2015-03-21 19:55:00

അഴിമതി സമൂഹത്തിന്‍റെ ദുര്‍ഗന്ധമാണെന്ന് പാപ്പാ ഫ്രാന്‍സിസ്


തെക്കന്‍ ഇറ്റലിയിലെ നേപ്പിള്‍സ് നഗരത്തിലേക്ക് മാര്‍ച്ച് 21-ാം തിയതി ശനിയാഴ്ച അജപാലന സന്ദര്‍ശനത്തില്‍ നാപ്പൊളിയിലെ പൗരസമൂഹവുമായി നഗരമദ്ധ്യത്തിലെ പൊതുചത്വരത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നടത്തിയ ചോദ്യോത്തര പരിപാടിയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. പരിചയ സമ്പന്നനായ മുന്‍ന്യായാധിപന്‍റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

അഴിമതി എന്ന വാക്കുതന്നെ ഭീതിതമാണ്. അതു സമൂഹത്തെ ജീര്‍ണ്ണതയിലെത്തിക്കുന്നു. ഇറ്റാലിയന്‍ ഭാഷയില്‍ അഴിമതി എന്ന പദത്തിന് നാശോന്മുഖമായ, ചീഞ്ഞളിഞ്ഞ എന്നെല്ലാം അര്‍ത്ഥമുള്ളതായി പാപ്പാ ചൂണ്ടിക്കാട്ടി. അഴിമതി ദുര്‍ഗന്ധമാണ് അതു വച്ചുപൊറുപ്പിക്കുന്ന സമൂഹം മലീമസമാകും. അതില്‍നിന്നും തിന്മയുടെ ദുര്‍ഗന്ധം വമിക്കും, - എന്നിങ്ങനെ ശക്തമായ ഭാഷയില്‍ പാപ്പാ അഴിമതിക്കെതിരെ സ്വരമുയര്‍ത്തി. സമൂഹത്തില്‍ ധാരാളം അഴിമതിയുണ്ട്. അഴിമതി നടത്തിയിട്ടില്ല എന്നു പറയുവാന്‍ കെല്പുള്ളവര്‍ സമൂഹത്തില്‍ ചുരുക്കമാണെന്ന് പാപ്പാ സൂചിപ്പിച്ചു. അതേസമയം സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനമാണ് സമൂഹത്തിനു നല്കാവുന്ന ഏറ്റവും വലിയ സേവനമെന്നും പാപ്പാ അനുസ്മരിപ്പിച്ചു. നല്ല ക്രൈസ്തവര്‍ സത്യസന്ധരായ പൌരന്മാരുമായിരിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

25 വയസ്സിനു താഴെയുള്ള 40 ശതമാനത്തിലധികം യുവാക്കള്‍ക്കും ജോലിയില്ലാത്ത സാഹചര്യം അതീവഗുരുതരമെന്നും അതു സമൂഹത്തിന്‍റെ മോശം അവസ്ഥയാണെന്നു പാപ്പാ പ്രസ്താവിച്ചു. എന്ന യുവാവ് വിവിധ ജോലി സാഹചര്യങ്ങളിലുള്ളവരേയും ജോലിയില്ലാത്തവരേയും പ്രതിനിധീകരിച്ച് മിഖേലേ സ്തരീത്ത നടത്തിയ ചോദ്യത്തിനുത്തരമായാണ് പാപ്പാ ഇങ്ങനെ പ്രതികരിച്ചത്. 

ഇന്ന് നിലനില്ക്കുന്ന സമ്പദ് വ്യവസ്ഥ വലിച്ചെറിയലിനെയാണ് പ്രോത്സാഹിപ്പിക്കുന്നത് (throw away culture). അത്തരം സമ്പദ് വ്യവസ്ഥയാണ് തൊഴിലില്ലായ്മ രൂക്ഷമാക്കുന്നത്. ഭക്ഷണമില്ലാത്ത അവസ്ഥയല്ല, മറിച്ച് വീട്ടിലേക്കാവശ്യമുള്ള അരി സ്വന്തമായി അദ്ധ്വാനിച്ച് നേടാന്‍ സാധിക്കാത്ത ചുറ്റുപാടാണ് ഇന്നത്തെ പ്രശ്നം. ഇത് വ്യക്തിയുടെ അഭിമാനം കവരുന്നതും, അതുകൊണ്ടുതന്നെ ജോലിചെയ്യുവാനുള്ള അവകാശത്തിന്‍റെ നിഷേധവുമാണ്. പൗരനെന്ന നിലയില്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളോട് ക്രിസ്ത്യാനി പ്രതിരോധിക്കേണ്ടതാണ്, ഇക്കാര്യത്തില്‍ നിശബ്ദരായിരിന്നുകൂടാ, എന്നു പറഞ്ഞ പാപ്പാ ജോലിയില്ലാത്ത അവസ്ഥയെക്കുറിച്ച് മാത്രമല്ല തൊഴില്‍ രംഗത്തെ ചൂഷണത്തെക്കുറിച്ചും സംസാരിച്ചു. പകുതി ശമ്പളത്തില്‍ ഒരാനുകൂല്യവും നല്‍കാതെ മണിക്കൂറുകളോളം പണിയെടുപ്പിക്കുന്നത് ചൂഷണമാണ്, ചൂഷണം മാത്രമല്ല അത് അടിമത്വമാണെന്ന് പാപ്പാ പ്രസ്താവിച്ചു. അടിമത്വത്തിനും അതുവളര്‍ത്തുന്ന കാപട്യത്തിനും ക്രൈസ്തവന്‍ കൂട്ടാളി ആവരുതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ജോലിചെയ്ത് കുടുംബം പോറ്റുവാനും സ്വാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശത്തിനായി പോരാടേണ്ടത് അടിസ്ഥാന അവകാശമാണെന്നും പാപ്പാ അനുസ്മരിപ്പിച്ചു. 

ഫിലിപ്പീന്‍കാരി കുടിയേറ്റക്കാരിയുടെ ചോദ്യത്തിന് ഉത്തരമായി പാപ്പ പറഞ്ഞു, കുടിയേറ്റക്കാരും ദൈവമക്കളാണ്. അവരും ഈ രാജ്യത്തിലെ പൌരന്മാരാണ്, അവരെ രണ്ടാംകിടക്കാരായി കാണരുത്, മറച്ച് എല്ലാ കാര്യങ്ങളിലും നാട്ടുകാരോടു സമന്മാരും ദൈവപുത്രരും നമ്മുടെ സഹോദരങ്ങളുമായി കാണണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. മറ്റൊരര്‍ത്ഥത്തില്‍ നാമെല്ലാവരും അഭയാര്‍ത്ഥികളാണ്. ഈ രാജ്യത്തില്‍നിന്നും മറ്റൊരിടത്തേക്ക് യാത്രതിരിക്കേണ്ട അഭയാര്‍ത്ഥികളാണെന്ന് പാപ്പാ ആത്മീയാര്‍ത്ഥത്തില്‍ ഉദ്ബോധിപ്പിച്ചു.

 








All the contents on this site are copyrighted ©.