2015-06-21 18:38:00

ഡോണ്‍ബോസ്ക്കോയുടെ വിദ്യാഭ്യാസരീതി കാലികം : പാപ്പാ ഫ്രാന്‍സിസ്


ജൂണ്‍ 21-ാം തിയതി ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ട്യൂറിന്‍ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി പാപ്പാ ഫ്രാന്‍സിസ് സലീഷ്യന്‍ സഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. അനുഭവങ്ങളില്‍നിന്നും ഹൃദയപൂര്‍വ്വം സന്ദേശം പങ്കുവച്ചു.

ട്യൂറിന്‍ നഗരത്തിന്‍റെ ഹൃദയഭാഗത്ത് വിശുദ്ധ ജോണ്‍ ബോസ്ക്കോ പണികഴിപ്പിച്ച ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്‍റെ നാമത്തിലുള്ള മഹാദേവാലയമായിരുന്നു സംഗമവേദി. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയ സലീഷ്യന്‍ സഭാംഗങ്ങളായ വൈദികരും സഹോദരങ്ങളും സന്ന്യാസിനികളും പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബസിലിക്കയില്‍ സന്നിഹിതരായിരുന്നു.

‍‍ഡോണ്‍ബോസ്ക്കോയുടെ 10-ാമത്തെ പിന്‍ഗാമിയും സഭയുടെ ഇപ്പോഴത്തെ റെ‍ക്ടര്‍ മേജറുമായ ‍‍ഡോണ്‍ എയിഞ്ചല്‍ ആര്‍ത്തിമേ പാപ്പായ്ക്ക് സലീഷ്യന്‍ കുടുംബത്തിന്‍റെ പേരില്‍ സ്വാഗതം ആശംസിച്ചു.

ഒരുങ്ങിയ പ്രസംഗവുമായി പാപ്പാ ഫ്രാന്‍സിസ് പ്രസംഗവേദിയില്‍ എത്തിയെങ്കിലും, അത് ഉപേക്ഷിച്ച് അനൗപചാരികമായി സംസാരിക്കുകയാണുണ്ടായത്. തയ്യാറാക്കിയ പ്രസംഗം ‍ഡോണ്‍ ആര്‍ത്തിമയെ ഏല്‍പിച്ചിട്ട്, ഇവിടെ ദൈവമാതാവ് പറയാന്‍ പ്രേരിപ്പിക്കുന്നത് പങ്കുവയ്ക്കാം എന്നു പറഞ്ഞ് ആരംഭിച്ചു.

ആദ്യം, അര്‍ജന്‍റീനയിലെ കുമ്പസാരക്കൂട്ടില്‍വച്ച് താന്‍ പരിചയപ്പെട്ട ഇപ്പോഴത്തെ റെ‍ക്ടര്‍ മേജര്‍ ‍ഡോണ് ആര്‍ത്തിമയെ പാപ്പാ അനുസ്മരിച്ചു. പിന്നെ തനിക്ക് സലീഷ്യന്‍ സഭയോടുള്ള കടപ്പാടും പരിചയവും പാപ്പാ വാക്കുകളില്‍ വരച്ചുകാട്ടി. തുടര്‍ന്ന് ‍ഡോണ്‍ബോസ്ക്കുയുടെ ആദ്ധ്യാത്മിക ചൈതന്യത്തിന്‍റെ നെടുതൂണുകളായ കന്യകാനാഥയോടുള്ള ഭക്തി, ദിവ്യകാരുണ്യഭക്തി പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പായോടും സഭയോടുമുള്ള ഭക്തി എന്നിവയെക്കുറിച്ച് ഹ്രസ്വമായി സംസാരിച്ചു.

ഇറ്റലിയില്‍ ഇന്ന് നിലവിലുള്ള 40% തൊഴില്‍ രഹിതരായ യുവജനങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഓര്‍മ്മകളില്‍ പാപ്പാ ‍ഡോണ്‍ബോസ്ക്കോയുടെ കാലഘട്ടത്തിലേയ്ക്കും അല്‍പസമയം ചരിച്ചു. 19-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ട്യൂറിന്‍ പട്ടണത്തില്‍ ‍ഡോണ്‍ബോസ്ക്കോ ആരംഭിച്ച ചെറിയ തൊഴില്‍ പരിശീലന കേന്ദ്രത്തെക്കുറിച്ചും, ചെറിയ പാഠശാലയെക്കുറിച്ചും, കൈപ്പണി പഠിക്കുന്ന തൊഴില്‍ പരിശീലന കേന്ദ്രത്തെക്കുറിച്ചും പാപ്പാ സഭാംഗങ്ങളെ അനുസ്മരിപ്പിച്ചു. കാലത്തിന്‍റെ കാലൊച്ച കേട്ട് ഉണരണമെന്നും, യുവതീ യുവാക്കളെ സ്നേഹിക്കുവാനും അവര്‍ക്ക് മാര്‍ഗ്ഗദീപമാകുവാനുമുള്ള സഭാമക്കളുടെ ഇന്നത്തെ വലിയ ഉത്തരവാദിത്വത്തെക്കുറിച്ച് പാപ്പാ അനുസ്മരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.  

പൈശാചികമായ പ്രതിസന്ധികളുള്ള കാലഘട്ടത്തിലായിരുന്നു ഡോണ്‍ബോസ്ക്കോയുടെ തുടക്കമെന്ന് സലീഷൃന്‍ സഭാംഗങ്ങളെ പാപ്പാ ഓര്‍പ്പിച്ചു. എന്നാല്‍ ദൈവത്തില്‍ ആശ്രയിച്ചും ദൈവമാതാവില്‍ നിരന്തരമായി ശരണപ്പെട്ടും, നല്ലിടയനായ ക്രിസ്തുവിന്‍റെ ഇടയരൂപം സ്വായത്തിമാക്കിയും ഡോണ്‍ ബോസ്ക്കോ ആഗോള സഭയില്‍ തനിമയാര്‍ന്ന യുവജനപ്രസ്ഥാനം വളര്‍ത്തിയെടുത്തെന്ന് പാപ്പാ പ്രസ്താവിച്ചു. ദൈവമഹത്വവും ആത്മാക്കളുടെ രക്ഷയും ഒരുപോലെ സാധിതമാക്കിയത് ഡോണ്‍ ബോസ്ക്കോയുടെ ക്രിയാത്മകമായ ആത്മീയചൈതന്യമായിരുന്നെന്ന് പാപ്പാ വിലയിരുത്തുകയും വിശേഷിപ്പിക്കുകയും ചെയ്തു. ഇന്നിന്‍റെ ലോക വിഗതികള്‍ തിന്മ നിറഞ്ഞതാണെന്നും, ആത്മീയതയുടെയും വിശ്വാസബോധ്യങ്ങളുടെയും സമര്‍പ്പണത്തിന്‍റെയും കരുത്തോടും ധൈര്യത്തോടുംകൂടെ നല്ല പിതാവായ ‍ഡോണ്‍ബോസ്ക്കോയുടെ ജീവിതശൈലിയും പ്രബോധനങ്ങളും ജീവിക്കുവാനും അത് യുവലോകത്തിന് പകര്‍ന്നുനല്‍കുവാനും നവയുഗത്തിലെ സലീഷ്യന്‍ സഭാംഗങ്ങള്‍ക്ക് സാധിക്കട്ടെ, എന്ന പ്രാര്‍ത്ഥനയോടെ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു. ഏവര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദംനല്കി.








All the contents on this site are copyrighted ©.