2015-05-12 19:14:00

ഉപവി പ്രവര്‍ത്തനങ്ങള്‍ക്കും മീതെ ക്രിസ്തുസാക്ഷ്യമാകണം ‘കാരിത്താസ്’


കാരിത്താസിന്‍റെ ലക്ഷൃം ഉപവി പ്രവര്‍ത്തനം മാത്രമല്ല, ക്രിസ്തു സാക്ഷൃമാണെന്ന് പാപ്പാ ഫ്രാ‍ന്‍സിസ് പ്രസ്താവിച്ചു.

ആഗോള സഭയുടെ ഉപവി പ്രസ്ഥാനങ്ങളില്‍ ഒന്നായ ‘കാരിത്താസ് ഇന്‍റെര്‍നാഷണലി’ന്‍റെ രാജ്യാന്തര പൊതുസമ്മേളനത്തിന് എത്തിയവര്‍ക്കൊപ്പം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ മെയ് 12-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

കാരിത്താസ് സംഘടന വലിയൊരു കൂട്ടായ്മയാണെന്നും, ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉപവി പ്രവര്‍ത്തനങ്ങളിലൂ‍ടെ സഭയുടെ സാന്നിദ്ധ്യമാകുന്ന പ്രസ്ഥാനമാണതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ആദിമ സഭയിലെ വിനായാന്വിതമായ പങ്കുവയ്ക്കലിന്‍റെ മാതൃകയിലൂടെ ദൈവത്തെയും സഹോദരങ്ങളെയും ഒരുപോലെ സ്വാഗതംചെയ്യുന്ന പ്രസ്ഥാനമായിരിക്കണം ‘കാരിത്താസ്’ എന്ന് പാപ്പാ വചനസമീക്ഷയില്‍ ഉദ്ബോധിപ്പിച്ചു. ദൈവനാമത്തില്‍ പ്രവര്‍ത്തിക്കുന്ന ‘കാരിത്താസ്,’ പ്രസ്ഥാനം വെറും ജീവകാരുണ്യ പ്രസ്ഥാനം മാത്രമല്ല മറിച്ച് സഹോദരങ്ങളില്‍ ക്രിസ്തുവിനെ കാണുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന സംഘടനയാവണം ‘കാരിത്താസെ’ന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അതിനാല്‍ കാരിത്താസിന്‍റെ ഉത്തരവാദിത്വം വഹിക്കുന്നവര്‍ ഉപവിപ്രവര്‍ത്തകര്‍ എന്നതിനെക്കാള്‍ ക്രിസ്തുവിന്‍റെ സാക്ഷികളാകണമെന്നും പാപ്പാ വ്യക്തമാക്കി.

ഉപവിപ്രവര്‍ത്തനങ്ങളില്‍ ചെറുതെന്നോ വലുതെന്നോ ഉള്ള വ്യത്യാസത്തിന് പ്രസക്തി ഇല്ലെന്നും, ദൈവസ്നേഹത്തെപ്രതി സഹോദരങ്ങള്‍ക്കായ് ചെയ്യുന്ന  ചെറുതും വലുതുമായ നന്മകള്‍ തുല്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു.  ഉപവി പ്രവര്‍ത്തനത്തിന്‍റെ പൊരുള്‍ ഇനിയും മനസ്സിലാക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, വളരെ സംഘടിതവും കേന്ദ്രീകൃതവുമായ സ്ഥാപനമായി കാരിത്താസിനെ കാണരുതെന്നും, മറിച്ച് സകലര്‍ക്കും സഹായം ലഭ്യമാക്കുന്ന കൂട്ടായ്മയായിട്ടാണ് അത് എവിടെയും അനുഭവവേദ്യമാകേണ്ടതെന്നും പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു.

ക്രിസ്തു സ്നേഹത്തിന്‍റെയും ക്രിസ്തുവിനെ സകലര്‍ക്കും എത്തിച്ചുകൊടുക്കുവാനുമുള്ള തീവ്രമായ ആഗ്രഹവുമാണ് ഉപവി പ്രവര്‍ത്തനങ്ങളിലൂടെ വെളിപ്പെടുത്തേണ്ടതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. എളിയവരായ സഹോദരങ്ങളെ നിങ്ങള്‍ തിരസ്ക്കരിക്കുകയാണെങ്കില്‍ ലോകത്തെ പ്രബലരെന്നും അതിശക്തന്മാരെന്നും നടിക്കുന്നവരെ ദൈവം ഒരുനാള്‍ വിധിക്കുമെന്നും ഓര്‍ക്കണമെന്ന് (മത്തായി 25, 35) സുവിശേഷത്തെ ആധാരമാക്കി പാപ്പാ താക്കീതു നല്കി.








All the contents on this site are copyrighted ©.