2015-04-26 12:13:00

പാപ്പാ ഫ്രാന്‍സിസില്‍നിന്നും സോണി ജോര്‍ജ്ജ് പട്ടം സ്വീകരിച്ചു


ഏപ്രില്‍ 26-ാം തിയതി ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 9.30-ന് പാപ്പാ ഫ്രാന്‍സിസ് കര്‍മ്മികത്വംവഹിക്കുന്ന തിരുപ്പട്ടദാനശുശ്രുഷിയിലാണ് കേരളത്തില്‍നിന്നും താമരശ്ശേരി രൂപതയിലെ വൈദിക വിദ്യാര്‍ത്ഥി സോണി ജോര്‍ജ്ജ് കപ്പലുമാക്കല്‍ വൈദികപട്ടം സ്വീകരിച്ചത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍വച്ച് നടന്ന സാഘോഷമായ ശുശ്രൂഷയില്‍ മറ്റ് വിവിധ രാജ്യക്കാരായ 18 വൈദിക വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഏകഏഷ്യക്കാരനും മലയാളിയുമായ ഡീക്കന്‍ സോണിയും പാപ്പാ ഫ്രാന്‍സിസില്‍നിന്നും ശുശ്രൂഷാപൗരോഹിത്യം സ്വീകരിച്ചു. തിരുപട്ടദാനത്തെ തുടര്‍ന്ന് നവവൈദികര്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ സഹാകാര്‍മ്മികരായി പങ്കെടുത്തു. ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഘോഷണം നടത്തി.

എല്ലാവര്‍ഷവും റോമന്‍ സെമിനാരികളിലെ വൈദികവിദ്യാര്‍ത്ഥികള്‍ക്ക് റോമാ രൂപതയുടെ മെത്രാന്‍ എന്നനിലയില്‍ പരിശുദ്ധ പിതാവാണ് വൈദികപട്ടം നല്‍കുന്നത്. റോമാരൂപതയിലെ മൂന്നു സെമിനാരികളില്‍നിന്നുമുള്ള 18 വൈദികവിദ്യാര്‍ത്ഥികള്‍ക്കൊപ്പം കേരളസഭക്ക് അഭിമാനമായിട്ടാണ് താമരശ്ശേരി രൂപതാംഗമായ സോണി ജോര്‍ജ്ജ് കപ്പലുമാക്കല്‍ പാപ്പായില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചത്.

  അഞ്ചു വര്‍ഷം മുന്‍പാണ് ദൈവശാസ്ത്ര പഠനത്തിനായി സോണി ജോര്‍ജ്ജ് റോമിലെ മരിയ മാതര്‍ എക്ളേസിയ അന്തര്‍ദ്ദേശീയ സെമിനാരിയിലെത്തിയത്. ബിരുദപഠനത്തിനുശേഷം ഇപ്പോള്‍ സൈദ്ധാന്തിക ദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തവെയാണ് പരിശുദ്ധപിതാവില്‍നിന്നും  വൈദീകപട്ടം സ്വീകരിക്കുവാനുള്ള ഭാഗ്യം ബ്രദര്‍ സോണിക്കു ലഭിച്ചത്. “ അവര്‍ണ്ണനീയമായ ദൈവത്തിന്‍റ‍െ കരുണ അനുഭവവേദ്യമായി” എന്നാണ് പാപ്പായുടെ പക്കല്‍നിന്നും വൈദീകപട്ടം സ്വീകരിച്ചതിനെക്കുറിച്ച് നവവൈദികന്‍ സോണി ജോര്‍ജ്ജ് വത്തിക്കാന്‍ റേഡിയോയോട് പ്രതികരിച്ചത്.

മലപ്പുറം ജില്ലയിലെ പന്തലൂരില്‍നിന്നും മകന്‍റെ അഭിഷേകചടങ്ങുകള്‍ക്ക് സാക്ഷികളാകുവാന്‍ മാതാപിതാക്കളും മറ്റടുത്തബന്ധുക്കളും ഉണ്ടായിരുന്നു. ഏപ്രില്‍ 27-ാം തിയതി തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് റോമിലെ മരിയ മാതര്‍ എക്ളേസിയ സെമിനാരിയില്‍വച്ച് നവവൈദികന്‍, സോണി ജോര്‍ജ്ജ് കപ്പലുമാക്കല്‍ പ്രഥമ ദിവ്യബലിയുമര്‍പ്പിക്കും.








All the contents on this site are copyrighted ©.