2015-06-30 20:03:00

മുന്‍പാപ്പാ ബനഡിക്ട് വിശ്രമത്തിനായി ക്യാസില്‍ ഗണ്ടോള്‍ഫോയിലേയ്ക്ക്


മുന്‍‍പാപ്പാ ബന‍ഡിക്ട് വിശ്രമത്തിനായി വത്തിക്കാനില്‍നിന്നും 30-കിലോമീറ്റര്‍ അകലെയും റോമിനു പുറത്തുമുള്ള കാസില്‍ ഗണ്ടോള്‍ഫോയിലേയ്ക്കു പോയി.

വത്തിക്കാന്‍ തോട്ടത്തില്‍ സ്ഥിതിചെയ്യുന്ന ‘മാത്തര്‍ എക്ലേസിയെ’ (Mater Ecclesiae)  ഭവനത്തില്‍ പ്രാര്‍ത്ഥനയിലും ഏകാന്തതയിലും കഴിയുന്ന സ്ഥാനത്യാഗംചെയ്ത പാപ്പാ ബനഡിക്ട് ജൂണ്‍ 30-ാം തിയതി ചൊവ്വാഴ്ച രാവിലെയാണ് വത്തിക്കാന്‍റെ വിശ്രമ ഭവനമായ അല്‍ബാന്‍ കുന്നുകളിലെ ക്യാസില്‍ ഗണ്ടോള്‍ഫോയിലേയ്ക്ക് യാത്രയായത്. രണ്ടാഴ്ചത്തെ വിശ്രമത്തിന് പോകുന്ന ദൈവശാസ്ത്ര പണ്ഡിതനും വാഗ്മിയുമായ മുന്‍പാപ്പാ ബന്ഡിക്ടിനെ കാണുവാനും യാത്രപറയുവാനും പാപ്പാ ഫ്രാന്‍സിസ് രാവിലെ തന്നെ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തില്‍ ചെന്നിരുന്നു. 30 മിനിറ്റോളം നീണ്ട സൗഹൃദ സംഭാഷണത്തിനുശേഷം സഹോദരാശ്ലേഷത്തോടും സന്തോഷത്തോടും കൂടെ പാപ്പാ ഫ്രാന്‍സിസ് തന്‍റെ മൂന്‍ഗാമിയെ യാത്രയാക്കി.

മുന്‍കൂട്ടിയെത്തിയ വേനല്‍ചൂടിനെ അതിജീവിക്കുവാനും, മെച്ചപ്പെട്ട അന്തരീക്ഷത്തില്‍ കൂടുതല്‍ ആരോഗ്യകരമായ ചുറ്റുപാടിലും ജീവിക്കാന്‍ വത്തിക്കാന്‍ വിട്ട് വിശ്രമസങ്കേതത്തിലേയ്ക്ക് പോകണമെന്ന് മുന്‍പാപ്പായോട് നിര്‍ദ്ദേശിച്ചത് പാപ്പാ ഫ്രാന്‍സിസ് തന്നെയായിരുന്നു. അപ്പോസ്തോലിക അരമനയുടെ പ്രീഫെക്ടും, പാപ്പാ ബനഡിക്ടിന്‍റെ മുന്‍സെക്രട്ടറിയുമായിരുന്ന ആര്‍ച്ചുബിഷപ്പ് ജാന്‍സ്വെയിനാണ് ഇക്കാര്യം വത്തിക്കാന്‍ റേ‍ഡിയോയ്ക്ക് വെളിപ്പെടുത്തിയത്. മാത്തര്‍ എക്ലേസിയ ഭവനത്തില്‍ മുന്‍പാപ്പായോടൊപ്പം താമസിക്കുന്നതും പാപ്പായുടെ അനുദിനകാര്യങ്ങളില്‍ ശ്രദ്ധചെലുത്തുന്നതും ജര്‍മ്മന്‍കാരനായ ആര്‍ച്ചുബിഷപ്പ് ജാന്‍സ്വെയിന്‍ തന്നെയാണ്.

റോമിന് വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള ആല്‍ബന്‍ കുന്നില്‍, അല്‍ബാനിയ തടാകത്തോടു ചേര്‍ന്നുള്ള വത്തിക്കാന്‍റെ വിസ്തൃതമായ വേനല്‍ക്കാല വസതിയാണ് ക്യാസില്‍ ഗണ്ടോള്‍ഫോ.

ഫെബ്രുവരി 28. 2013-ല്‍ സ്ഥാനത്യാഗം ചെയ്തശേഷം പാപ്പാ ബന്ഡിക്ട് മൂന്നുമാസത്തോളം അവിടെ വിശ്രമിക്കുകയുണ്ടായി. 2013-ലെ മാര്‍ച്ച് 23-ാം തിയതി പാപ്പാ ഫ്രാന്‍സിസ് ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ചെന്ന് മുന്‍ഗാമിയെ സന്ദര്‍ശിക്കുകയും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പിന്നെ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പാപ്പാ ബനഡിക്ട് അവിടേയ്ക്കു വിശ്രമത്തിനായി പോകുന്നത്. പാപ്പാ ഫ്രാന്‍സിസ് ഇന്നുവരെയ്ക്കും വേനല്‍ക്കാല വസതി ഉപയോഗപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വേനല്‍ക്കാലങ്ങളിലൊക്കെ വത്തിക്കാനിലെ കാസാ മാര്‍ത്താ ഭവനത്തില്‍ത്തന്നെ താമിസ്ക്കുകയായിരുന്നു.

ജൂലൈ 14-ാം തിയതിവരെ പാപ്പാ ബന‍ഡിക്ട് ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ വസിക്കും.








All the contents on this site are copyrighted ©.