2015-03-23 10:28:00

നേപ്പിള്‍സിലെ ജയില്‍ വാസികള്‍ക്ക് പാപ്പായുടെ സാന്ത്വന സാന്നിദ്ധ്യം


പാപ്പാ ഫ്രാന്‍സിസിന്‍റെ ഏകദിന നേപ്പിള്‍സ് ഇടയസന്ദര്‍ശനത്തിലെ ഉച്ചഭക്ഷണം ജയില്‍ വാസികള്‍ക്കൊപ്പമായിരുന്നു. മാര്‍ച്ച് 21-ാം തിയതി ശനിയാഴ്ചായാണ് നേപ്പിള്‍സിലേയ്ക്കുള്ള പാപ്പായുടെ ഏകദിന ഇടയസന്ദര്‍ശനം. നഗരത്തിന്‍റെ ഹൃദയഭാഗത്തിലുള്ള പ്ലബീസ്ക്കോ ചിത്വരത്തിലെ സമൂഹബലയര്‍പ്പണത്തെ തുടര്‍ന്ന് മദ്ധ്യാഹ്നം ഒരു മണിയോടെ പാപ്പാ അവിടത്തെ പോജ്ജിയോരിയാലേ ജയിലേയ്ക്കാണ് പുറപ്പെട്ടത്. സുരക്ഷാകാരണങ്ങളാല്‍ പാപ്പായുടെ ജയില്‍ പ്രഭാഷണമോ മറ്റു വിശദാംശങ്ങളോ ഇറ്റാലിയന്‍ ജയില്‍ അധികൃതര്‍ പുറത്തുവിട്ടില്ല. അടഞ്ഞവാതിലുകള്‍ക്കുള്ളിലെങ്കിലും സൗഹൃദത്തിന്‍റെ തുറന്ന കൂടിക്കാഴ്ചയായിരുന്നു അതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ജയിലിലെ കപ്പേളയില്‍വച്ച് 1000-ത്തോളം വരുന്ന ജയില്‍പുള്ളികളുമായി കൂടിക്കാഴ്ച നടത്തിയ പാപ്പാ, ജയില്‍ നിയമങ്ങള്‍ക്ക് വിധേയനായി 125 തിരഞ്ഞെടുക്കപ്പെട്ട തടവുകാര്‍ക്കൊപ്പം വളരെ സാധാരണമായ ഉച്ചഭക്ഷണം കഴിക്കുകയും, അതില്‍ രണ്ടു പേരുടെ ജീവല്‍ബന്ധിയായ ചോദ്യങ്ങള്‍ക്ക് വളരെ പ്രായോഗികമായ മറുപടികള്‍ നല്കിയെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. ലോകത്തെ പ്രഥമ വിശുദ്ധനെന്നു വിശേഷിപ്പിക്കാവുന്ന, ഇന്നും ലോകം ആരാധിക്കുന്ന മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട വ്യക്തി തടവുപുള്ളിയായിരുന്നു. അത് ക്രിസ്തുവായിരുന്നുവെന്ന് പാപ്പാ പറഞ്ഞതും, അവിടുന്ന് കുരിശില്‍ക്കുടന്നുകൊണ്ട് മറ്റൊരു കുറ്റവാളിക്കു വാഗ്ദാനംചെയ്ത പറുദീസായെക്കുറിച്ചും പാപ്പാ ജയില്‍വാസികളെ ഉദ്ബോധിപ്പിച്ചു. പാപ്പാ പങ്കുവച്ച സാന്ത്വനത്തിന്‍റെ ഏതാനും വാക്കുകള്‍ മാത്രം വത്തിക്കാന്‍ റേഡിയോ പുറത്തുവിട്ടു. 








All the contents on this site are copyrighted ©.