2015-05-13 16:32:00

കാരിത്താസ് പാവങ്ങളുടെ സഭയില്‍ ദൃഷ്ടിപതിക്കും


‘സൃഷ്ടിയെ പരിപാലിക്കേണ്ട മാനവ കുടുംബം,’ എന്ന വിഷയവുമായിട്ടാണ് കാരിത്താസ് ഇന്‍റെര്‍നാഷണല്‍ റോമില്‍ സമ്മേളിച്ചിരിക്കുന്നത്.

മെയ് 12-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് കാരിത്താസ് ഇന്‍റെര്‍നാഷണല്‍, സഭയുടെ ഉപവിപ്രവര്‍ത്തന സംഘടനയുടെ 20-ാമത് പൊതുസമ്മേളനം റോമില്‍ ആരംഭിച്ചത്. ആഗോള സഭയുടെ ഉപവിപ്രസ്ഥാനമായ കാരിത്താസിന്‍റെ മെയ് 17-ാം തിയതി ഞായറാഴ്ച വരെ നീണ്ടുനില്ക്കുന്ന  സമ്മേളനത്തിന് പ്രസി‍‍ഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്ക്കര്‍ മരദിയാഗാ നേതൃത്വം നല്കും.

പ്രസ്ഥാനത്തിന്‍റെ സെക്രട്ടറി ജനറല്‍ മിഷേല്‍ റോയ്, ദൈവശാസ്ത്ര പണ്ഡിതന്‍ ഫാദര്‍ ഗുസ്താവോ ഗുത്തിയരെസ്, ഇന്ത്യയില്‍ നിന്നുമുള്ള കൃഷി വിദഗ്ദ്ധന്‍, ഹരിദാസ് വരിക്കോട്ടില്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധനചെയ്യുമെന്ന്, റോമില്‍ ഇറക്കിയ കാരിത്താസിന്‍റെ പ്രസ്താവന വെളിപ്പെടുത്തി. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും, പ്രവര്‍ത്തിനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനോടുമൊപ്പം, പാപ്പാ ഫ്രാന്‍സിസ് വിഭാവനം ചെയ്യുന്ന പാവങ്ങള്‍ക്കായുള്ള പാവപ്പെട്ട സഭയെ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്നുള്ള നിയോഗവുമായിട്ടാണ് 20-ാമത് പൊതുസമ്മേളനം റോമില്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന്, മെയ് 12-ാം തിയതി ചൊവ്വാഴ്ച രാവിലെ റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ മരദിയാഗസ് വ്യക്തമാക്കി.

പാരിസ്ഥിതികമായ പ്രശ്നങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യുന്നുവെന്നു പറയുമ്പോള്‍, ആഗോള താപവത്ക്കരണത്തിന്‍റെയും ആഗോളവത്ക്കരണത്തിന്‍റെയും പിന്നില്‍ ഇന്ന് മനുഷ്യാന്തസ്സിനെ നശിപ്പിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന അടിസ്ഥാന മാനുഷിക പ്രതിസന്ധികളിലേയ്ക്ക് ദൃഷ്ടിതിരിക്കുവാനാണ് കാരിത്താസ് ആഗ്രഹിക്കുന്നതെന്നും കര്‍ദ്ദിനാള്‍ മരദിയാഗസ് വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.  പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുവാന്‍ ഒരുങ്ങുന്ന പരിസ്ഥിതിയെ സംബന്ധിച്ച ചാക്രികലേഖനം പുറത്തിറങ്ങും മുന്‍പേ, അത് ശാസ്ത്രീയമായിരിക്കില്ല എന്നൊക്കെ വിമര്‍ശനം ഉയരുമ്പോഴും, മനുഷ്യാന്തസ്സിനെയും മൗലികമായ മതസ്വാതന്ത്ര്യത്തിന്‍റെയും നീതിയുടെയും സത്യത്തിന്‍റെയും ധാര്‍മ്മികതയില്‍ അടിയുറച്ചൊരു പ്രബോധനമാണ് ലോകം പ്രതീക്ഷിക്കേണ്ടതെന്നും, അത് ഇന്ന് മാനവകുലത്തിന്‍റെ സമാധാനപൂര്‍ണ്ണായ നിലനില്പിനെ തുണയ്ക്കുന്നതാകുമെന്നും കര്‍ദ്ദിനാള്‍ മരദിയാഗസ് വ്യക്തമാക്കി. 








All the contents on this site are copyrighted ©.