2015-03-11 16:55:00

വിശുദ്ധനാട്ടിലെ ക്രൈസ്തവരെ ഉദാരമായി സഹായിക്കണം


വിശുദ്ധനാട്ടിലെ വിശ്വാസസമൂഹങ്ങളും പുണ്യസ്ഥലങ്ങളും ഇനിയും സംരക്ഷിക്കപ്പെടണമെന്ന്, പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി പ്രസ്താവിച്ചു.

എല്ലാവര്‍ഷവും ദുഃഖവെള്ളിയാഴ്ച, ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ ശേഖരിക്കുന്ന സ്തോത്രക്കാഴ്ച വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണത്തിനായി അവിടേയ്ക്ക് വത്തിക്കാന്‍ അയച്ചുകൊടുക്കുകയാണ് പതിവ്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ആഗോള വിപ്രവാസവും മദ്ധ്യപൂര്‍വ്വദേശത്തെ കുടിയേറ്റ പ്രതിഭാസവും കണക്കിലെടുക്കുമ്പോള്‍ ഇനിയും ത്യാഗപൂര്‍വ്വവും ഉദാരവുമായ സംഭാവനകള്‍ നല്‍കിക്കൊണ്ട് ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയെയും അവിടത്തെ ജനതയെയും തുണയ്ക്കണമെന്ന്, അതിന്‍റെ സംരക്ഷകരായ ജരൂസലേമിലെ ഫ്രാന്‍സിസ്ക്കന്‍ സഭാ സമൂഹത്തിനുവേണ്ടി, കര്‍ദ്ദിനാല്‍ സാന്ദ്രി കത്തിലൂടെ ലോകമെമ്പാടുമുള്ള വിശ്വാസികളോടായി അഭ്യര്‍ത്ഥിച്ചു.

വിശുദ്ധനാടിന്‍റെ ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ പീഡകളും ക്ലേശങ്ങളും അനുദിനം അവിടെ ആവര്‍ത്തിക്കപ്പെടുകയാണെന്നും, അതിന്‍റെ വ്യഥകള്‍ അവിടുത്തെ ജനങ്ങള്‍ അനുദിനം അനുഭവിക്കുകയാണെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി പ്രസ്താവിച്ചു. അതിനാല്‍ ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അരൂപിയില്‍ ഇക്കുറിയും അവിടുത്തെ വിശ്വാസ സമൂഹത്തെയും സ്ഥാപനങ്ങളെയും ഉദാരമായി സഹായിക്കേണ്ടതാണെന്ന് മാര്‍ച്ച് 10-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍നിന്നും ഇറക്കിയ കത്തിലൂടെ കര്‍ദ്ദിനാള്‍ സന്ദ്രി ആവശ്യപ്പെട്ടു. 

ജരൂസലേമിലെ ഗദ്സേമന്‍ തോട്ടം, ക്രിസ്തുവിന്‍റെ കല്ലറ, അന്ത്യത്താഴ വിരുന്നു ശാല, മംഗലവാര്‍ത്തയുടെ ബസിലിക്ക, മഗ്ദലയിലെ മറിയത്തിന്‍റെ വസതിയും ഗ്രാമവും, ഗവേണങ്ങള്‍ നടക്കുന്ന ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിലെ പ്രധാനപ്പെട്ട കഫര്‍ണാവും, രൂപാന്തരീകരണത്തിന്‍റെ തീര്‍ത്ഥാടന കേന്ദ്രം, മറിയം വളര്‍ന്നുവന്ന നസ്രത്തിലെ പുരാതനഭവനം, ക്രിസ്തുവിന്‍റെ ആദ്യാത്ഭുതം നടന്ന കാനായും അതുമായി ബന്ധപ്പെട്ട ഭവനവും സ്ഥാപനങ്ങളും, മോശയുടെ മല എന്നറിയപ്പെടുന്ന നെബോ മല എന്നിവയാണ് ഫ്രാന്‍സിസ്ക്കന്‍ സമൂഹത്തിന്‍റെ സംരക്ഷണയിലുള്ള വിശുദ്ധനാട്ടിലെ പുണ്യസ്ഥലങ്ങള്‍.

യുദ്ധവും അഭ്യന്തര കലാപവുംകൊണ്ട് കലുഷിതമായ അന്നാട്ടില്‍ നിരവിധി കത്തോലിക്കാ വിദ്യാലയങ്ങളും തൊഴില്‍ സ്ഥാപനങ്ങളും സാംസ്ക്കാരിക വികസന പ്രവര്‍ത്തനങ്ങളും അതിന്‍റെ സംരക്ഷകരായ ഫ്രാന്‍സിസ്ക്കന്‍ വൈദികരുടരെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ സന്ദ്രി അറിയിച്ചു.








All the contents on this site are copyrighted ©.