2015-03-24 14:31:00

ത്യാഗസമര്‍പ്പണത്തില്‍ ഫലപ്രാപിതിയുണ്ട്


തപസ്സുകാലത്തെ അഞ്ചാം ഞായറാഴ്ച, വത്തിക്കാനിലെ ത്രികാലപ്രാര്‍ത്ഥനാ പരിപാടിയില്‍  സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണം ത്യാഗസമര്‍പ്പണത്തിന്‍റെ ഫലപ്രാപ്തിയെക്കുറിച്ചായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ജലദിനത്തെക്കുറിച്ചും പരാമര്‍ശിച്ച പാപ്പാ, പഴയ സഭാ പാരമ്പര്യത്തില്‍ തപസ്സുകാലത്ത് സുവിശേഷത്തിന്‍റെ പോക്കറ്റ് പ്രതികള്‍ സൗജന്യമായി വിതരണംചെയ്തു.

ഇന്നത്തെ സുവിശേഷ ഭാഗത്ത് വിശുദ്ധ യോഹന്നാന്‍ അപൂര്‍വ്വമായ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. പെസഹാ തിരുനാളില്‍ പങ്കെടുക്കുവാന്‍ യഹൂദമതം സ്വീകരിച്ച കുറെ ഗ്രീക്കുകാര്‍ ജരൂസലേമില്‍ എത്തിയ വിവരമാണത്. അവര്‍ അപ്പസ്തോലന്മാരില്‍ ഒരാളോട്, ഫിലിപ്പോസിനോട് പറഞ്ഞു. ഞങ്ങള്‍ക്ക് ക്രിസ്തുവിനെ കാണിച്ചു തരണമെന്ന് (യോഹ. 12, 21). ക്രിസ്തു ജരൂസലേമില്‍ എത്തിയെന്ന് അറിഞ്ഞിട്ട് അവിടെ ധാരാളം ജനങ്ങളും കൂടിയിട്ടുണ്ടായിരുന്നു. അവിടുത്തെ നസ്രത്തില്‍നിന്നുമുള്ള പ്രവാചകനായും ദൈവിക ദൂതനായും സാധാരക്കാരും എളിയവരുമായ ജനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. എന്നാല്‍ ദേവാലയത്തിലെ പ്രമാണികളും പുരോഹിതന്മാരും അവിടുത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. കാരണം അവിടുത്തെ പ്രബോധനങ്ങള്‍ അവര്‍ക്ക് ദൈവദൂഷണവും അപകടകരവുമായി തോന്നി. എന്നാല്‍ ധാരാളം പേര്‍, മേല്പറഞ്ഞ ഗ്രീക്കുകാരെ പോലുള്ളവര്‍, അവിടുത്തെ സവിശേഷമായ പ്രബോധനങ്ങളും അവിടുന്നു പ്രവര്‍ത്തിച്ച അത്ഭുതങ്ങളും - വിശിഷ്യ ബഥനിയിലെ ലാസറിനെ ഉയിര്‍പ്പിച്ച സംഭവവുമെല്ലാം കേട്ടിട്ട്, അവിടുത്തെ അടുത്തു കാണുവാനും ക്രിസ്തുവിനെക്കുറിച്ച് കൂടുതല്‍ അറിയുവാനും ആഗ്രഹിച്ചു. അങ്ങനെയാണ് ദേവാലയത്തില്‍ തിക്കും തിരക്കുമായത്.

‘ഞങ്ങള്‍ക്ക് ക്രിസ്തുവിനെ കാണണം.’ ഈ വാക്കുകള്‍, സുവിശേഷത്തില്‍ മറ്റു പലരെയുംപോലെ, ഈ സംഭവത്തിനും മീതെ, ക്രിസ്തുവിനെക്കുറിച്ചു കേട്ടിട്ടുള്ള, എന്നാല്‍ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ലാത്ത വിവിധ കാലഘട്ടങ്ങളുടെയും സംസ്ക്കാരങ്ങളുടെയും ജനതളുടെയും – ഹൃദയത്തിലുള്ള ‘എനിക്ക് യേശുവിനെ കാണണം’ എന്ന ത്രീവ്രമായ തൃഷ്ണ വെളിപ്പെടുത്തുന്നു. എന്നാല്‍ ആവശ്യപ്പെട്ടവര്‍ക്ക് ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുത്തത് വ്യംഗ്യാര്‍ത്ഥത്തിലും പ്രവചനപരവുമായാണ്. മനുഷ്യപുത്രന്‍ മഹത്വീകരിക്കപ്പെടാനുള്ള സമയമായരിക്കുന്നു, എന്നായിരുന്നു അവിടുത്തെ മറുപടി (യോഹ.12, 23). ഇത് കുരിശിന്‍റെ മുഹൂര്‍ത്തമാണ്. തിന്മയുടെ ആധിപത്യത്തെ കീഴ്പ്പെടുത്തി ദൈവിക കാരുണ്യം പരമമായി വിജയംവരിക്കുന്ന സമയമാണത്. താന്‍ ഭൂമിയില്‍ ഉയര്‍ത്തപ്പെടുമെന്ന് ക്രിസ്തു പ്രഖ്യാപിച്ചു (യോഹ. 12, 32). ഇത് ദ്വയാര്‍ത്ഥത്തിലുള്ള പ്രയോഗമാണ്. കുരിശില്‍ ‘ഉയര്‍ത്തപ്പെടുക’ എന്നും, പിന്നെ പിതാവിനാല്‍ മഹത്വീകൃതനായി ഉത്ഥാനംചെയ്യുകയെന്നും, രണ്ട് അര്‍ത്ഥത്തിലാണ് ക്രിസ്തു സംസാരിച്ചത്. ഉയര്‍ത്തപ്പെടലിലൂടെ മനുഷ്യകുലത്തെ ക്രിസ്തു ദൈവവുമായി പരസ്പരവും രമ്യപ്പെടുത്തുകയും സകലരെയും തന്നിലേയ്ക്ക് ആകര്‍ഷിക്കുകയും ചെയ്യും. കുരിശിന്‍റെ മഹത്വീകരണ സമയം, ചരിത്രത്തിലെ അരണ്ട മുഹൂര്‍ത്തമാണെങ്കിലും, ക്രിസ്തുവില്‍ വിശ്വസിക്കുന്ന സകലര്‍ക്കും രക്ഷയുടെ സ്രോതസ്സാണ്..

താന്‍ വരിക്കുവാന്‍ പോകുന്ന കുരിശുമരണത്തില്‍ ഒളിഞ്ഞിരിക്കുന്ന ഉത്ഥാനമഹത്വം വെളിപ്പെടുത്തുവാന്‍ ക്രിസ്തു പ്രചോദനാത്മകമായ ഗോതമ്പു മണിയുടെ ഉപമ പറയുന്നു. ഗോതമ്പുമണി നിലത്തുവീണ് അലിയുമ്പോഴാണ് അത് ഫലം പുറപ്പെടുവിക്കുന്നത് (യോഹ. 12, 24). ഇവിടെ ക്രിസ്തുവിന്‍റെ കുരിശില്‍ മറ്റൊരു മൂല്യംകൂടെ നമുക്ക് വെളിപ്പെട്ടു കിട്ടുന്നു – ജീര്‍ണ്ണതയില്‍നിന്നും മുളയെടുക്കുന്ന ഫലപ്രാപ്തി. അങ്ങനെ അവിടുത്തെ കുരിശുമരണം ദൈവകൃപയുടെ വറ്റാത്ത ഉറവയായി മാറുന്നു. അത് ദൈവസ്നേഹത്തില്‍ അടങ്ങിയിരിക്കുന്ന നവജീവന്‍റെ ഓജസ്സു വെളിപ്പെടുത്തുന്നു. അങ്ങനെ ക്രിസ്തുവില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നവര്‍ ക്രിസ്ത്വാനുകരണത്തിലൂടെ അവിടുത്തെ ശിഷ്യരായി തീരുന്നതും ഗോതമ്പുമണിപോലെ ഫലസമൃദ്ധി അണിയേണ്ടതുമാണ്. ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്നേഹത്തെപ്രതി ജീവന്‍ സമര്‍പ്പിക്കാന്‍ കരുത്തുള്ളവരായി മാറുന്നു (25).

ഇന്നും ക്രിസ്തുവിനെ കുണുവാന്‍ അഗ്രഹിക്കുന്നവരോടും, ദൈവത്തിന്‍റെ തിരുമുഖം അന്വേഷിക്കുന്നവരോടും, അല്ലെങ്കില്‍ അടിസ്ഥാന മതബോധനവും വിശ്വാസരൂപീകരണവും ലഭിച്ചിട്ടും അതു നഷ്ടപ്പെടുത്തിയവരോടും, പിന്നെ ഇനിയും ക്രിസ്തുവിനെ വ്യക്തിപരമായി കണ്ടെത്താത്തവരോടും..., മൂന്നു പ്രത്യേക കാര്യങ്ങള്‍ പാപ്പാ സൂക്തമായി പങ്കുവച്ചു. 1. സുവിശേഷം 2) ക്രൂശിതരൂപം 3) ബലഹീനമെങ്കിലും വിശ്വാസജീവിതം.

സുവിശേഷം –നമുക്ക് ക്രിസ്തുവിനെ സുവിശേഷത്തില്‍ ദര്‍ശിക്കാം, കണ്ടെത്താം, നമ്മുടെ വിശ്വാസം ബലഹീനമാണെങ്കിലും അവിടുന്നു നമ്മെ ശ്രവിക്കും, നമ്മെ മനസ്സിലാക്കും എന്ന് ഉറപ്പുണ്ട്. നമുക്കായി ക്രിസ്തു ജീവന്‍ സമര്‍പ്പിച്ചതിന്‍റെ അടയാളമാണ് കുരിശ്. പിന്നെ വിശ്വാസം പ്രകടമാക്കപ്പെടേണ്ടതും സഹോദര്‍ങ്ങള്‍ക്കൊപ്പം പങ്കുവയ്ക്കേണ്ടതുമായ ചെറിയ ചെറിയ സല്‍പ്രവൃത്തികള്‍ കൂടെയാണ്. അങ്ങനെ ജീവിക്കുന്ന കാര്യങ്ങളും പറയുന്ന കാര്യങ്ങളും തമ്മില്‍ പൊരുത്തപ്പെടല്‍ ആവശ്യമാണ്. അത് ജീവനും വിശ്വാസവും തമ്മിലുള്ള സമരസപ്പെടലും പെരുത്തപ്പെടലുമാണ്. അത് ജീവിതസാക്ഷൃവുമാണ്. സുവിശേഷം, കുരിശ്, ജീവിതസാക്ഷൃം – ഇവ സമന്വയിപ്പിച്ചു ജീവിക്കുവാന്‍ പരിശുദ്ധ കന്യകാനാഥ ഏവരെയും സഹായിക്കട്ടെ. പുനരുത്ഥാനത്തിന്‍റെയും കുരിശിന്‍റെയും വഴികളില്‍ ക്രിസ്തുവിനെ അനുഗമിക്കാന്‍ ഈ അമ്മ നിങ്ങളെ തുണയ്ക്കട്ടെ.

പ്രതികൂല കാലാവസ്ഥയിലും (മഴയും തണുപ്പുമുള്ള ദിവസമായിരുന്നു) എന്നിട്ടും ഇത്രയും വലിയ ജനാവലി സംഗമച്ചതില്‍ പാപ്പാ അതിയായ സന്തോഷവും അഭിനന്ദനങ്ങളും രേഖപ്പെടുത്തി!  മാര്‍ച്ച് 22 വിഖ്യാതമായ ‘റോമാ മാരത്തോണ്‍’ അരങ്ങേറിയ ദിവസമായിരുന്നു. കായിക താരങ്ങളെ പാപ്പാ അനുമോദിച്ചു. പിന്നെ മാര്‍ച്ച് 21-ാം തിയതി ശനിയാഴ്ച താന്‍ നേപ്പിള്‍സ് നഗരം സന്ദര്‍ശിച്ചകാര്യം അനുസ്മരിപ്പിച്ചു. അവിടത്തെ സ്വീകരണത്തിനും ഉഷ്മളവും സജീവവുമായ പങ്കാളിത്തത്തിനും പാപ്പാ പ്രത്യേകം നന്ദിപറഞ്ഞു.

മാര്‍ച്ച് 22-ന് ഐക്യാരാഷ്ട്ര സഭ ആചരിച്ച അഗോള ജലദിനമായിരുന്നു. ജീവന് ഏറ്റവും അടിസ്ഥാനവും ആവശ്യം വേണ്ടതുമായ ഘടകമാണ്, മൂലപദാര്‍ത്ഥമാണ് ജലം. അത് സംരക്ഷിക്കുവാനും ന്യായമായ വിധത്തില്‍ സകലരുമായി പങ്കുവയ്ക്കുവാനുമുള്ള മനുഷ്യകുലത്തിന്‍റെ കഴിവിലും തോതിനെയും ആശ്രയിച്ചിരിക്കും മനുഷ്യകുലത്തിന്‍റെ നിലനില്പെന്ന് പാപ്പാ വത്തിക്കാനില്‍ സമ്മേളിച്ച വന്‍ പുരുഷാരത്തെയും ലോകത്തെയും ഉദ്ബോധിപ്പിച്ചു. അതിനാല്‍ അന്താരാഷ്ട്ര സമൂഹം ഭൂമിയുടെ ജലസമ്പത്ത് സംരക്ഷിക്കണമെന്നും, അത് ഉപയോഗിക്കുവാനുള്ള അവകാശത്തിന്മേല്‍ വിവേചനം കാട്ടരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. ജലം ശ്രേഷ്ഠമായ പൊതുസ്വത്താണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഇങ്ങനെയാണ് പ്രതികരിച്ചത്. പവിത്രവും ഏറ്റവും ഉപകാരപ്രദവുമായ ജലസമ്പത്തിനെ അദ്ദേഹം ‘സഹോദരീ’ എന്ന് എപ്പോഴും അഭിസംബോധനചെയ്യുകയും ജലത്തിന് ദൈവത്തിന് നന്ദിപറയുകയും ചെയ്തു.

മാര്‍ച്ച് 22-ാം തിയതി ഞായറാഴ്ചയാണ് വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ സുവിശേഷ സമാഹാരത്തിന്‍റെ 50,000 പ്രതികള്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ വിതരണം ചെയ്തു. സഭയുടെ പുരാതന പാരമ്പര്യമാണ് ജ്ഞാനസ്നാനാര്‍ത്ഥികള്‍ക്ക് തപസ്സുകാലത്ത് സുവിശേഷ പുസ്തകം നല്കുകയെന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതുപോലെ തപസ്സിലെ 5-ാം വാരത്തില്‍ താനും സുവിശേഷത്തിന്‍റെ ‘പോക്കറ്റ് പതിപ്പ്’ (the pocket edition of the Gospel) ചത്വരത്തില്‍ ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ സന്നിഹിതരായ എല്ലാവര്‍ക്കും നല്കുകയാണെന്ന് പാപ്പാ പ്രസ്താവിച്ചു.

സുവിശേഷ പുസ്തകത്തിന്‍റെ സൗജന്യസമ്മാനം ചത്വരത്തില്‍ വിതരണംചെയ്തത് റോമിലെ ഭവനരഹിതരായ പാവങ്ങളായിരുന്നു. കര്‍ത്താവിന്‍റെ വചനം എളിയവര്‍ വിതരണംചെയ്യുന്നതും പങ്കുവയ്ക്കുന്നതും ഏറെ പ്രതീകാത്മകമാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. എല്ലാവരും അതിന്‍റെ പ്രതികള്‍ കൊണ്ടുപോകണമെന്നും, കഴിവതുപോലെ അനുദിനം വായിച്ച് മനസ്സിലാക്കുണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. വചനം ദിനന്തോറും വായിക്കുവാന്‍ അത് കൂടെ കൊണ്ടുനടക്കണം. പോക്കറ്റിലും, ബാഗിലും പേഴ്സിലും സൂക്ഷിക്കുണമെന്ന് പാപ്പാ വളരെ പ്രായോഗികമായി ഉദ്ബോധിപ്പിച്ചു. ‘വചനം നമ്മുടെ പദങ്ങള്‍ക്ക് പ്രകാശമാണ് അത് നമ്മെ നയിക്കുന്നു.’

 

നല്ലദിനം ഏവര്‍ക്കും ആശംസിച്ചുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നു അനുസ്മരിപ്പിച്ചുകൊണ്ടുമാണ് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്. പാപ്പാ ഫ്രാന്‍സിസ് സൗജന്യവിതരണം നടത്തുന്ന മൂന്നാമത്തെ പോക്കറ്റ് ഗ്രന്ഥമാണ് സുവിശേഷസമാഹാരം. ഇതിനു മുന്നേ മതബോധനപരമായ രണ്ടു ചെറുഗ്രന്ഥങ്ങള്‍ പാപ്പാ ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കിയിരുന്നു.

 








All the contents on this site are copyrighted ©.