2015-03-28 13:13:00

ദൈവിക കാരുണ്യത്തിന്‍റെ വിശുദ്ധവത്സരം


ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തിന് സാക്ഷൃമേകുവാനുള്ള വലിയ സാദ്ധ്യതയും കഴിവും സഭയ്ക്കുണ്ട് എന്നത് മനസ്സില്‍ എന്നും താലോലിക്കുന്ന ചിന്തയാണ്. അത് അനുപതാപത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്ന ആത്മീയ യാത്രയുമാണ്. അതിനാല്‍ ദൈവം നല്കുന്ന ഈ പ്രത്യേക പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ദൈവിക കാരുണ്യത്തിന്‍റെ അനിതരസാധാരണമായ വിശുദ്ധവത്സരം’ (Extraordinary Jubilee of Divine Mercy)  പ്രഖ്യാപിക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് ആമുഖമായി പ്രസ്താവിച്ചു.

ആഗോളസഭ ആചരിക്കുന്ന വലിയ നോമ്പിനോട് അല്ലെങ്കില്‍ തപസ്സുകാലത്തോട് അനുബന്ധിച്ച് മാര്‍ച്ചു 13-ാം തിയതി വെള്ളിയാഴ്ച ഇറ്റലിയിലെ സമയം വൈകുന്നേരം 5 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന അനുതാപ ശുശ്രൂഷയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചുകൊണ്ടു നടത്തിയ സുവിശേഷ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ദൈവിക കാരുണ്യത്തിന്‍റെ വിശുദ്ധവത്സരം പ്രഖ്യാപിച്ചത്.

2015 ഡിസംബര്‍ 8-ാം തിയതി ദൈവമാതാവിന്‍റെ അമലോത്ഭവത്തിരുനാളില്‍ ആരംഭിച്ച്  2016 നവംബര്‍ 20-ന് - ദൈവിക കാരുണ്യത്തിന്‍റെ സജീവ ദര്‍ശനമായ ക്രിസ്തുരാജന്‍റെ തിരുനാള്‍ വരെയ്ക്കുമാണ് വിശുദ്ധവത്സരം.

ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തെ കേന്ദ്രീകരിച്ചാണ് ഈ വിശുദ്ധവത്സരം. ഇത് കാരുണ്യത്തിന്‍റെ വര്‍ഷമാണ്. ‘ദൈവം കരുണാര്‍ദ്രനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ (ലൂക്ക 6, 36) എന്ന ക്രിസ്തുവിന്‍റെ വചനപ്രഭയില്‍ വളരുവാന്‍ വിശുദ്ധവത്സരത്തെ ആത്മനാ ഉള്‍ക്കൊള്ളണമെന്നും, അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ എല്ലാവരും സജീവമായി പങ്കുചേരണമെന്നും പാപ്പാ ആഹ്വാനംചെയ്തു. ഈ ആത്മീയ വര്‍ഷത്തിന്‍റെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്‍റെ ഉത്തരവാദിത്വം നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനെ (Pontifical Council for New Evangelization) ഏല്പിക്കുന്നതായി പാപ്പാ അറിയിച്ചു. ദൈവിക കാരുണ്യത്തിന്‍റെ സുവിശേഷം ആനുകാലിക ലോകത്ത് നവമായി പ്രഘോഷിക്കുന്ന വിധത്തില്‍ എല്ലാ കാര്യങ്ങളും സംഘടിപ്പിക്കുവാന്‍ കൗണ്‍സിലിനും അതിന് നേതൃത്വം നല്കുന്ന ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലായ്ക്കും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

ജൂബിലിയുടെ ആനന്ദത്തികവില്‍ സഭ മുഴുവനും ദൈവിക കാരുണ്യം അനുഭവിക്കുവാനും അതിലേയ്ക്ക് തിരിച്ചുവരുവാനും, അങ്ങനെ അതിന്‍റെ ഫലങ്ങള്‍ ഏവരും സ്വീകരിക്കുവാനും, ഇടയാവട്ടെ. കാരുണ്യത്തിന്‍റെ അമ്മയായ പരിശുദ്ധ കന്യകാനാഥാ ഈ ഉദ്യമത്തിന്‍റെ പാത തെളിക്കട്ടെ, നമ്മെ നയിക്കട്ടെ... എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധവത്സര പ്രഖ്യാപനം ഉപസംഹചരിച്ചത്. ആഗോളസഭ ഏറ്റവും അടുത്ത് ആചരിച്ചത് 2000-ാമാണ്ട് ‘ക്രിസ്തുജയന്തി’ മഹാജൂബിലിയായിരുന്നു.








All the contents on this site are copyrighted ©.