2015-04-15 19:29:00

കര്‍ദ്ദിനാള്‍ തൂച്ചി അന്തരിച്ചു


94-ാമത്തെ വയസ്സില്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാലാണ് വിശ്രമജീവിതം കഴിച്ചിരുന്ന ഈശോ സഭാംഗമായ കര്‍ദ്ദിനാള്‍ തൂച്ചി ഏപ്രില്‍ 14-ാം തിയതി ചൊവ്വാഴ്ച റോമില്‍ അന്തരിച്ചത്. ഈശോസഭയുടെ റോമിലുള്ള ജനറലേറ്റിനോടു ചേര്‍ന്നുള്ള കാസാ കനീസ്സിയോയിലായിരുന്നു ഇറ്റലിയിലെ നേപ്പിള്‍സ് സ്വദേശിയായ കര്‍ദ്ദിനാളിന്‍റെ അന്ത്യം.

ഏപ്രില്‍ 17-ാം തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം 3.30-ന് കര്‍ദ്ദിനാള്‍ സംഘത്തലവന്‍, ആഞ്ചലോ സഡാനോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പരേതുവേണ്ടി ദിവ്യബലി അര്‍പ്പിക്കപ്പെടും. തുടര്‍ന്ന നടത്തപ്പെടുന്ന അന്തിമോപചാര ശുശ്രൂഷയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നേതൃത്വംവഹിച്ച് ആഗോളസഭയുടെ വിശ്വസ്ത സേവകനായിരുന്ന കര്‍ദ്ദിനാള്‍ തൂച്ചിയ്ക്ക് യാത്രാമൊഴിയര്‍പ്പിക്കും.

1973-ല്‍ വത്തിക്കാന്‍ റേഡിയോയുടെ ഡറക്ടര്‍ ജനറല്‍ എന്ന നിലയില്‍ ആഗോളസഭാ സേവനരംഗത്തേയ്ക്ക് കടന്നുവന്ന റൊബേര്‍ത്തോ തൂച്ചി, പിന്നീട് 1979-മുതല്‍ 2004-വരെ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വിദേശപര്യടനങ്ങളുടെ സംഘാടകനും സംവിധായകനുമായിത്തീര്‍ന്നു. വിശുദ്ധനായ പാപ്പാ വോയ്ത്തീവയുടെ ദീര്‍ഘകാല സഭാഭരണമൊക്കെയും പാപ്പായുടെ വിദേശയാത്രകളുടെയെല്ലാം ഉത്തരവാദിത്വം വഹിച്ച റൊബേര്‍ത്തോ തൂച്ചി 2001-ലാണ് കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്.

ഈശോസഭയില്‍ ചേര്‍ന്നു പഠിച്ച തൂച്ചി 1950-ല്‍ പൗരോഹിത്യം സ്വീകരിച്ചു. സഭയുടെ civilta catholica കത്തോലിക്കാ സംസ്കൃതി എന്ന മാസികയുടെ പത്രാധിപരായി സേവനം ആരംഭിച്ച അദ്ദേഹം, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പണിപ്പിരയിലും, അതിന്‍റെ അല്‍മായര്‍ക്കായുള്ള കമ്മിഷനിലും സ്തുത്യര്‍ഹമായ സേവനംചെയ്തിട്ടുണ്ട്. 








All the contents on this site are copyrighted ©.