2015-06-25 19:06:00

സിസ്റ്റര്‍ നിര്‍മ്മലയ്ക്ക് ആയിരങ്ങളുടെ ആദരാഞ്ജലി


സിസ്റ്റര്‍ നിര്‍മ്മലയ്ക്ക് ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ പിന്‍ഗാമിയും ആഗോള മിഷണരീസ് ഓഫ് ചാരിറ്റി സഭയുടെ മദര്‍ ജനറലുമായിരുന്ന സിസ്റ്റര്‍ നിര്‍മ്മല ജോഷിയുടെ അന്തിമോപചാര ശുശ്രൂഷകള്‍ ജൂണ്‍ 24-ാം തിയതി ബുധനാഴ്ച വൈകുന്നേരം 4 മണിക്ക്  കല്‍ക്കട്ടയില്‍ സിയാല്‍ഡയിലുള്ള സെന്‍റ് ജോണ്‍ ദേവാലയത്തില്‍ നടന്നു.

17-വയസ്സുമുതല്‍ തന്‍റെ ജീവിതം ആതുരശുശ്രൂഷയില്‍ സമര്‍പ്പിച്ച വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ അടുത്ത സഹകാരിയുമായിരുന്ന സിസ്റ്റര്‍ നിര്‍മ്മലയുടെ ഭൗതിക ദേഹം സെ‍ന്‍റ് ജോണ്‍സ് ദേവാലയ സിമത്തേരിയില്‍ത്തന്നെ അടക്കം ചെയ്തു.

കല്‍ക്കട്ട അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് തോമസ് ഡിസൂസ മുഖ്യകാര്‍മ്മികനായിരുന്നു. മദര്‍ തേരേസായുടെ സഹോദരകള്‍ മാത്രമല്ല, ആയിരക്കണക്കിന് സാധാരണക്കാരും പാവങ്ങളം പങ്കെടുത്ത ചടങ്ങില്‍ പശ്ചിമ ബംഗാളിന്‍റെ മുഖ്യമന്ത്രി മംമ്ദാ ബാനര്‍ജീയും സന്നിഹിതയായിരുന്നു.

പെയ്തിറങ്ങിയ മഴയിലും രാജ്യത്തെ പാവങ്ങള്‍ക്കുവേണ്ടി ജീവിച്ച പത്മഭൂഷണ്‍ സിസ്റ്റര്‍ നിര്‍മ്മലയ്ക്ക് ആയിരങ്ങള്‍ പ്രണാമര്‍പ്പിച്ചു, ഒപ്പം രാഷ്ട്രത്തിന്‍റെ ആചാരവെടികളും  മുഴക്കി ആ പുണ്യജീവിതത്തിന് അന്ത്യാഞ്ജലി  അര്‍പ്പിച്ചു.








All the contents on this site are copyrighted ©.