2015-06-29 20:07:00

റോമില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍


പതോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ വത്തിക്കാനില്‍ ആചരിച്ചു. സഭയുടെ നെടുംതൂണുകളെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള അപ്പസോതോലന്മാരുടെ തിരുനാള്‍ വത്തിക്കാനില്‍ ജൂണ്‍ 29-ാം തിങ്കളാഴ്ചയാണ് ആചരിച്ചത്. .

എല്ലാ വര്‍ഷത്തെയും പോലെ കിഴക്കന്‍ ഓര്‍ത്ത‍‍ഡോക്സ് സഭാ പ്രതിനിധികള്‍ തിരുനാളില്‍ പങ്കെടുത്തു എന്നത് സഭൈക്യ പരിശ്രമങ്ങളുടെ പുരോഗതിയും, സഭകള്‍ തമ്മില്‍ ഇനിയും ആര്‍ജ്ജിക്കേണ്ട ക്രിസ്തുവിലുള്ള ഐക്യത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുമായിരുന്നു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 9.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാ‍ന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സാഘോഷമായ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. ബസിലിക്ക നിറഞ്ഞ വിശ്വാസസമൂഹത്തോടൊപ്പം കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍റെ പ്രതിനിധികളും, മറ്റ് ഓര്‍ത്ത‍ഡോക്സ് സഭാ പ്രതിനിധികളും പങ്കെടുത്തു. സഭയിലെ ധാരാളം കര്‍ദ്ദിനാളന്മാരും, റോമിലെ മെത്രാന്മാരും, വൈദികരും സന്ന്യസ്തരും തിരുതനാള്‍ ബലിയര്‍പ്പണത്തില്‍ സഹകാര്‍മ്മികരായിരുന്നു.

ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു. ഹേറോദേശ് രാജാവി‍ന്‍റെ കാലത്ത് പലസ്തീനയില്‍ ഉണ്ടായ ആദ്യക്രൈസ്തവ പീഡനത്തിന‍്, വിശിഷ്യ പത്രോസ്ലീഹായ്ക്കും, പിന്നീട് പൗലോസ്ലീഹായ്ക്കും, അവരുടെ സമകാലീകരായ ക്രൈസ്തവ സഹോദരങ്ങള്‍ക്കം ഉണ്ടായ പീഡനങ്ങള്‍പോലെ ഇന്നും ക്രൈസ്തവര്‍ ലോകത്ത് അകാരണമായും അമാനുഷികമായും പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. പീ‍ഡനങ്ങള്‍ ക്രൈസ്തവ മക്കളെ ശക്തമായ പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്‍റെയും സാക്ഷൃത്തിന്‍റെയും ജീവിതത്തിന് ക്ഷണിക്കുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനാ ജീവിതം, വിശ്വാസ പ്രഘോഷണം, ജീവിതസാക്ഷ്യം എന്നിവയെ ശ്ലീഹാന്മാരുടെ ജീവിത വെളിച്ചത്തിലും സമകാലീന ദര്‍ശനത്തിലും പാപ്പാ വ്യാഖ്യാനിച്ചു.

ഇന്നത്തെ ലോകത്തിന് പ്രബോധകരെക്കാള്‍ പ്രാര്‍ത്ഥനയുടെയും വിശ്വാസജീവിതത്തിന്‍റെയും ബോധ്യമുള്ള സാക്ഷികളെയാണ് ആവശ്യമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ചരിത്രത്തില്‍ രണ്ടു ശ്ലീഹന്മാരും - പത്രോസും പൗലോസും റോമിലെത്തിയതും, അവിടെ സഭ വളര്‍ത്തിയതും, സ്ഥാപിച്ചതും അതിനുവേണ്ടി തങ്ങളുടെ ജീവന്‍ സമര്‍പ്പിച്ചതും, തുടര്‍ന്നുള്ള ത്രികാലപ്രാര്‍ത്ഥനമദ്ധ്യേ നല്കിയ സന്ദേശത്തിലും പാപ്പാ അനുസ്മരിപ്പിച്ചു.

റോമില്‍ പൊതുഅവധി ദിനമായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ പ്രാദേശിക സഭയുടെ ആഘോഷവും അനുസ്മരണവുമാണെന്നും പാപ്പാ പ്രഭാഷണത്തില്‍ എടുത്തു പറയുകയും ഏവര്‍ക്കും പ്രാര്‍ത്ഥനനിറഞ്ഞ തിരുനാള്‍ ആശംസകള്‍ നേരുകയും ചെയ്തു.








All the contents on this site are copyrighted ©.