2015-04-01 17:49:00

അജപാലന ആത്മീയതയുടെ ചരിത്രംകണ്ട അതികായന്‍


ഇന്ന് ഏപ്രില്‍ 2-ാം തിയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സ്വര്‍ഗ്ഗംപൂകിയതന്‍റെ പത്താം വാര്‍ഷികം. ആ പുണ്യപാദങ്ങളിലൊരു സ്നേഹപ്രണാമം!

ബലഹീനതകള്‍ നിറഞ്ഞ ലോകത്തെയും, ക്രിസ്തുവിന്‍റെ സഭയെയും ഒരുമിച്ച് ആശ്ലേഷിച്ചുകൊണ്ട് ‘ദൈവികകുടുംബം’ (familia Dei) വളര്‍ത്തുവാനുള്ള അജപാലന ആത്മീയതയും ജീവിതസമര്‍പ്പണവുമാണ് പാപ്പാ വോയ്ത്തീവ അടിസ്ഥാനപരമായി പ്രകടമാക്കിയത്. ‘ദൈവിക ഭവനത്തിന്‍റെ വിശ്വസ്ത കാവല്‍ക്കാരനാ’യിരുന്നു (തിമോ. 3, 15) പുണ്യാത്മാവായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ.

“ഭയപ്പെടാതെ, നിങ്ങളുടെ ഹൃദയങ്ങള്‍ ക്രിസ്തുവിനായി മലര്‍ക്കെ തുറക്കുവിന്‍,” എന്ന് തന്‍റെ സ്ഥാനാരോഹണ ദിനത്തില്‍ 1978 ഒക്ടോബര്‍ 22-ന്, ആഹ്വാനംചെയ്തുകൊണ്ട് രാഷ്ട്രങ്ങളെയും ലോകത്തെ എല്ലാ സാമ്പത്തിക രാഷ്ട്രീയ സാംസ്ക്കാരിക വികസന പ്രസ്ഥാനങ്ങളെയും ക്രിസ്തുവിന്‍റെ രക്ഷാ സ്നേഹത്തിലേയ്ക്ക് ക്ഷണിച്ച മനുഷ്യസ്നേഹിയായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ.  .

തന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ചും ലക്ഷൃത്തെക്കുറിച്ചും ഇന്ന് ഊര്‍ന്നുവന്നിരിക്കുന്ന അനിശ്ചിതത്വത്തിന്‍റെ ആശങ്ക ആധുനിക മനുഷ്യന് ഉണ്ടെന്നും, ഈ ആശങ്ക ജീവിത പ്രതിസന്ധികളില്‍ അവനെ നിരാശയിലാഴ്ത്തുന്നുണ്ടെന്നും അടിസ്ഥാനപരമായി പാപ്പാ വോയ്ത്തീ മനസ്സിലാക്കിയിരുന്നു. മാംസം ധരിച്ച വചനമായ ക്രിസ്തുവിന്‍റെ രക്ഷാരഹസ്യത്തില്‍, മനുഷ്യരക്ഷയുടെ രഹസ്യം അടങ്ങിയിരിക്കുന്നുവെന്നുള്ള ‘ദൈവശാസ്ത്രപരമായ മാനവികത’യില്‍ theological anthrapology അടിയുറച്ചു വിശ്വസിച്ചുകൊണ്ടാണ് നീണ്ട 27 വര്‍ഷക്കാലവും തീര്‍ത്ഥാടകനായ പാപ്പ സഭയെ നയിച്ചത്. മനുഷ്യനും അവന്‍റെ ജീവിതലക്ഷൃത്തിനും ദിശയും അര്‍ത്ഥവും കണ്ടെത്തണമെങ്കില്‍ മനുഷ്യനായി അവതരിച്ച ക്രിസ്തുവിന്‍റെ രക്ഷാസന്ദേശം, സുവിശേഷം ശ്രവിക്കുകയും അത് ജീവിക്കുകയും വേണമെന്നത് പാപ്പായുടെ വ്യക്തിബോധ്യവും ധാരണയുമായിരുന്നു. Redemptor Hominis  ‘മാനവരക്ഷകന്‍’ എന്ന പാപ്പാ വോയ്ത്തീവയുടെ പ്രഥമ ചാക്രിക ലേഖനത്തില്‍ ചുരുളഴിയിക്കുന്നത് ഈ വ്യക്തിബോധ്യവും പ്രേഷിതലക്ഷൃവുമായിരുന്നു.  








All the contents on this site are copyrighted ©.