2015-04-08 19:09:00

നാടോടികളുടെ അന്തര്‍ദേശീയ ദിനം


ഏപ്രില്‍ 8, ബുധനാഴ്ച നാടോടികളുടെ അന്തര്‍ദേശീയ ദിനം.

ലോകത്തിന്‍റെ നാനാഭാഗങ്ങളിലായി, വിശിഷ്യ യൂറോപ്പിന്‍റെ വിവിധ രാജ്യങ്ങളിലായി ജീവിക്കുന്ന ദശലക്ഷത്തോളം വരുന്ന റൊമാനി അല്ലെങ്കില്‍ റോമാ നാടോടികളെ അനുസ്മരിക്കുന്ന ദിനമാണ് ഏപ്രില്‍ എട്ടെന്ന്, യൂറോപ്പിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെയും, യൂറോപ്പിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയുടെ സംയുക്ത പ്രസ്താവന വെളിപ്പെടുത്തി.

ഏകദേശം 1000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയുടെ വടക്കു കിഴക്കു ഭാഗത്ത് പിറവിയെടുത്ത്, പിന്നെ ലോകത്തിന്‍റെ നാനാ ഭാഗത്തേയ്ക്കും കുടിയേറിയിട്ടുള്ള ഇക്കൂട്ടര്‍ റൊമാനിയെന്നും ജിപ്സികളെന്നും അറിയപ്പെടാറുണ്ട്.

റോമാ വംശജരുടെ ജീവിതം ക്ലേശകരമാണെന്ന് അന്തര്‍ദേശീയ ദിനത്തോടനുബന്ധിച്ച് (Conference of the Catholic Episcopal Conferences of Europe & Conference of European Churches) ഇറക്കിയ സഭകളുടെ പ്രസ്താവനയില്‍ യൂറോപ്യന്‍ മെത്രാന്‍ സമിതികളുടെ പ്രസിഡിന്‍റ്, ആര്‍ച്ചുബിഷപ്പ് എസ്തേര്‍ഗോം വെളിപ്പെടുത്തി.

ജിപ്സികളുടെ നിജസ്ഥിതിയും ജീവിതചുറ്റുപാടുകളും പരിതാപകരമാണെങ്കിലും കുടുംബജീവിതം, ഈശ്വരവിശ്വാസം, പരേതരോടുള്ള ഭക്തി, സംഗീതം, നൃത്തം എന്നിവയ്ക്കെല്ലാം ഏറെ വിലകല്പിക്കുന്നവര്‍ ഇനിയും മാന്യമായ ജീവിതാന്തസ്സിനായി പരിശ്രമിക്കുന്നുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി.

വംശീയവും സാംസ്കാരികവുമായ തനിമ നിലനിര്‍ത്തിക്കൊണ്ട് നോടാടികളുടെ ജീവിതാന്തസ്സു മെച്ചപ്പെടുത്തുവാന്‍ സഭാപ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളും ഇനിയും മുന്നോട്ടുവരണമെന്നും ബുഡാപ്പെസ്റ്റ് അതിരൂപതാദ്ധ്യക്ഷനും യൂറോപ്പിലെ സഭകളുടെ കൂട്ടായ്മയുടെ സഖ്യത്തിന്‍റെ തലവനുമായ ആര്‍ച്ചുബിഷപ്പ് എസ്തേര്‍ഗോം പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. 








All the contents on this site are copyrighted ©.