2015-03-04 19:50:00

പാപ്പാ ഫ്രാന്‍സിസിലെ ഡോണ്‍ബോസ്ക്കോ സ്വാധീനം


പാപ്പാ ഫ്രാന്‍സിസിന്‍റെ വ്യക്തിത്വത്തില്‍ ഡോണ്‍ ബോസ്ക്കോയുടെ ചൈതന്യമുണ്ടെന്ന് അര്‍ജന്‍റീനിയന്‍ ഗ്രന്ഥകര്‍ത്താവ്, അലെസാന്ദ്രോ ലെയോണെ പ്രസ്താവിച്ചു. ‘ഡോണ്‍ബോസ്ക്കോയും പാപ്പാ ഫ്രാന്‍സിസും’ എന്ന സ്പാനിഷ് ഗ്രന്ഥത്തിന്‍റെ കര്‍ത്താവ്, അലെസാന്ത്രോ ലിയോണെയാണ് പാപ്പായുടെ വ്യക്തിത്വത്തിലുള്ള ഡോണ്‍ബോസ്ക്കോയുടെ സ്വാധീനം പുസ്തകത്തില്‍ പുറത്തുകൊണ്ടു വന്നത്.

അര്‍ജന്‍റീനായിലെ സലീഷ്യന്‍ സ്ഥാപനങ്ങളില്‍ പഠിച്ചു വളര്‍ന്ന ജോര്‍ജ്ജ് ബര്‍ഗോളിയോ, ഇന്ന് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്നതും വിലമതിക്കുന്നതുമായ സഹവര്‍ത്തിത്വം, പാവങ്ങളോടുള്ള പ്രതിബദ്ധത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാകല്യ സംസ്കൃതി തുടങ്ങിയ സാമൂഹ്യമൂല്യങ്ങള്‍ പാപ്പായിലെ ഡോണ്‍ബോസ്ക്കോയുടെ സിദ്ധി വെളിപ്പെടുത്തുന്നവയാണെന്ന് അര്‍ജന്‍റീനക്കാരനായ ഗ്രന്ഥകര്‍ത്താവ്, ലെയോണെ മാര്‍ച്ച് 3-ാം തിയതി ചൊവ്വാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

സലീഷ്യന്‍ ബോര്‍ഡിങ്ങില്‍ പഠിക്കുന്ന കാലത്ത് ജോര്‍ജ്ജ് ബര്‍ഗോളിയോ തന്‍റെ സന്ന്യാസ വിളിയെക്കുറിച്ച് പിതാവിന് എഴുതിയ കത്ത്, ബര്‍ഗോളിയോ കുടുംബ ചരിത്രം, ഇറ്റലിയില്‍നിന്നും അര്‍ജന്‍റീനായിലേയ്ക്കുള്ള കുടുംബത്തിന്‍റെ കുടിയേറ്റം, ബര്‍ഗോളിയോയുടെ ജീവിതത്തില്‍ പൊസ്സോളി എന്ന സലീഷ്യന്‍ വൈദികന്‍റെ സ്വാധീനം എന്നിങ്ങനെയുള്ള പ്രതിപാദ്യങ്ങളും ‘പാപ്പാ ഫ്രാന്‍സിസും ഡോണ്‍ബോസ്ക്കോയും’ എന്ന ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്ന വസ്തുതകളാണെന്ന് ലെയോണെ വിവരിച്ചു.

1875-ല്‍ ഡോണ്‍ ബോസ്ക്കോ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ തന്‍റെ സഭാംഗങ്ങളെ ആര്‍ജന്‍റീനായിലെ പാറ്റഗോണിയയിലേയ്ക്ക് അയച്ചിരുന്നു. അവിടത്തെ ആദ്യകാല സലീഷ്യന്‍ മിഷണിമാരില്‍ ഒരാളായിരുന്ന സലീഷ്യന്‍ ബ്രദര്‍, വാഴ്ത്തപ്പെട്ട ആര്‍ത്തിമിദേ സാത്തി (1880-1951) പാപ്പാ ഫ്രാന്‍സിസിന്‍റെ വളരെ അടുത്ത സുഹൃത്തായിരുന്നുവെന്നും ഗ്രന്ഥം വെളിപ്പെടുത്തുന്നുണ്ട്. 1949 മുതല്‍ പാപ്പാ സ്ഥാനത്തേയ്ക്ക് ആരോപിതനായതുവരെയുള്ള കാലഘട്ടത്തില്‍ ഡോണ്‍ ബോസ്ക്കോയുടെ 9-ാമത്തെ പിന്‍ഗാമി, ഡോണ്‍ പാസ്ക്വാള്‍ ചാവെസ്, 10-ാമത്തെ റെക്ടര്‍ മേജര്‍, ഡോണ്‍ ആര്‍ത്തിമെ ഫെര്‍ണാണ്ടസ് എന്നിവരുമായുള്ള വ്യക്തഗത ബന്ധങ്ങളും ഡോണ്‍ ബോസ്ക്കോ എന്ന ആധുനിക യുഗത്തിലെ മഹാവിശുദ്ധനോടും, അദ്ദേഹം സ്ഥാപിച്ച സഭയോടും പാപ്പാ ഫ്രാന്‍സിസിനുള്ള ആത്മബന്ധവും അടുപ്പവും വെളിപ്പെടുത്തുന്നു.

ഡോണ്‍ബോസ്ക്കോയുടെ ജനനത്തിന്‍റെ രണ്ടാം ശതാബ്ദിയോട് അനുബന്ധിച്ച് വത്തിക്കാന്‍റെ മുദ്രണാലയം (Libreria Editrice Vaticana) പുറത്തുകൊണ്ടുവന്ന പുസ്തകം പാപ്പാ ഫ്രാന്‍സിസിന്‍റെ വ്യക്തിത്വത്തിലെ അത്യപൂര്‍വ്വ തലങ്ങള്‍ വെളിപ്പെടുത്തുന്നുവെന്ന് മാര്‍ച്ച് 3-ന് റോമില്‍ നടന്ന പ്രകാശനകര്‍മ്മത്തില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. 








All the contents on this site are copyrighted ©.