2015-05-21 19:30:00

അത്ഭുത സിദ്ധിയല്ല ഐക്യം കഠിനമായ പരിശ്രമഫലമാണത്


അത്ഭുത സിദ്ധിയല്ല ഐക്യം, അത് കഠിനമായ പരിശ്രമ ഫലമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

മെയ് 21-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യ നടത്തിയ വചനസമീക്ഷയിലാണ് ക്രൈസ്തവ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കേണ്ട ഐക്യത്തെക്കുറിച്ച് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ദൈവത്തിന്‍റെ കൃപയാണ് ഐക്യത്തിനു നിദാനമെന്നും, എന്നാല്‍ വിവിധ ഘടകങ്ങളെ ഒട്ടിച്ചെടുക്കുന്ന പശ പോലെയല്ല അത്, മറിച്ച് നിരന്തരമായ പരിശ്രമത്തിലൂടെ ആര്‍ജ്ജിച്ചെടുക്കേണ്ട ദൈവാരൂപിയുടെ സാന്നിദ്ധ്യ ശക്തിയാണെന്ന് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തെ ആധാരമാക്കി പാപ്പാ വിശേഷിപ്പിച്ചു.

ദൈവിക കൂട്ടായ്മയുടെ പിതൃ-പുതൃ ബന്ധം യാഥാര്‍ത്ഥ്യമാക്കുകയും അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്ത പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനവും ശക്തിയുംപോലെ, ക്രൈസ്തവ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തി ഐക്യത്തില്‍ നയിക്കേണ്ടത് ദൈവാരൂപിയും അവിടുത്തെ കൃപയുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അന്ത്യത്താഴ വിരുന്നിന്‍റെ പശ്ചാത്തലത്തില്‍ ക്രിസ്തു ശിഷ്യന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചത് ഐക്യത്തിനുവേണ്ടിയായിരുന്നു. പിതാവുമായി ഐക്യപ്പെട്ട് അവര്‍ ഒന്നായിരിക്കുന്നതുപോലെ ദൈവികമായ ഐക്യവും കൂട്ടായ്മയും ക്രൈസ്തവ കുടുംബങ്ങളിലും സമൂഹങ്ങളിലും ഇന്നും ക്രിസ്തു പ്രതീക്ഷിക്കുന്നുണ്ടെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രിസ്തു നമുക്കായി പ്രാര്‍ത്ഥിച്ചു, നമ്മില്‍ ഐക്യവും കൂട്ടായ്മയും നിലനില്‍ക്കുന്നതിനായി പ്രാര്‍ത്ഥിച്ചുവെന്നത് ആശ്വാസവും പ്രത്യാശയും പകരുന്ന വസ്തുതയായിരിക്കണമെന്ന് പാപ്പാ പ്രസ്താവിച്ചു. മുറിപ്പെട്ട ക്രിസ്തു നമുക്കായി, എനിക്കും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ഇന്നും അവിടുത്തെ മുറിവേറ്റ ദിവ്യഹൃദയും നമുക്കായി സ്പന്ദിക്കുകയും നമ്മുടെ കുടുംബങ്ങളുടെയും വ്യക്തിജീവിതങ്ങളുടെ ഐക്യത്തിനും നവീകരിണത്തിനുമായി സന്നിഹിതനാവുകയും ചെയ്യുന്നു.

ലോകത്തിന്‍റെ ഐക്യത്തിനായി ക്രിസ്തു നല്കുന്ന വില അവിടുത്തെ ജീവനാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ക്രിസ്തുവിനോടും പിതാവിനോടും സഭ ഐക്യപ്പെട്ടിരിക്കുന്നതിന് അവിടുന്ന് കുരിശില്‍ തന്‍റെ ജീവന്‍ വിലയായി നല്കിയെന്ന് പാപ്പാ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.