖലകളെ എന്നപോലെതന്നെ മനുഷ്യന്‍റെ ജീവിതത്തിന്‍റെ ഇതര തലങ്ങളെയും ബാധിക്കുന്നതിനാല്‍ ഇന്ന് മനുഷ്യകുലം നേരിടുന്ന  വലിയ വെല്ലുവിളിയാണിത് (25). ഇതിന്‍റെ വിപരീതാത്മകമായ ഫലം ഏറ്റവും അധികം അനുഭവിക്കുന്നത് പാവങ്ങളാണ്. അവരുടെ കുറ്റംകൊണ്ടല്ലാതെ അവര്‍ അനുഭവിക്കേണ്ടിവരുന്ന ക്ലേശങ്ങള്‍! എന്നാല്‍ പ്രകൃതിയുടെ ഉഭയസാദ്ധ്യതകളെ ഒതുക്കിവയ്ക്കുകയും സാമ്പത്തിക രാഷ്ട്രീയ മേഖലകളിലൂടെ അവയെ നിയന്ത്രിക്കുകയും ചെയ്യുന്നവര്‍ പ്രശ്നങ്ങളെ അവഗണിക്കുകയോ മറച്ചുവയ്ക്കുകയോ ചെയ്യുന്നു (26).  

ഈ സാമൂഹ്യ ചുറ്റുപാടിനോടും നമ്മുടെ സഹോദരങ്ങളോടും, വിശിഷ്യാ പാവങ്ങളോടും കാണിക്കുന്ന അവഗണന ഏതൊരു സമൂഹത്തെയും നാശത്തിലാഴ്ത്താവുന്ന സമൂഹ്യ ഉത്തരവാദിത്വമില്ലായ്മയാണ് (25).                                                                                                                                    

ജലദൗര്‍ലഭ്യം

കുടിവെള്ളം അടിസ്ഥാന മനുഷ്യാവകാശമാണെന്നും, മൗലികമായും മനുഷ്യകുലത്തിന്‍റെ നിലനില്പിനും സഹവര്‍ത്തിത്വത്തിനും അനിവാര്യമായ അവകാശമാണതെന്നും പാപ്പാ വ്യക്തമായി പ്രസ്താവിക്കുന്നു. അതുപോലെ പാവങ്ങളായവര്‍ക്ക് ജലം നിഷേധിക്കുന്നത് ജീവന്‍ നിഷേധിക്കുന്നതിന് തുല്യമാണെന്നും, അത് മനുഷ്യാന്തസ്സില്‍ അധിഷ്ഠിതമാണെന്നും പാപ്പാ സമര്‍ത്ഥിക്കുന്നു (30).

ലോകത്തു സംഭവിക്കുന്ന വംശനാശം

ഭൂമുഖത്തുനിന്നും അനുവര്‍ഷം സസ്യങ്ങളുടെയും ജന്തുക്കളുടെയും ആയിരക്കണക്കിന് ഇനങ്ങളാണ് അപ്രത്യക്ഷമാകുന്നത്. വരും തലമുറയ്ക്ക് അവയൊന്നു കാണുവാനോ, മനസ്സിലാക്കുവാനോ സാധിക്കുമെന്നു തോന്നുന്നില്ല (33). അവ സംരക്ഷിക്കപ്പെടേണ്ടതാണ്. കാരണം ഭൂമിയുടെ മതിപ്പുള്ള ഉഭയസാധ്യതകളാണവ. സാമ്പത്തിക നേട്ടത്തിന്‍റെയും, ഉപഭോഗ സംസ്ക്കാരത്തിന്‍റെയും ഭാഗമായി മനുഷ്യന്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് വംശനാശത്തിന്‍റെ പാതയില്‍ ഭൂമിയുടെ സമൃദ്ധിയെയും മനോഹാരിതയെയും നശിപ്പിക്കുന്നതെന്ന് മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ സൃഷ്ടിയുടെ പരിചരണത്തിന്‍റെ പാതിയില്‍ മനുഷ്യനിര്‍മ്മിതമായ പ്രശ്നങ്ങള്‍ പരിഹരിച്ച് ഭൂമിയെ സംരക്ഷിക്കുവാനുള്ള ശാസ്ത്രജ്ഞന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും പരിശ്രമങ്ങള്‍ ആദരിക്കേണ്ടതാണ്. (34).

പാരിസ്ഥിതിക ബാധ്യത

അന്തര്‍ദേശിയ ബന്ധങ്ങളുടെ ധാര്‍മ്മിക ക്രമത്തില്‍, പ്രത്യേകിച്ച് ഉത്തര-ദക്ഷിണ ധ്രൂവങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ പാരിസ്ഥിതികമായ ബാധ്യതയും കടപ്പാടും മനുഷ്യനുണ്ടെന്ന് ചാക്രികലേഖനം ചൂണ്ടിക്കാട്ടുന്നു (51). കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വെളിച്ചത്തില്‍ വര്‍ദ്ധിച്ചതും വൈവിധ്യാമാര്‍ന്നതുമായ ഉത്തരവാദിത്വങ്ങളാണ് നമുക്കുള്ളത്, വിശിഷ്യാ വികസിത രാജ്യങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മാറ്റാരെയുംകാള്‍ ഇന്ന് അധികമായിരിക്കും.

ഇന്നിന്‍റെ പാരിസ്ഥിതികമായ വൈരുദ്ധ്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ലോകത്തുണ്ടുകുന്ന സമകാലീന പ്രതിസന്ധികളുടെ വെളിച്ചത്തില്‍ ബലഹീനരോടും പീ‍ഡിതരോടും പരിത്യക്തരായ ജനങ്ങളോടും പൊതുവെ സമൂഹം കാണിക്കുന്ന പ്രതികരണം നിഷേധാത്മകമാണെന്നു മനസ്സിലാക്കി പാപ്പാ ഫ്രാന്‍സിസ് ആകുലപ്പെടുന്നുണ്ട്. ക്രിയാത്മകമായ പ്രതികരണങ്ങള്‍ ഇല്ലെന്നു മാത്രമല്ല, (58) ഏറെ നിസംഗഭാവവും, ഉത്തരവാദിത്വമില്ലായ്മയുമാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത് (59) എന്നാല്‍ ഈ മേഖലയില്‍ പരിസ്ഥിതിതെ സംരക്ഷിക്കുന്നതിന് ഏറെ അടിയന്തിരമായ ക്രമീകരണ-നിയന്ത്രണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ് (53).

രണ്ടാം അദ്ധ്യായം

സൃഷ്ടിയുടെ സുവിശേഷം

മുന്‍അദ്ധ്യായങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള പാരിസ്ഥിതികമായ പ്രതിസന്ധികളെ നേരിടുന്നതിന് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ ഗ്രന്ഥത്തിലെ സംഭവങ്ങളുടെയും ക്രൈസ്തവ-യഹൂദ പാരമ്പര്യങ്ങളെയും സമഗ്രമായി പ്രതിപാദിക്കുകയും, പരിസ്ഥിതി സംരക്ഷണത്തില്‍ മനുഷ്യര്‍ക്ക് പ്രപഞ്ചത്തോടുള്ള  വലിയ ഉത്തരവാദിത്വത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്യുന്നു. (90). സൃഷ്ടിയും മനുഷ്യനും തമ്മില്‍ ഗാഢമായ ബന്ധമുണ്ട്. പരിസ്ഥിതി മാനവകുലത്തിന്‍റെ പൊതുവായ പൈതൃകമാണ്. അതിനാല്‍ സകലരും അതിന്‍റെ പരിരക്ഷണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെ‌ടുക്കേണ്ടതുമാണെന്ന് ഉദ്ബോധിപ്പിക്കുന്നു (95).

വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കുന്നതുപോലെ, ഈ പ്രപഞ്ചത്തെ സ്വതന്ത്രമാക്കുകയും, രക്ഷിക്കുകയും ചെയ്ത ദൈവംതന്നെയാണ് അതിനെ സൃഷ്ടിച്ചത്..... അവിടുന്നില്‍ ശക്തിയും സ്നേഹവും സമന്വയിക്കപ്പെട്ടിരിക്കുന്നു (73). മനുഷ്യര്‍ പരസ്പരവും മറ്റു സൃഷ്ടവസ്തുക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സൃഷ്ടിയുടെ കഥയ്ക്ക് കേന്ദ്രസ്ഥാനവും പ്രാമുഖ്യവുമുണ്ട്. അതിനാല്‍ മനുഷ്യന്‍റെ തിന്മയും അതിക്രമങ്ങളും സൃഷ്ടിയുടെ സമഗ്രതയെ നശിപ്പിക്കുന്നു: മറ്റു ബൈബിള്‍ കഥകള്‍ പറയുന്നതുപോലെ ഈ ബന്ധം വിച്ഛേദിക്കപ്പെടുന്നത് ബാഹ്യമായി മാത്രമല്ല ആന്തരികമായി ദൈവവുമായുമുള്ള ബന്ധം അറ്റുപോകുമ്പോഴാണ്. ഈ മുറിപ്പെടലിനു കാരണം മനുഷ്യന്‍റെ പാപവുമാണ് (66).

അതിനാല്‍ ക്രൈസ്തവര്‍ ചിലപ്പോഴെങ്കിലും തിരുവചനത്തിന് തെറ്റായ വ്യാഖ്യാനം നല്കിയിട്ടുണ്ട്. ദൈവത്തി‍ന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍ മനുഷ്യരായ നമുക്ക് സൃഷ്ടിയുടെമേല്‍ ആധിപത്യമുണ്ടെന്ന ധാരണയാണ് അതിലൊന്ന്. അത് തെറ്റുമാണ്. മനുഷ്യന് സൃഷ്ടിയുടെമേല്‍ പരിപൂര്‍ണ്ണ ആധിപത്യം ഉണ്ടെന്നുമുള്ള ധാരണ ചിലപ്പോഴെങ്കിലും മനുഷ്യമനസ്സുകളില്‍ മുന്തിനില്ക്കാറുമുണ്ട് (67). എന്നാല്‍ ഭൂമിയാകുന്ന ഈ പൂന്തോട്ടത്തെ സൂക്ഷിച്ചു പാലിക്കുവാനുള്ള ഉത്തരവാദിത്വമാണ് മനുഷ്യനുള്ളത്. മറ്റു ജീവജാലങ്ങളുടെ പരമമായ ലക്ഷൃം മനുഷ്യനല്ല എന്നും മനസ്സിലാക്കണം, എന്നാല്‍‍ നമ്മോടൊത്തും, നമ്മിലൂടെയും ദൈവമാകുന്ന പരമായ ലക്ഷൃത്തിലേയ്ക്ക് ഭൂമിയിലെ സകലതും ചരിക്കേണ്ടതുണ്ട് (83) എന്ന് നാം മനസ്സിലാക്കണം.

മനുഷ്യന്‍ ഭൂമിയുടെ അതിനാഥനല്ല എന്ന ചിന്ത അവനെ മറ്റു ജീവജാലങ്ങള്‍ക്കു തുല്യനാക്കുകയോ, സൃഷ്ടിയിലുള്ള അവന്‍റെ അന്യൂനമായ സ്ഥാനം നഷ്ടമാക്കുകയോ ചെയ്യുന്നില്ല. അതുപോലെ മനുഷ്യനെ അത് ദൈവികഭാവമുള്ളവനോ, ദൈവതുല്യനോ ആക്കുന്നുമില്ല. ഇങ്ങിനെ തെറ്റായൊരു മനോഭാവം വളര്‍ന്നാല്‍ സ്രഷ്ടാവായ ദൈവത്തോടു സഹകരിച്ചു ഭൂമിയുടെ ലോലതയെ സംരക്ഷിക്കുവാനുള്ള മനുഷ്യന്‍റെ വിളിയും ഉത്തരവാദിത്വവും ലഘൂകരിക്കപ്പെടുവാന്‍ ഇടയുണ്ട് (90).

ഇക്കാരണത്താല്‍ സൃഷ്ടവസ്തുക്കളോടും ജീവികളോടും നാം കാണിക്കുന്ന ഏതൊരു തരത്തിലുള്ള ക്രൂരതയും മനുഷ്യാന്തസ്സിനു വിരുദ്ധമാണ് (92), എന്നിരുന്നാലും, നമ്മുടെ ഉള്ളിന്‍റെ ഉള്ളില്‍ കരുണ്യത്തിന്‍റെ സഹാനുഭാവത്തിന്‍റെയും ലോലമായ മനോഭാവം ഇല്ലെങ്കില്‍ പ്രകൃതിയോട് യഥാര്‍ത്ഥമായ ഐക്യദാര്‍ഢ്യം ആര്‍ജ്ജിക്കുവാന്‍ സാദ്ധ്യമല്ല (91). പ്രാപഞ്ചിക കൂട്ടായ്മയുടെ മനോഭാവമാണ് നമുക്ക് ആവശ്യം:  അതായത് നാമെല്ലാവരും ഒരേ പിതാവിന്‍റെ മക്കളാണ്. അദൃശ്യമായ ചില കണ്ണികളാല്‍ ഈ പ്രപഞ്ചത്തിലെ സകലതും വിശുദ്ധിയിലും സ്നേഹത്തിലും പരസ്പര ആദരവിലും ഒരു കുടുംബം പോലെയാണ് (89).

ക്രിസ്തീയ വെളിപാടിന്‍റെ കാതലായ സന്ദേശത്തോടെയാണ് അദ്ധ്യായം അവസാനിക്കുന്നത്: മനുഷ്യരോടൊത്തു വസിച്ച ക്രിസ്തു ഈ ലോകത്തോടുള്ള പ്രകടവും പ്രത്യക്ഷവുമായ സ്നേഹത്താല്‍, മഹത്വത്തോടെ ഉത്ഥാനം ചെയ്യുകയും, അവിടുത്തെ സാര്‍വ്വലൗകികമായ ആധിപത്യത്താല്‍ ഈ വിശ്വം മുഴുവന്‍ അവിടുന്ന് നിറഞ്ഞുനില്കുകയും ചെയ്യുന്നു.
 

മൂന്നാം അദ്ധ്യായം

പാരിസ്ഥിതിക പ്രശ്നങ്ങളുടെ മാനുഷികമൂലം

മൂന്നാം അദ്ധ്യായത്തില്‍ സമകാലീന ലോകത്തെ പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുന്നത് – പാരിസ്ഥിതിക പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ പഠിക്കുകയല്ല, (15) തത്വശാസ്ത്രത്തിന്‍റെയും ഇതര മാനവിക ശാസ്ത്രങ്ങളുടെയും ഗഹനവും വിവിധങ്ങളായ കാരണങ്ങളുടെ വെളിച്ചത്തില്‍ അനുവാചകരോട് അവയെക്കുറിച്ച് സംവദിക്കുകയാണ്.

മുഖവുരയായി സാങ്കേതികതയെക്കുറിച്ചുള്ള ധ്യാനമാണ്. മനുഷ്യന്‍റെ ജീവിത പരിസരങ്ങളെ മെച്ചപ്പെടുത്തുന്നതില്‍ വിവരസാങ്കേതികത നല്കിയിട്ടുള്ള വലിയ സംഭവനകളെ നന്ദിയോടെ ഓര്‍ക്കുന്നു. എങ്ങനെ ആയിരുന്നാലും, അത് അറിവുള്ളവര്‍ക്ക് വിശിഷ്യാ അതിന്‍റെ സാമ്പത്തിക ഉഭയസാദ്ധ്യതകള്‍ ഉപയോഗിക്കുന്നതിനും, മാനവകുലത്തിന്മേലും ലോകം മുഴുവിലും വളരെ ശക്തമായ ആധിപത്യം വളര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട് (104). പ്രകൃതി വിനാശത്തിനും ജനങ്ങളുടെ ചൂഷണത്തിനും, വിശിഷ്യ വളരെ പാവങ്ങളായവരുടെ ചൂഷണത്തിന് അവ ഉപയോഗപ്പെടുത്തുന്നത്, സാങ്കേതിക വൈദഗ്ദ്ധ്യത്തിന്‍റെ അഹന്തയാണ്. അതുപോലെ സാമ്പത്തിക വ്യവസ്ഥിതിയെയും രാഷ്ട്രീയ ജീവിതത്തെയും സാങ്കേതിക മികവ് ഏറെ കീഴടക്കിക്കൊണ്ട് (109) സമഗ്രമായ മാനവപുരോഗതിയോ സാമൂഹ്യ ഉള്‍ച്ചേരലോ (inclusion) സ്വമേധയാ ഉറപ്പുവരുത്തുവാന്‍ കമ്പോളത്തിന് ആവില്ലെന്നും ആക്കിത്തീര്‍ക്കുന്നുണ്ട് (109).

മനുഷ്യകേന്ദ്രീകൃതമായ അമിത വളര്‍ച്ചയും പുരോഗതിയുമാണ് ആധുനികതയുടെ സവിശേഷത (116): ലോകാവസ്ഥയെ പരിഗണിച്ചുകൊണ്ട് അതിന്‍റെ സുസ്ഥിതിയുടെ മാത്രം പശ്ചാത്തലത്തിലും മനുഷ്യര്‍ ഒരിക്കലും ശരിയായ സ്ഥാനം കാണുകയില്ല. ഇവിടെ മനുഷ്യന്‍ അവരുടെ നേട്ടങ്ങളെയും ശക്തിയെയും മാത്രം ആശ്രയിച്ചു ജീവിക്കുന്നു. ഇതൊരു ‘ഉപയോഗിച്ചു കഴിഞ്ഞ് വലിച്ചെറിയുന്ന രീതി’യും ‘വലിച്ചെറിയല്‍ സംസ്ക്കാര’വും ലോകത്ത് സൃഷ്ടിക്കും. ഇത് എല്ലാത്തരം പാരിസ്ഥികതികവും മാനുഷികവുമായ ധൂര്‍ത്തിനെയും ന്യായീകരിക്കുന്ന യുക്തിയായി പരിണമിക്കു. മനുഷ്യനെയും പ്രകൃതിയെയും വെറും വസ്തുക്കളായി മാത്രം കാണുകയും, ആധിപത്യത്തിന്‍റെയും (സര്‍വ്വാധീശത്തിന്‍റെയും) ബൃഹത്തായ സാമ്രാജ്യം സൃഷ്ടിക്കാമെന്ന മോഹം വളര്‍ത്തുകയും ചെയ്യും.

കുട്ടികളുടെ പീ‍ഡനം, വയോജനങ്ങളുടെ തിരസ്ക്കരണം, വിവിധ തരത്തിലുള്ള അടിമത്വം, മനുഷ്യക്കടത്ത്, മാതാപിതാക്കളുടെ സ്വാര്‍ത്ഥമായ തിരഞ്ഞെടുപ്പിന് ഇണങ്ങാത്ത അജാതശിശുക്കളുടെ തിരസ്ക്കരണം, കുരുതിപ്പണം അല്ലെങ്കില്‍ കോഴപ്പണം, വംശനാശത്തോളമെത്തുന്ന മൃഗവേട്ട, കമ്പോളത്തിന്‍റെ കഴിവിലുള്ള അമിത വിശ്വാസം, എന്നിങ്ങനെയുള്ള മനഃസ്ഥിതികള്‍ ഇന്ന് മനുഷ്യനെ തിന്മയിലേയ്ക്കു നയിക്കുന്നു. മനുഷ്യാവയവങ്ങളുടെയും, മയക്കുമരുന്നിന്‍റെയും കടത്തില്‍ വ്യാപൃതമായിരിക്കുന്ന ധാരാളം അധോലോക സംഘങ്ങളുടെ മനഃസ്ഥിതിയും ഇതുതന്നെയാണ് വെളിപ്പെടുത്തുന്നത് (123).

ഈ വെളിച്ചത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനം ലോകത്തുള്ള രണ്ടു പ്രധാനപ്പെട്ട പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. എറ്റവും ആദ്യം തൊഴില്‍ : പരിസ്ഥിതിയോട് സമഗ്രമായൊരു നിലപാട് കൈക്കൊള്ളുന്നതും, എന്നാല്‍ അതില്‍നിന്നും മനുഷ്യനെ ഒഴിവാക്കാത്തതും നിര്‍വചിതവുമായ പദ്ധതി തൊഴിലിന്‍റെ മൂല്യം പരിഗണിക്കുന്നതാണ്. കാരണം ഹ്രസ്വകാല സാമ്പത്തിക നേട്ടം കൊയ്തെടുക്കുന്നതും മനുഷ്യരെ അവഗണിക്കുന്നതുമായ തൊഴില്‍-വ്യവസായ സംവിധാനങ്ങള്‍ തീര്‍ച്ചയായും സമൂഹത്തിന് ദോഷകരമാണ് (128). രണ്ടാമത്തെ പ്രശ്നം, ഉത്ഭവത്തില്‍ ക്രമപ്പെടുത്തപ്പെടുന്ന ജീവജാലങ്ങളെയും സസ്യജാലങ്ങളെയും സംബന്ധിക്കുന്നതും (Genetically Modified Organisms) അവയുടെ പരിമിതമായ ശാസ്ത്രീയ പുരോഗതിയെക്കുറിച്ചുമുള്ള വസ്തുതയാണ്. ഇത് ഏറെ സങ്കീര്‍ണ്ണമായ പാരിസ്ഥിതിക പ്രശ്നവുമാണ് (135). ചിലസ്ഥലങ്ങളില്‍ ജീവജാലങ്ങളിലുള്ള ശാസ്ത്രീയയും കൃത്രിമവുമായ മാറ്റങ്ങള്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുകയും താല്ക്കാലിക പ്രശ്ന പരിഹാരമാവുകയും ചെയ്തിട്ടുണ്ട്. എങ്കില്‍ത്തന്നെയും തള്ളിക്കളയാനാവാത്ത ഏതാനും പ്രശ്നങ്ങള്‍ ഇന്നും ഇതുസംബന്ധിച്ച് നിലനില്ക്കുന്നുമുണ്ട് (134).

അങ്ങനെ ഉല്പാദന ശേഷിയുള്ള ഭൂമി ഏതാനും ചിലരുടെ കുത്തകയായി മാറുന്നു (134). എന്നാല്‍ പാപ്പാ ഫ്രാന്‍സിസ് വിലമതിക്കുന്നത് ചെറുകിട ഉല്‍പാദകരെയും, ഗ്രാമീണ തൊഴിലാളികളെയും, കര്‍ഷകരെയും ജൈവ വൈവിധ്യങ്ങളുള്ള പാരിസ്ഥിതിക ശൃംഖലകളെയുമാണ്. അതിനാല്‍ സ്വതന്ത്രമായ രീതിയിലും, എന്നാല്‍ വിവിധങ്ങളായ വിഷയങ്ങളുടെ പഠനങ്ങളിലും ഊന്നിക്കൊണ്ട്, സകല അറിവും ഉള്‍ച്ചേര്‍ത്തും അവയെ പരിഗണിച്ചും, വളരെ വിശാലവും ഉത്തരവാദിത്വ പൂര്‍ണ്ണവുമായ ശാസ്ത്രീയ, സാമൂഹ്യ സംവാദവും പരസ്പര ബന്ധമുള്ള പഠനവും (Interdisciplinary studies) ക്രിയാത്മകമായി അവയില്‍നിന്നും യാഥാര്‍ത്ഥ്യമാകണമെന്നും ഉതിര്‍ക്കൊള്ളണമെന്നും പാപ്പാ ആഗ്രഹിക്കുന്നുണ്ട് (135).

അദ്ധ്യായം നാല്

സമഗ്രമായ ജീവിതപരിസരം

പാപ്പായുടെ പ്രബോധനത്തിന്‍റെ ശ്രേഷ്ഠതയും അത് ഉദ്ദേശിക്കുന്ന സമഗ്രമായ പരിസ്ഥിതിയും നീതിനിഷ്ഠമായൊരു ജീവിത പരിസരമാണ്. അത് ലോകത്തുള്ള മനുഷ്യന്‍റെ അന്യൂനതയെയും അവനും അവള്‍ക്കും ചുറ്റുപാടുമായുള്ള ബന്ധത്തെയും മാനിക്കുന്നതുമാണ് (15). പ്രകൃതിയെ മനുഷ്യരില്‍നിന്നും വേര്‍പെട്ടു കാണുന്നതും, നാം ജീവിക്കുന്നതുമായ ചുറ്റുപാടു മാത്രമായും അതിനെ അംഗീകരിച്ചാല്‍ പോരാ (139). സമ്പദ് വ്യവസ്ഥയിലും, രാഷ്ട്രീയത്തിലും, ക്ലേശിക്കുന്ന സാംസ്ക്കാരിക സമൂഹങ്ങളിലും, എന്തിന് ജീവിതത്തിന്‍റെ ഓരോ നിമിഷവും ഈ സംജ്ഞ യാഥാര്‍ത്ഥവും പ്രസക്തവുമാണ്. അത്രത്തോളം മനുഷ്യര്‍ ജീവിത പരിസരവുമായി ബന്ധപ്പെട്ടു കിടക്കുകയാണ്.

പരിസ്ഥിതിയെക്കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടാണ് സമൂഹ്യസ്ഥാപനങ്ങളെ സജീവമാക്കുന്നത്. കാരണം പ്രപഞ്ചത്തിലെ സകലതും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സ്ഥാപനങ്ങളുടെ ആരോഗ്യപരമായ അവസ്ഥ പരിസ്ഥിതിയെയും മനുഷ്യജീവിതത്തിന്‍റെ മേന്മയെയും നന്മയെയും ബാധിക്കും. ഐക്യദാര്‍ഢ്യത്തിന്‍റെയും സാമൂഹ്യസൗഹൃദത്തിന്‍റെയും നിഷേധം അതിനാല്‍ തീര്‍ച്ചയായും പരിസ്ഥിതിയെ തകര്‍ക്കുകയും ചെയ്യും (142).

പാരിസ്ഥിതികമായ പ്രശ്നങ്ങള്‍ മനുഷ്യന്‍റെ തൊഴില്‍, കുടുംബം, ജീവിതപരിസരം, എന്നിവയുമായി ഇടപിണഞ്ഞു കിടക്കുന്നവയാകയാല്‍ അവ വ്യക്തികളില്‍നിന്നും വേറിട്ടു കാണാവുന്നതല്ലെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സ്ഥിരമായ കാഴ്ചപ്പാട് വളരെ പച്ചയായ ഉദാഹരണങ്ങളിലൂ‍ടെ ചാക്രികലേഖനത്തില്‍ വ്യക്തമാക്കപ്പെടുന്നുണ്ട് (141). അതിനാല്‍ പാരിസ്ഥിതികവും സാമൂഹ്യവുമായ രണ്ടു പ്രശ്നങ്ങളല്ല നാം നേരിടുന്നത്, മറിച്ച് സങ്കീര്‍ണ്ണമായ സാമൂഹ്യ പരിസ്ഥിതിയുടെ പൊതുവായ ഒരു പ്രതിസന്ധിയാണെന്നും പാപ്പാ സ്ഥാപിക്കുന്നു (139).

മനുഷ്യന്‍റെ പൊതുനന്മയുടെ കാഴ്ചപ്പാടില്‍നിന്നും പരിസ്ഥിതിയെ മാറ്റി നിര്‍ത്താവുന്നതല്ല, സമഗ്രവും പ്രായോഗികവുമായ വിധിത്തില്‍ അതിനെ വീക്ഷിക്കേണ്ടതാണ്. ഇന്നിന്‍റെ സാഹചര്യത്തില്‍ മനുഷ്യാവകാശം നിഷേധിക്കപ്പെടുകയും പരിത്യക്തരാവുകയും പാര്‍ശ്വവത്ക്കരിക്കപ്പെടുകയും ചെയ്യുന്നവര്‍ നിരവധിയാണ് (158), അതിനാല്‍ പൊതുനന്മയ്ക്കായ് സമര്‍പ്പിക്കുക എന്നു പറഞ്ഞാല്‍, ഐക്യദാര്‍ഢ്യത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ജീവിത തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതും, പാവങ്ങളായ സഹോദരങ്ങളോട് പ്രത്യേക സ്നേഹവും പരിഗണനയും ഉണ്ടായിരിക്കുന്നതുമാണ് (158). ഭാവി തലമുറയ്ക്ക് ഉതകുന്ന സുസ്ഥിരമായൊരു ലോക നിര്‍മ്മിതിക്കുള്ള മാര്‍ഗ്ഗവും ഇതുതന്നെയാണ്. സത്യം പറഞ്ഞതുകൊണ്ടു മാത്രമായില്ല, നമ്മെത്തന്നെ സഹോദരങ്ങള്‍ക്കായി, വിശിഷ്യാ പാവങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതിലാണ് ജീവിതത്തിന്‍റെ സമഗ്രത അടങ്ങിയിരിക്കുന്നത്. പാപ്പാ ബന‍ഡിക്ട് വ്യക്തമായ ഭാഷയില്‍ ഇക്കാര്യം പറഞ്ഞുവച്ചിട്ടുണ്ട്. വിവിധ തലമുറകള്‍ തമ്മില്‍ ഉണ്ടാകേണ്ട ന്യായമായ ഐക്യാദാര്‍ഢ്യഭാവത്തിനും മീതെ, തലമുറകള്‍ തമ്മിലുള്ള അതിലേറെ നവമായൊരു ധാര്‍മ്മിക ഐക്യദാര്‍ഢ്യത്തിന്‍റെ മനോഭാവം അനിവാര്യമാണ് (162).

സമഗ്രമായ പരിസ്ഥിതി സംവിധാനം അനുദിന ജീവിതത്തിന്‍റെ ആവശ്യമാണ്. ചാക്രിക ലേഖനം നഗര ജീവിത ചുറ്റുപാടിനും പ്രത്യേക ശ്രദ്ധ നല്കുന്നുണ്ട്. ക്രമക്കേടുകളുടെയും പരിസ്ഥിത്ഥിക പരിമിതികളുടെയും അനിശ്ചിതത്വത്തില്‍ മനുഷ്യന്‍ വളരെ ക്രിയാത്മകമായ ഔദാര്യത്തോടും ക്ഷമയോടുകൂടെ ജീവിക്കുവാന്‍ പരിശ്രമിക്കേണ്ടതുണ്ട് (148). എങ്കില്‍ത്തന്നെയും, പൊതുസ്ഥലങ്ങള്‍, ഭവന സൗകര്യങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ പാര്‍ക്കുകള്‍, ഗതാഗതം, മരാമത്ത് എന്നീ മേഖലകളിലും യഥാര്‍ത്ഥമായ വികസനത്തി‍ന്‍റെ പാതയിലും ഇനിയും മനുഷ്യന്‍റെ ജീവിതചുറ്റുപാടുകള്‍ മെച്ചപ്പെടേണ്ടിയിരിക്കുന്നു. (150-154).

പരിസ്ഥിതിയുടെ പശ്ചാത്തലത്തില്‍ ലോകം ദൈവത്തിന്‍റെ ദാനമായി സ്വീകരിക്കുന്ന മനോഭാവത്തിന് ഏറെ പ്രസക്തിയുണ്ട്. എങ്കില്‍ ഈ ലോകം നമ്മുടെ പൊതുഭവനവും ദൈവം സകലരുടെയും പിതാവുമായിത്തീരുന്നു. മറിച്ച് ലോകത്തിന്‍റെയും ശരീരത്തിന്‍റെയും പൂര്‍ണ്ണനിയന്ത്രണം മനുഷ്യനില്‍ നിക്ഷിപ്തമാണെന്നു ചിന്തിക്കുന്തോറും സൃഷ്ടിയുടെ മേല്‍ നാം സ്വാര്‍ത്ഥമായ ആധിപത്യം ചുമത്താനും ഇടയാക്കുകയാണ്. (155).

അദ്ധ്യായം അ‍ഞ്ച്

പരിസ്ഥിതിയോടുള്ള സമീപനരീതിയും പ്രവര്‍ത്തനങ്ങളും

പരിസ്ഥിതിയുടെ മേഖലയില്‍ നമുക്ക് എന്തു ചെയ്യാനാകും എന്നാണ് ഈ അദ്ധ്യായം വിവരിക്കുന്നത്. അപഗ്രഥനങ്ങള്‍ മാത്രം പോരാ! സംവാദവും പ്രവൃത്തിയും യാഥാര്‍ത്ഥ്യമാക്കുവാന്‍ നമുക്ക് അന്താരാഷ്ട്ര സമൂഹത്തിന്‍റെ പ്രായോഗിക നയങ്ങള്‍ക്കൊപ്പം വ്യക്തികള്‍ ഉണര്‍ന്നും സഹകരിച്ചും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു (15). ഇന്നു ലോകത്തെ വലയംചെയ്തിരിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ആത്മവിനാശത്തിന്‍റെ സര്‍പ്പിളി വലയത്തില്‍നിന്നും രക്ഷനേടുവാന്‍ ഒരു ആഗോളവീക്ഷണം നമുക്ക് ആവശ്യമാണ് (163).  ഈ മേഖലയിലെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ആശയപരമായും, ഉപരിപ്ലവമായും ലഘൂകരിക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ് നിഷ്ക്കര്‍ഷിക്കുന്നുണ്ട്. ഇതിന് സംവാദത്തന്‍റെ പാത വേണമെന്ന് പാപ്പാ ശഠിക്കുന്നത് ചാക്രികലേഖനത്തിന്‍റെ അദ്ധ്യായങ്ങളില്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളില്‍ വ്യാപകമായ ഐകരൂപ്യം ലഭിക്കാത്ത തലങ്ങളും ഉണ്ട്. അവയ്ക്ക് ഉടനെ ശാസ്ത്രീയമോ രാഷ്ട്രീയമോ ആയ പോംവഴികള്‍ സഭ നിര്‍ദ്ദേശിക്കുന്നില്ല. എന്നാല്‍ സത്യസന്ധവും സുതാര്യവുമായ സംവാദം പ്രോത്സാഹിപ്പിക്കണമെന്നും, അതുവഴി പ്രത്യേക താല്പര്യങ്ങളും ആശയങ്ങളും പൊതുനന്മയെ മറച്ചു കളയാതിരിക്കുവാനും ശ്രദ്ധിക്കണമെന്നും പാപ്പാ പ്രത്യേകം അനുസ്മരിപ്പിക്കുന്നുണ്ട് (188).

ഇതിന്‍റെ അടിസ്ഥാനത്തില്‍ പാരിസ്ഥിതികമായ അന്താരാഷ്ട്ര നീക്കങ്ങളുടെ ബലതന്ത്രത്തെ വളരെ നിശിതമായി വിമര്‍ശിക്കുവാനോ വിധിക്കുവാനോ പാപ്പാ ഭയപ്പെടുന്നില്ല.  അടുത്ത കാലത്തു നടന്ന ലോകരാഷ്ട്രങ്ങളുടെ പാരിസ്ഥിതി ഉച്ചകോടിക്ക് (Cop 20 in Lima) ആഗോള പ്രസക്തിയുള്ള തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കാതെ പോയതും, കാര്യമായിട്ടൊന്നും നടപ്പിലാക്കുവാനോ പ്രാവര്‍ത്തികമാകക്കുവാനോ ശ്രദ്ധിക്കാതിരുന്നതും പാപ്പാ ചൂണ്ടിക്കാണിക്കുന്നുണ്ട് (166). വേണ്ട നന്മ വേണ്ടപ്പോള്‍ ചെയ്യുവാന്‍ സാധിക്കാതെയും, തങ്ങളുടെ കഴിവുകള്‍ തെളിയിക്കാമെന്നു ചിന്തിച്ചും, അല്ലെങ്കില്‍ സ്ഥാനമാനങ്ങള്‍ ഉറപ്പുവരുത്തുന്ന അധികാരക്കസേരയില്‍ തൂങ്ങിക്കിടക്കാന്‍ തത്രപ്പെടുന്ന ഭരണകര്‍ത്താക്കളെയും ഓര്‍ത്ത് പാപ്പാ ഖേദം പ്രകടിപ്പിക്കുന്നുണ്ട് (57). പൊതുനന്മ ലക്ഷൃംവച്ചുകൊണ്ടുള്ള ആഗോള ഭരണസംവിധാനത്തിന്‍റെ നല്ല മാതൃകകളെക്കുറിച്ച് മുന്‍പാപ്പാമാരുടെ പ്രബോധനങ്ങള്‍ ഇവിടെ ആവര്‍ത്തിച്ച് ഉദ്ധരിക്കുന്നുമുണ്ട് (174, 175). സാമ്പത്തിക ലാഭ-നഷ്ടങ്ങളുടെ വെളിച്ചത്തില്‍ ആഗോള പാരിസ്ഥിതിക സംരക്ഷണം യാഥാര്‍ത്ഥ്യമാക്കുവാന്‍ ആവില്ലെന്ന് പാപ്പാ ഫ്രാന്‍സിസ് സമര്‍ത്ഥിക്കുന്നു. കമ്പോള ക്രയവിക്രയത്തില്‍ വേണ്ടുവോളം സംരക്ഷിക്കപ്പെടുവാനോ പരിരക്ഷിക്കപ്പെടുവാനോ സാധിക്കാത്ത ഒന്നാണ് പരിസ്ഥിതി എന്നും അനുസ്മരിപ്പിക്കുന്നുണ്ട് (190).

യഥാര്‍ത്ഥവും സമഗ്രവുമായ വികസനത്തിന് അനുയോജ്യമായ നയങ്ങള്‍ വിവേചിച്ചെടുക്കുന്നതിന് സത്യസന്ധവും സുതാര്യവുമായ തീരുമാനങ്ങള്‍ എടുക്കുന്ന രീതികള്‍ ഉണ്ടാകണമെന്ന് പാപ്പാ നിഷ്ക്കര്‍ഷിക്കുന്നു (185). നവമായ വ്യവസായ സംരംഭങ്ങളെയും പദ്ധതികളെയും, അവയുടെ പരിസ്ഥിതിയിലുള്ള പ്രത്യാഘാതങ്ങളെയും കുറിച്ച് പഠിക്കുന്നതിന് സുതാര്യമായ രാഷ്ടീയ സംവിധാനങ്ങള്‍ ആനിവാര്യമാണ്. എന്നാല്‍ ഒളിഞ്ഞിരിക്കുന്ന പരിസ്ഥിതി വിനാശത്തിന് കാരണമാകുന്നത് സ്വതന്ത്രവും സുതാര്യവുമായ സംവേദനം ഇല്ലാത്തതും അഴിമതി നിറഞ്ഞതുമായ ഇന്നിന്‍റെ രാഷ്ട്രീയ ചുറ്റുപാടാണ്. രാഷ്ട്രീയ മേഖലയില്‍ നടമാടുന്നതും ചിലര്‍ക്കു ലഭിക്കുന്നതുമായ അഴിമതിയുടെ ആനുകൂല്യങ്ങള്‍ നന്മയുടെ പാരിസ്ഥിതിക ചുറ്റുപാടുകളെ തകര്‍ക്കുകയും ഫലവത്തായ സംവാദം ഇല്ലാതാക്കുകയും, പരസ്പരമുള്ള ധാരണ നഷ്ടമാക്കുകയും ചെയ്യുന്നുണ്ട് (182).

രാഷ്ട്രീയ സംവിധാനങ്ങളില്‍ ഇന്നു പൊതുവെ കാണുന്ന കാര്യക്ഷമതയുടെയും താല്ക്കാലികതയുടെയും മനഃസ്ഥിതി മാറ്റി (181), ദൈവം നല്കിയിട്ടുള്ള അന്തസ്സ് ധൈര്യപൂര്‍വ്വം ഉപയോഗിച്ചുകൊണ്ട് നിസ്വാര്‍ത്ഥ സേനവനത്തിന്‍റെ സാക്ഷൃം ലോകത്തിന് നല്കുവാന്‍ സാമൂഹ്യനേതാക്കള്‍ ശ്രമിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു (181).

അദ്ധ്യായം ആറ്

പാരിസ്ഥിതിക വിദ്യാഭ്യാസവും ആദ്ധ്യാത്മീകതയും

പാപ്പാ ഫ്രാന്‍സിസ് പ്രബോധനം ഉപസംഹരിക്കുന്നത്, സകലരെയും ഒരു പാരിസ്ഥിതിക ഹൃദയപരിവര്‍ത്തനത്തിന് ആറാം അദ്ധ്യായത്തില്‍ ക്ഷണിച്ചുകൊണ്ടാണ്. ഇന്നിന്‍റെ സാംസ്ക്കാരിക മാന്ദ്യത്തിന്‍റെ വേരുകള്‍ ഏറെ ആഴപ്പെട്ടതാണ്. അതിനാല്‍ ശീലങ്ങളും പെരുമാറ്റ രീതികളും മാറ്റിയെടുക്കുക ക്ലേശകരമാണ്. അതുകൊണ്ട് ഈ മേഖലയിലുള്ള വിദ്യാഭ്യാസവും രൂപീകരണവും ഇന്നിന്‍റെ വെല്ലുവിളിയാണ് : പ്രചോദനം നല്‍കിക്കൊണ്ടും പരിസ്ഥിതിയുടെ മേഖലയില്‍ വിദ്യാഭ്യാസത്തിലൂ‍‌ടെ അവബോധം വളര്‍ത്തിക്കൊണ്ടും മാത്രമേ മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാനാകൂ എന്നും പാപ്പാ വിശ്വസിക്കുന്നു (15).

വിദ്യാഭ്യാസത്തിന്‍റെ എല്ലാ മേഖലകളും ഈ നിയോഗത്തിനായി ഉണര്‍ന്നു പരിശ്രമിക്കണം, ആദ്യമായി വിദ്യാലയം, പിന്നെ കുടുംബങ്ങള്‍, മാധ്യമങ്ങള്‍, മതബോധനം, അങ്ങനെ എല്ലാവരും, എല്ലാ മേഖലകളിലും പരിസ്ഥിതിയുടെ സംരക്ഷകരായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു (213).

പുതിയൊരു ജീവിതശൈലിക്കായും, പാരിസ്ഥിതികമായ ജീവിതരീതിക്കായും പരിശ്രമിക്കുകയാണ് ആദ്യപടി (203-208). ഇത് രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യമേഖലയുടെ ചുക്കാന്‍ പിടിക്കുന്നവരിലും മാറ്റത്തിന്‍റെ ചലനങ്ങള്‍ സൃഷ്ടിക്കും (206). ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ കച്ചവടക്കാരില്‍ മാറ്റങ്ങള്‍ വരുത്തുന്നതുപോലെ, പാരിസ്ഥിതികമായ കാല്‍വയ്പുകളിലും അവയുടെ ഉല്പാദന പ്രക്രിയയിലും മാറ്റങ്ങള്‍ വരുത്തുവാന്‍ കച്ചവടക്കാരും വ്യവസായികളും നിര്‍ബന്ധിതരായിത്തീരും (206).

പാരിസ്ഥിതിക വിദ്യാഭ്യാസത്തി‍ന്‍റെ പ്രാധാന്യം അവഗണിക്കാവുന്നതല്ല. അത് പ്രവൃത്തികളെ സ്വാധിനിക്കുകയും ശീലങ്ങളെ മാറ്റി മറിക്കുകയും ചെയ്യും. ഉദാഹരണത്തിന് ജല സംരക്ഷണം, പാഴ്വസ്തുക്കള്‍ തരംതിരിച്ചെടുക്കുന്ന രീതി, വൈദ്യുതിയുടെ ദുര്‍വ്യയം കുറയ്ക്കുന്ന വിധം, ഊര്‍ജ്ജ സംരക്ഷണത്തിനുള്ള അവബോധം, എന്നിവ പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗം തന്നെയാണ് (211). അതിക്രമത്തിന്‍റെയും ചൂഷണത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും ചെയ്തികളെ ചെറുക്കുന്ന ചെറിയ പ്രവൃത്തികളിലൂടെയും പരിശ്രമങ്ങളിലൂടെയുമാണ് സമഗ്രമായ പരിസ്ഥിതിയുടെ ലക്ഷൃം നാം പ്രാപിക്കേണ്ടത് (230). വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍നിന്നും വഴിഞ്ഞു വീഴുന്ന ഒരാത്മീയ ദര്‍ശനത്തില്‍ പരിസ്ഥിതിയുടെ വിവിധ മേഖലകളെ നമുക്ക് ശരിയായി കൈകാര്യം ചെയ്യാനാകും. വിശ്വാസികള്‍ എന്ന നിലയില്‍ നാം ലോകത്തെയും സൃഷ്ടിയെയും വീക്ഷിക്കുന്നത് പുറത്തുനിന്നല്ല, അകത്തുനിന്നുമാണ്. പിതാവും സ്രഷ്ടാവുമായ ദൈവം നമ്മെ സകല ജീവജാലങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിന്‍റെ ആന്തരീക അരൂപിയിലാണ് നാം അവയെ കാണേണ്ടത്. ദൈവം നല്കിയിട്ടുള്ള വ്യക്തിപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതോടൊപ്പം തന്നെ പാരിസ്ഥിതികമായ ഒരു മാനസാന്തരവും പാരിസ്ഥിതിക രമ്യതയും കൈവരിക്കുവാനായാല്‍ വ്യക്തി ജീവിതത്തില്‍ എന്‍റെയും ക്രിയാത്മകതയും ഉണര്‍വ്വും വര്‍ദ്ധിക്കുമെന്നതില്‍ സംശയമില്ല (220).

സുവിശേഷ സന്തോഷം (Evangelii Gaudium) നിര്‍ദ്ദേശിക്കുന്നതുപോലെ, സ്വതന്ത്രമായും മനഃസ്സാക്ഷിയിലും മിതത്വം പാലിക്കാനായാല്‍ അത് ആത്മീയ സ്വാതന്ത്ര്യം പകരുന്നതായി മാറും (223). ഉദാഹരണത്തിന് യഥാര്‍ത്ഥ സന്തോഷം എന്നു പറയുന്നത് നമ്മെ ചെറുതാക്കുന്ന ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും പരിമിതപ്പെടുത്തി ജീവിതം നല്കുന്ന വിവിധങ്ങളും വ്യത്യസ്തവുമായ സാധ്യതകളിലേയ്ക്ക് തുറവുകാണിക്കുന്നതാണ് (223). അങ്ങനെ അപരന്‍റെ സഹായം നമുക്ക് ആവശ്യമാണെന്നും, നമുക്ക് ലോകത്തോടും സഹോദരങ്ങളോടും ഒരു കൂട്ടുത്തരവാദിത്വമുണ്ടെന്നും, മാന്യമായും അന്തസ്സോടുംകൂടെ ജീവിക്കുന്നത് നല്ലതാണെന്നുമുള്ള ഒരു ബോധ്യം നാം പുനഃരാര്‍ജ്ജിക്കേണ്ടതാണ് (229).

നമുക്കു മുന്നേ ചരിച്ചവരാണ് വിശുദ്ധര്‍, നമ്മുടെ കൂടെ ഇന്നും അവര്‍ ചരിക്കുന്നുണ്ട്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പാവങ്ങളുടെ പരിചരണത്തിന്‍റെയും പ്രാപഞ്ചിക സമഗ്രതയുടെയും യഥാര്‍ത്ഥമായ ആന്തരിക സന്തോഷം പങ്കുവയ്ക്കുകയും അത് ജീവിച്ചു കാണിക്കുകയും ചെയ്തിട്ടുണ്ട് (10). പ്രകൃതിയോ‌ടും സഹോദരങ്ങളോടും വിശിഷ്യാ പാവങ്ങളോടു കാണിക്കേണ്ട നീതിയും, സമൂഹത്തോടുള്ള സമര്‍പ്പണവും ആന്തരികാനന്ദവും സമാധാനവും തമ്മില്‍ അഭേദ്യമായൊരു കണ്ണിയുണ്ടെന്ന് കാണിച്ചുതന്ന സിദ്ധനാണ് (10). അസ്സീസിയിലെ വിശുദ്ധ ഫ്രാ‍ന്‍സിസിനെ കൂടാതെ, വിശുദ്ധ ബന‍ഡിക്ട്, ലിസ്യൂവിലെ കൊച്ചുത്രേസ്യാ, വാഴ്ത്തപ്പെട്ട ചാള്‍സ് ദെ ഫൂക്ക് എന്നിവരെക്കുറിച്ചും ചാക്രിക ലേഖനം പ്രതിപാദിക്കുന്നുണ്ട്.

പാപ്പാ ഫ്രാന്‍സിസിന്‍റെ അങ്ങേയ്ക്കു സ്തുതി! (Laudato Si’) എന്ന ചാക്രികലേഖനം നല്കുന്ന പ്രചോദനം ഉള്‍ക്കൊണ്ട്, എപ്പോഴും സഭ നിര്‍ദേശിക്കുന്ന ജീവിതത്തിന് വെളിച്ചമേകുകയും അതിനെ ക്രമപ്പെടുത്തുകയും ചെയ്യുന്ന ആത്മശോധനയിലൂടെ ദൈവവുമായുള്ള ബന്ധത്തില്‍ ജീവിതത്തിന്‍റെ ഒരു നവമാനം കണ്ടെത്താന്‍ നമുക്കു സാധിക്കട്ടെ! അതുവഴി ദൈവവുമായി മാത്രമല്ല, മനുഷ്യനോടും, നമ്മോടുതന്നെയും, സൃഷ്ടിയോടും പ്രകൃതിയോടും ചേര്‍ന്ന് എങ്ങനെ ഐക്യത്തില്‍ ജീവിക്കാനാകുമെന്ന് ഗൗരവപൂര്‍വ്വകമായി ധ്യാനിക്കുവാനും ഈ പ്രബോധനം മാര്‍ഗ്ഗദീപമാവട്ടെ! ഈ പ്രാര്‍ത്ഥനയോടെയാണ് ചാക്രികലേഖനം പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിക്കുന്നത്. The End








All the contents on this site are copyrighted ©.