2015-03-09 12:38:00

സ്ത്രീകളെ പാര്‍ശ്വവത്ക്കരിക്കുന്ന സമൂഹം വന്ധ്യമാകും


മാര്‍ച്ച് 8-ാം തിയതി സ്ത്രീകളുടെ ആഗോളദിനത്തില്‍ ലോകത്തുള്ള സകല സ്ത്രീകള്‍ക്കും പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ഒപ്പം പ്രാര്‍ത്ഥനനിറഞ്ഞ ആശംസകളും നേര്‍ന്നു.

മാനവികതയും സൗഹൃദവും ലോകത്തു കൂടുതല്‍ വളര്‍ത്തുന്നവാന്‍ പരിശ്രമിക്കുന്ന സ്ത്രീകളെന്ന്, മാര്‍ച്ച് 8-ാം തിയതി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ ജനങ്ങള്‍ക്കൊപ്പം നടത്തിയ ത്രികാല പ്രാര്‍ത്ഥന പരിപാടിയുടെ അന്ത്യത്തില്‍ പാപ്പാ പ്രസ്താവിച്ചു. സഭയില്‍ സമര്‍പ്പിതരായിക്കൊണ്ട് ക്രിസ്തുവിന്‍റെ സുവിശേഷമൂല്യങ്ങള്‍ക്ക് മൗലികമായ സാക്ഷൃംനല്കുകയും സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും സന്ദേശം പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് ലോകത്തിന്‍റെ നാനാഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന സന്ന്യാസിനികളെയും സ്ത്രീകളുടെ ദിനത്തിലെ ആശംസയില്‍ പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു.

സമൂഹത്തിലെ സ്ത്രീകളുടെ സജീവ സാന്നിദ്ധ്യം അംഗീകരിക്കുവാനും ഏറ്റുപറയുവാനും അവര്‍ക്ക് നന്ദിപറയുവാനുമുള്ള അവസരമാണിതെന്ന് പാപ്പാ പ്രസ്താവിച്ചു. സ്ത്രീകളെ പുറംതള്ളുകയോ പാര്‍ശ്വവത്ക്കരിക്കുകയോ ചെയ്യുന്ന ലോകം അല്ലെങ്കില്‍ സമൂഹം വന്ധ്യമായിരിക്കുമെന്ന് പാപ്പാ പ്രസ്താവിച്ചു. കാരണം അവര്‍ ജീവന്‍റെ സ്രോതസ്സുക്കളാണ്. മാത്രമല്ല, അതിനുമപ്പുറം ലോകത്തെ വ്യത്യസ്തമായ ദൃഷ്ടിയില്‍ കാണുവാനുള്ള കഴിവും അവരുടെ സവിശേഷതയാണ്. കാര്യങ്ങള്‍ കൂടുതല്‍ ക്രിയാത്മകമാക്കുവാനും സുന്ദരമാക്കുവാനും സ്ത്രീകള്‍ക്ക് പ്രത്യേക കഴിവും കരുത്തുമുണ്ട്. ക്ഷമയും ലാളിത്യവും അവരുടെ സവിശേഷതയും തനിമയുമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാനും പ്രഭാഷണം ശ്രവിക്കുവാനുമായി കാത്തുനിന്നിരുന്ന ആയിക്കണക്കിന് സ്ത്രീകള്‍ക്കും ലോകത്തുള്ള സകല സ്ത്രീ ജനങ്ങള്‍ക്കും പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ത്രികാല പ്രാര്‍ത്ഥന പ്രഭാഷണം ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.