2015-05-07 18:52:00

വിശുദ്ധവത്സരത്തിന് ഒരുക്കമായി പാപ്പാ രചിച്ച പ്രാര്‍ത്ഥന


വിശുദ്ധവത്സരത്തിന് ഒരുക്കമായി പാപ്പാ ഫ്രാന്‍സിസ് രചിച്ച പ്രാര്‍ത്ഥന പ്രകാശനംചെയ്തു.

ആഗോളസഭയില്‍ ഡിസംബര്‍ 8-ാം തിയതി അമലോത്ഭവ നാഥയുടെ തിരുനാളി‍ലാണ് വിശുദ്ധവത്സരം ആരംഭിക്കുന്നത്. ദൈവിക കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കുന്ന ജൂബിലി വര്‍ഷത്തിന് വ്യക്തി ജീവിതത്തിലും സമൂഹ  ജീവിതത്തിലും ഒരുങ്ങുവാനും ജൂബിലി ഫലവത്താക്കുവാനും വേണ്ടിയാണ് പ്രത്യേക പ്രാര്‍ത്ഥന രചിച്ച് പാപ്പാ വിശ്വസികള്‍ക്ക് ന്നതെന്ന് ജൂബിലി പരിപാടിയുടെ സംഘാടകരായ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍‍ഡന്‍റ് ആര്‍ച്ചുബിഷപ്പ് സാല്‍വത്തോരെ ഫിസിക്കേലാ പ്രസ്താവിച്ചു.

ധനാഢ്യനായ സഖേവൂസിനോടും ചുങ്കക്കാരന്‍ മത്തായിയോടും പാപിനിയായ മഗ്ദലയിലെ മറിയത്തോടും കാരുണ്യം കാണിച്ച ക്രിസ്തു, ദൈവപിതാവിന്‍റെ കരുണാര്‍ദ്രരൂപമാണെന്ന് പ്രാര്‍ത്ഥനിയില്‍ പാപ്പാ സ്ഥാപിക്കുന്നുണ്ട്. അതുപോലെ ക്രിസ്തുവിലൂടെ ലഭിച്ച പിതാവിന്‍റെ കാരുണ്യവും സ്നേഹവും ജൂബിലി വര്‍ഷത്തില്‍ സഭയിലൂടെ ലോകത്ത് ഇനിയും യാഥാര്‍ത്ഥ്യമാകണമെന്നാണ് പാപ്പാ ആഗ്രഹിക്കുന്നത്. ദൈവത്തിന്‍റെ കരുണ എന്നും ജീവിതത്തില്‍ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന മനുഷ്യന്‍ ആ സ്നേഹവും കാരുണ്യവും അനുദിന ജീവിതത്തില്‍ പകര്‍ത്തിയാല്‍ മര്‍ത്യജീവിതങ്ങള്‍ സമാധാനപൂര്‍മാകുമെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ നിരന്തരമായ പ്രബോധനവും ജൂബിലി വര്‍ഷത്തിന്‍റെ കാതലായ സന്ദേശവുമാണ്.

വിശുദ്ധവത്സരത്തിന് ഒരുക്കമായി പാപ്പാ ഫ്രാന്‍സിസ് രചിച്ച പ്രാര്‍ത്ഥന

കര്‍ത്താവായ യേശുവേ, സ്വര്‍ഗ്ഗീയ പിതാവ് കരുണാര്‍ദ്രനായിരിക്കുന്നതുപോലെ കരുണ്യയുള്ളവരായിരിക്കുവാനും, അങ്ങയെ കാണുന്നവര്‍ പിതാവിനെത്തന്നെയാണ് കാണുന്നതെന്നും ഞങ്ങളെ പഠിപ്പിച്ചുവല്ലോ. അങ്ങേ തിരുമുഖം ഞങ്ങള്‍ക്ക് ദൃശ്യമാക്കണമേ, അങ്ങനെ ഞങ്ങള്‍ രക്ഷപ്രാപികട്ടെ.

അങ്ങേ കാരുണ്യകടാക്ഷമാണ് സഖേവൂസിനെയും മത്തായിയെയും സമ്പത്തിന്‍റെ അടിമത്വത്തില്‍നിന്നും, അതുപോലെ സൃഷ്ടവസ്തുക്കളിലുള്ള സന്തോഷത്തില്‍നിന്നും മഗ്ദലയിലെ മറിയത്തെയും മോചിപ്പിച്ചത്. അനുതാപിയായി പത്രോസിനെ അങ്ങു സ്വീകരിച്ചു. പശ്ചാത്തപിച്ച കള്ളന് അങ്ങ് പറുദീസ വാഗ്ദാനംചെയ്തു. ദൈവികദാനം എന്തെന്ന് അറിഞ്ഞിരുന്നെങ്കില്‍, എന്ന് അങ്ങ് സമറിയക്കാരി സ്ത്രീയോടു ഉരുവിട്ട വചനം ഞങ്ങളും ശ്രവിക്കട്ടെ!

അദൃശ്യനായ പിതാവിന്‍റെ ദൃശ്യരൂപമാണ് അവിടുന്ന്, ക്ഷമിക്കുന്നതിലും കാരുണ കാണിക്കുന്നതിലുമാണ് അങ്ങയുടെ സര്‍വ്വശക്തിയും അടങ്ങിയിരിക്കുന്നത്. അതുപോലെ ഉത്ഥിതനായ ക്രിസ്തുവിന്‍റെ മുഖകാന്തി ലോകത്ത് ദൃശ്യമാക്കാന്‍ അങ്ങേ സഭയെയും യോഗ്യയാക്കണമേ. അജ്ഞരും വഴിതെറ്റിയവരുമായവരോട് കരുണ കാണിക്കുവാന്‍ ബലഹീനരെത്തന്നെയാണ് അങ്ങേ ശുശ്രൂഷകരായി വിളിച്ചിരിക്കുന്നത്. അവരെ സമീപിക്കുന്ന സകലര്‍ക്കും ദൈവത്തിന്‍റെ കരുണയും സ്നേഹവും ലഭ്യമാകട്ടെ.

കര്‍ത്താവേ, കാരുണ്യത്തിന്‍റെ വിശുദ്ധവത്സരത്തില്‍ അങ്ങേ പരിശുദ്ധാരൂപിയെ അയച്ച് ഞങ്ങളെ അഭിഷേചിക്കണമേ. അങ്ങനെ അങ്ങയുടെ സഭ നവീകൃതയായി നവോന്മേഷത്തോടെ എളിയവര്‍ക്കു സുവിശേഷവും, ബന്ധിതര്‍ക്ക് മോചനവും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും, അന്ധരായവര്‍ക്ക് കാഴ്ചയും നല്കുമാറാകട്ടെ. കാരുണ്യത്തിന്‍റെ അമ്മയായ പരിശുദ്ധ കന്യകാനാഥവഴി നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന പിതാവിനും പരിശുദ്ധാത്മാവിനും ഞങ്ങള്‍ ഈ പ്രാര്‍ത്ഥന സമര്‍പ്പിക്കുന്നു.

ആമേന്‍. 








All the contents on this site are copyrighted ©.