2015-06-26 19:20:00

സകലരെയും ഉള്‍ച്ചേര്‍ക്കുന്ന ക്രിസ്തുവി‍ന്‍റെ സാകല്യസംസ്കൃതി


സഭ യാഥാര്‍ത്ഥ്യമാകുന്നത്, ​അംഗങ്ങള്‍ സമൂഹമായി ജീവിക്കുമ്പോഴാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പാപികളെയും ഉള്‍ച്ചേര്‍ക്കുമ്പോഴാണ് സഭാസമൂഹം യാഥാര്‍ത്ഥ്യമാകുന്നത്. ഈ പ്രകൃയയില്‍ ചിലപ്പോള്‍ അതിനായി ഇറങ്ങിത്തിരിച്ചവരുടെ കൈ അഴുക്കാക്കേണ്ടി വന്നേക്കാം. ജൂണ്‍ 26-ാം തിയതി വെള്ളിയാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി  അര്‍പ്പിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്.

ക്രിസ്തു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്ന മത്തായിയുടെ സുവിശേഷ ഭാഗമാണ് പാപ്പാ തന്‍റെ വചനചിന്തയ്ക്ക് ആധാരമാക്കിയത് (മത്തായി 8, 1). കുഷ്ഠരോഗി അശുദ്ധനും, അതുകൊണ്ടുതന്നെ പുറതള്ളപ്പെട്ടവനുമാണെന്ന സാമൂഹ്യഭ്രഷ്ട് വച്ചുപുലര്‍ത്തുന്ന നിയമജ്ഞരുടെയും ഫരീസേയരുടെയും മുന്നില്‍വച്ചാണ് ക്രിസ്തു അത്ഭുതകരമായി അയാളെ തൊട്ടു സുഖപ്പെടുത്തിയത്. കുഷ്ഠം മാറാരോഗമാണെന്നു വിശ്വസിച്ചിരുന്നതിനാല്‍ അയാള്‍ മൃതനാണെന്നും, അയാളെ സുഖപ്പെടുത്തുന്നത് മരിച്ചവനെ ഉയര്‍പ്പിക്കുന്നതിനു സമാനമാണെന്നും വിശ്വസിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. അക്കാലത്ത് കുഷ്ഠരോഗികളെ സമൂഹം ഭ്രഷ്ടുകല്പിച്ച് പുറംതള്ളിയിരുന്നു. എന്നാല്‍ ക്രിസ്തുവാകട്ടെ അവനെ അടുക്കല്‍ വിളിച്ചുവരുത്തി, തൊട്ട് അത്ഭുതകരമായി സുഖപ്പെടുത്തി. പരിത്യക്തര്‍ക്ക് സാമീപ്യമാകുക എന്നതിന്‍റെ അര്‍ത്ഥം എന്താണെന്ന്  ചുറ്റുമുളളവര്‍ക്ക് അവിടുന്ന് മനസ്സിലാക്കി കൊടുക്കുന്നു.

മനുഷ്യരുടെ സമീപത്ത് ആയിരിക്കാതെ നമുക്ക് അവരെ സഹായിക്കാനാവില്ല, അവര്‍ക്ക് നന്മചെയ്യാനാവില്ല. അടുത്തായിരിക്കാതെ വ്യക്തികളുമായി സൗഹൃദം സൃഷ്ടിക്കുവാനോ, സമൂഹം വളര്‍ത്തിയെടുക്കുവാനോ സാദ്ധ്യമല്ല. ക്രിസ്തുവിനു വേണമെങ്കില്‍ രോഗിയോട്, നീ സുഖപ്രാപിക്കുക എന്നൊരു മൊഴി ചൊല്ലി അത്ഭുതകരമായി അയാളെ സുഖപ്പെടുത്താമായിരുന്നു. അതിനുപകരം അവിടുന്ന് അവന്‍റെ അടുത്തു ചെല്ലുകയും, അവനെ സ്പര്‍ശിക്കുകയും ചെയ്യുന്ന സ്നേഹവിപ്ലവമാണ് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നത്. അങ്ങനെ അന്നത്തെ സാമൂഹ്യ ആചാരമനുസരിച്ച് ക്രിസ്തു സ്വയം ‘അശുദ്ധനായി’ മാറുന്നു.   മനുഷ്യരുടെ പാപങ്ങളുടെ അശുദ്ധി സ്വയം ഏറ്റെടുക്കുന്ന ദൈവികഭാവവും ദിവ്യരഹസ്യവുമാണ് അവിടുന്ന് ആ സ്പര്‍ശക്രിയയില്‍ പ്രകടമാക്കിയത്. അങ്ങനെ അവിടുന്ന് നമ്മുടെ അശുദ്ധിയും പാപങ്ങളും ഏറ്റെടുത്ത്, അവ ഉള്‍ക്കൊണ്ടുകൊണ്ട് അവിടുത്തെ ദൈവിക സാമീപ്യം അനുഭവവേദ്യമാക്കിക്കൊണ്ട് നമ്മുടെ ഏകാന്തതയെ ഏറ്റെടുക്കുന്നു.

ഈ സൗഖ്യദാനത്തിന്‍റെ കഥ ആരോ‍ടും പറയരുതെന്നാണ് ക്രിസ്തു കുഷ്ഠരോഗിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ദേവാലയത്തില്‍ ചെന്ന് പുരോഹിതന്മാര്‍ക്ക് തന്നെത്തന്നെ കാണിച്ചുകൊടുക്കുവാനും, മോശയുടെ കല്പനപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുവാനും അവിടുന്ന് അയാളോട് ആവശ്യപ്പെടുന്നുണ്ട്. കുഷ്ഠരോഗിയെ സ്പര്‍ശിച്ച ക്രിസ്തു സ്വയം മലിനീകരിക്കപ്പെട്ടുകൊണ്ട് അപരനെ ശുദ്ധിചെയ്ത് സമൂഹത്തിലേയ്ക്ക് ചേര്‍ക്കുകയും, സമൂഹത്തിന്‍റെ ഭാഗമാക്കുകയുമാണ് ചെയ്തത്. അവിടുന്ന് ആരെയും പുറംതള്ളുന്നില്ല,. എന്നാല്‍ പാപകളായ നമ്മെ രക്ഷയുടെ ദാനത്തിലും ദൈവസ്നേഹത്തിലും ഉള്‍ച്ചേര്‍ക്കുന്നതിന് സ്വയം പരിത്യക്തനാക്കിയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

 

 








All the contents on this site are copyrighted ©.