2015-05-17 11:56:00

പലസ്തീനിയന്‍ പ്രസിഡന്‍റ് മഹമ്മെദ് അബാസ് - പാപ്പാ ഫ്രാ‍ന്‍സിസ് കൂടിക്കാഴ്ച


മെയ് 16-ാം തിയതി ശനിയാഴ്ച രാവിലെ പലസ്തീനിയന്‍ പ്രസിഡന്‍റ്, മഹമ്മെദ് അബാസ് വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. മെയ് 17-ാം തിയതി ഞായറാഴ്ച വത്തിക്കാനലി‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധപദ പ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു കൂടിയാണ് പ്രസിഡന്‍് അബാസ് വത്തിക്കാനില്‍ എത്തിയത്. നാലു പുണ്യാത്മാക്കളെ പാപ്പാ വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തുന്നതില്‍ രണ്ടു പേര്‍ പലസ്തീന്‍കാരായ സന്ന്യാസിനികളാണ്. വാഴ്ത്തപ്പെട്ട സിസ്റ്റര്‍ മരിയ അല്‍ഫൊന്‍സീന ‍ഡാനില്‍ ഗട്ടാസ്, (1843-1927). പരിശുദ്ധ ജപമാലയുടെ ജരുസലേമിലെ സഹോദരികളുടെ സഭസ്ഥാപക, ക്രൂശിതനായ ക്രിസ്തുവിന്‍റെ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ മിറിയം (1846-1878). വിശുദ്ധനാട്ടില്‍ വിരിഞ്ഞ സഭയുടെ കര്‍മ്മല പ്രേഷിത എന്നിവരാണ് വിശുദ്ധനാട്ടിലെ വിശുദ്ധിയുടെ പുഷ്പങ്ങള്‍.

പലസ്തീന സംസ്ഥാനത്തിനും ജനങ്ങള്‍ക്കും അഭിമാനമായി സഭ തങ്ങളുടെ രണ്ടു പുണ്യാത്മാക്കളായ സന്ന്യാസിനിമാരെ വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തിയതിന് പ്രസ‍ഡന്‍റ് അബാസ് കൂടിക്കാഴ്ചയില്‍ പാപ്പാ ഫ്രാ‍ന്‍സിസിന് നന്ദിയര്‍പ്പിച്ചു. പ്രസി‍‍ഡന്‍റ് അബാസ് വത്തിക്കാനില്‍ നടന്ന വിശുദ്ധ പതപ്രഖ്യാപന ചിടങ്ങളില്‍  പങ്കെടുത്തു. അതുപോലെ പലസ്തീനയുടെ സ്വതന്ത്ര അസ്തിത്വത്തിനും രാഷ്ട്രരൂപീകരണം എന്ന ആശയനത്തിനും സഭ നല്കുന്ന പിന്‍തുണയ്ക്കും പ്രോത്സാഹനത്തിനും പാപ്പാ ഫ്രാന്‍സിസിന് അബാസ് കൃതഞ്ജതയര്‍പ്പിച്ചുവെന്ന് മെയ് 16-ാം തിയതി വൈകുന്നേരം റോമില്‍ ഇറക്കിയ വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

പലസ്തീന-ഇസ്രായേല്‍ പ്രതിസന്ധിയില്‍ സമാധാനപൂര്‍ണ്ണവും സ്ഥായിയായതുമായ തീരുമാനം എത്രയും വേഗം ഉണ്ടാകട്ടെയെന്നും, വിശുദ്ധനാട്ടില്‍ സമാധാനം സംസ്ഥാപിതമാകട്ടെയെന്നും കൂടിക്കാഴ്ചയില്‍ പാപ്പാ പ്രത്യാശയോടെ ആശംസിച്ചു. അതുപോലെ സ്വതന്ത്രമായ രണ്ടു സംസ്ഥാനങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലുമുള്ള വത്തിക്കാന്‍റെ നിലപാടും, അവിടുത്തെ ജനങ്ങളുടെ സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിനുള്ള ആഗ്രവും അന്താരാഷ്ട്ര സമൂഹത്തോട് കൂടിക്കാഴ്ചയില്‍ അവര്‍ത്തി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചതായും പ്രസ്താവന വെളിപ്പെടുത്തി.

മദ്ധ്യപൂര്‍വ്വദേശത്തു നടമാടുന്ന അധിക്രമങ്ങള്‍, വിശിഷ്യാ ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടത് ആവശ്യമാണെന്നും, ഒപ്പം മതാന്തരസംവാദത്തിന്‍റെ പരസ്പര ധാരണയുടെയും മേഖലയില്‍ ഇനിയും നേടേണ്ടതായി  പാപ്പാ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടിയതായി പ്രസ്താവന വ്യക്തമാക്കി. പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളില്‍, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ എന്നിവരുമായും പ്രസി‍ഡന്‍റ് അബാസ് കൂടിക്കാഴ്ച നടത്തി.

മെയ് 13-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ സമാപിച്ച ഇരുസംസ്ഥാനങ്ങളുടെയും ഉഭയകക്ഷി സമ്പൂര്‍ണ്ണ സമ്മേളം ഫലവത്തായി സമാപിച്ചിരുന്നു. കത്തോലിക്കാ സഭയുടെ അവിടത്തെ  അസ്തിത്വത്തിനും, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പലസ്തീന നല്കുന്ന ഉറപ്പാണ് സമ്പൂര്‍ണ്ണ സമ്മേളനത്തിന്‍റെ ഏറ്റവും ക്രിയാത്മകമായ തീരുമാനമെന്നും, പരസ്പര ബന്ധത്തിന്‍റെ പ്രത്യാശ പകരുന്ന കാല്‍വയ്പാണതെന്നും വത്തിക്കാന്‍ സമ്പൂര്‍ണ്ണ സമ്മേളനത്തിന്‍റെ ഫലത്തെക്കുറിച്ചും, ക്രിയാത്മകമായ നേ‌ട്ടങ്ങളെക്കുറിച്ചും പ്രസ്താവിച്ചു.

പലസ്തീന-ഇസ്രായേല്‍ സ്വതന്ത്ര സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായി എന്നും അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുള്ള വത്തിക്കാന്‍ 1994-ലാണ് പലസ്തീനയുമായുള്ള നയതന്ത്ര ബന്ധത്തിന് തുടക്കംകുറിച്ചത്. തുടര്‍ന്നുള്ള നിരന്തരവും പതറാത്തതുമായ പരിശ്രമങ്ങള്‍ ഇന്ന് വിശുദ്ധനാട്ടിലുള്ള ക്രിസ്തീയ വിശ്വാസത്തിന്‍റെ തായ് വേരിനും, സഭയുടെ അസ്തിത്വത്തിനും ഈടുറ്റതായി പരിണമിക്കുകയാണെന്ന് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ അഭിപ്രായപ്പെട്ടു. ഉഭയകക്ഷി ബന്ധങ്ങളില്‍ സ്വീകരിച്ചിട്ടുള്ള നവമായ നിലപാടുകള്‍ ഭാവിയില്‍ മറ്റു ഇസ്ലാമിക രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ബഹുഭൂരിപക്ഷം മുസ്ലീങ്ങളുള്ള രാജ്യങ്ങളിലും മാതൃകയായി സ്വീകരിക്കാവുന്നതാണെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രസ്താവിച്ചു.

ക്രൈസ്തവ സമൂഹങ്ങളുടെ തനിമയുള്ള വ്യക്തിത്വം, മതസ്വാതന്ത്ര്യം, മനസ്സാക്ഷി സ്വാതന്ത്ര്യം എന്നിവ മാനിക്കപ്പെടുന്ന തീരുമാനങ്ങളില്‍ ഏകകണ്ഠേന എത്തിച്ചേരാന്‍ വത്തിക്കാന്‍-പലസ്തീന ഉഭയകക്ഷി ബന്ധത്തിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനം സഹായകമായെന്നും ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. 








All the contents on this site are copyrighted ©.