2015-03-02 10:19:00

ക്രിസ്തുവിന്‍റെ രൂപാന്തരീകരണവും നിത്യതയുടെ ആനന്ദവും


മാര്‍ച്ച് 1-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥന ശുശ്രൂഷയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:

മരുഭൂമിയില്‍ ക്രിസ്തുവിനുണ്ടായ പ്രലോഭനങ്ങളെക്കുറിച്ചും, അവിടുന്ന് അവയെ മറികടന്നതിനെക്കുറിച്ചുമായിരുന്നു തപസ്സിലെ ആദ്യ ഞായറാഴ്ചത്തെ ധ്യാനം. പിതാവിന്‍റെ ഹിതത്തിനു വിധേയരായി ജീവിക്കുന്നവര്‍ക്ക് പാപങ്ങളെക്കുറിച്ചുള്ള അനുതാപത്തിലൂടെ മാനസാന്തരത്തിന്‍റെ പാത തുറക്കപ്പെടുമെന്നും, ക്രിസ്തുവിനെപ്പോലെ പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള കരുത്തു ലഭിക്കുമെന്നും സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. പിതൃഹിതത്തോട് അനുസരണയുള്ള സഹനദാസന്‍ ക്രിസ്തുവിന്‍റെ മുഖകാന്തിയുടെ ദര്‍ശനത്തിലൂടെ മാനസാന്തരത്തിലേയ്ക്കുള്ള ക്ഷണമാണ് തപസ്സിലെ രണ്ടാം വാരത്തില്‍ സഭ നമ്മുടെ മുന്നില്‍ വയ്ക്കുന്നത്. സുവിശേഷം വിവരിക്കുന്ന രൂപാന്തരീകരണം ക്രിസതുവിന്‍റെ പരസ്യജീവിതത്തിന്‍റെ ഉച്ചസ്ഥായിയാണ് (മാര്‍ക്ക 9, 2-8). സഹനദാസനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിനും, തന്‍റെ രക്ഷാകരയാഗം പൂര്‍ത്തീകരിക്കുന്നതിനുമായി ക്രിസ്തു ജരൂസലേമിലേയ്ക്കു പോകുന്നു. യാത്രാമദ്ധ്യേയാണ് താബോറിലെ രൂപാന്തരീകരണ സംഭവം അരങ്ങേറുന്നത്.

മാനുഷികമായ വിജയത്തിന്‍റെയും നേട്ടത്തിന്‍റെയും പ്രതീക്ഷകള്‍ക്ക് മിശിഹാ ഘടകവിരുദ്ധമാകയാലാണ് ജനം അവിടുത്തെ ഉപേക്ഷിച്ചത്. റോമന്‍ മേല്‍ക്കോയ്മയില്‍നിന്നും തങ്ങളെ സ്വതന്ത്രനാക്കുന്ന രാഷ്ട്ര വിമോചകനെയാണ് അവര്‍ പ്രതീക്ഷിച്ചത്. ക്രിസ്തു അവരുടെ പ്രതീക്ഷകള്‍ക്കൊത്തു വരായ്കയാല്‍ അവര്‍ അവിടുത്തെ തള്ളിപ്പറഞ്ഞു. പീഡകളില്‍ പൊതിഞ്ഞ അവിടുത്തെ മഹത്വീകരണം മനസ്സിലാക്കുവാന്‍ അപ്പസ്തോലന്മാര്‍ക്കുപോലും കഴിയുന്നില്ല. എന്നാല്‍ പുനരുത്ഥാനത്തിന്‍റെ മഹത്വമാര്‍ന്ന തേജസ്സും ദൈവിക പ്രാഭവവും പത്രോസിനും യാക്കോബിനും യോഹന്നാനും ക്രിസ്തു താബോറില്‍ വെളിപ്പെടുത്തിക്കൊടുത്തു. അവരുടെ വിശ്വാസത്തെ ബലപ്പെടുത്തുവാനും കുരിശിന്‍റെവഴിയില്‍ പതറാതെ അവര്‍ പിന്‍തുടരുന്നതിനും വേണ്ടിയായിരുന്നു അത്. അങ്ങനെ താബോര്‍ മലയില്‍ അവര്‍ പ്രാര്‍ത്ഥനാനിരതരായിരിക്കെ ക്രിസ്തു രൂപാന്തരപ്പെട്ടു. അവിടുത്തെ മുഖം ആയിരം സൂര്യതേജസ്സോടെ പ്രകാശിച്ചു. മൂന്നു ശിഷ്യന്മാരും ഭയവിഹ്വലരായി. അപ്പോള്‍ മേഘം വന്ന് അവിടുത്തെ മറച്ചുകളഞ്ഞു. യോര്‍ദ്ദാന്‍ നദിക്കരയിലെ ജ്ഞാനസ്നാന വേളയില്‍ സംഭവിച്ചതുപോലെ താബോറിലും മേഘങ്ങളില്‍നിന്നും അവര്‍ പിതാവിന്‍റെ സ്വരം ശ്രവിച്ചു. ‘ഇവന്‍ എന്‍റെ പ്രിയ പുത്രനാകുന്നു. ഇവനെ നിങ്ങള്‍ ശ്രവിക്കുവിന്‍!’ (മാര്‍ക്ക് 9, 7).

ദാസന്‍റെ രൂപമെടുത്ത പുത്രനാണ് ക്രിസ്തു. രക്ഷാകര പദ്ധതി ഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കുവാനായിരുന്നു അവിടുന്ന് ദാസരൂപം കൈക്കൊണ്ടത്. മനുഷ്യരക്ഷ കൈവരിക്കുവാനായിരുന്നു! പിതാവിനോടുള്ള സമ്പൂര്‍ണ്ണ വിധേയത്വംവഴി അവിടുത്തെ മാനുഷികത സ്നേഹപൂര്‍ണ്ണമായ ദൈവമഹത്വം ആര്‍ജ്ജിച്ച് രൂപാന്തരപ്പെട്ടു. പിതൃമഹത്വത്തിന്‍റെ സമ്പൂര്‍ണ്ണരൂപമാണ് ക്രിസ്തുവിന്‍റെ തേജസ്ക്കരണം. വെളിപാടിന്‍റെ പൂര്‍ത്തീകരണമെന്നോണം നിയമവും പ്രവാചകന്മാരെയും പ്രതീകവത്ക്കരിച്ച് ക്രിസ്തുവിന്‍റെ രൂപാന്തരീകരണത്തില്‍ മോശയും ഏലിയായും പ്രത്യക്ഷപ്പെട്ടു. അതായത് ക്രിസ്തുവില്‍ - അവിടുത്തെ പീഡാനുഭവത്തിലും മഹത്വീകരണത്തിലും സകലത്തിനും ആരംഭം കുറിക്കുകയും, അവിടുന്നില്‍ അവ അവസാനിക്കുകയും ചെയ്യുമെന്ന സന്ദേശമാണ് താബോറില്‍ തെളിഞ്ഞത്.

താബോറില്‍നിന്നും ഇന്നു നമുക്കു ലഭിക്കുന്ന സന്ദേശമിതാണ്: ‘നിങ്ങള്‍ അവിടുത്തെ ശ്രവിക്കുവിന്‍!’ ക്രിസ്തുവിനെ ശ്രവിക്കുവിന്‍. അവിടുന്നില്‍ വിശ്വസിക്കുവിന്‍. അവിടുന്നാണ് രക്ഷകന്‍. അവിടുത്തെ അനുഗമിക്കുക! ക്രിസ്തുവിനെ മനസ്സിലാക്കുവാന്‍ അവിടുത്തെ പെസഹാരഹസ്യത്തിന്‍റെയും സഹനത്തിന്‍റെയും യുക്തി നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. അവിടുത്തെ സഹനശൈലി സ്വീകരിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ ജീവിതങ്ങള്‍ മറ്റുള്ളവര്‍ക്കുള്ള സ്നേഹസമ്മാനവും സമര്‍പ്പണവുമായി രൂപാന്തരപ്പെടുന്നത്. ലൗകിക വസ്തുക്കളില്‍നിന്നും അകന്ന് ആന്തരിക സ്വാതന്ത്ര്യത്തോടെ ദൈവഹിതത്തിന് വിധേയപ്പെട്ടു ജീവിക്കുവാന്‍ സാധിക്കുന്നത് ക്രിസ്തുവിലുള്ള രൂപാന്തരീകരണത്തിലൂടെയാണ്. സ്വയം നഷ്ടപ്പെടുത്തിക്കൊണ്ട് എല്ലാം മറ്റുള്ളവര്‍ക്കായി നേടുകയും, സകലര്‍ക്കും രക്ഷ നല്കുന്നതുമായ നിത്യാനന്ദത്തിന്‍റെ ജീവിതശൈലിയാണ് ക്രിസ്തു കാണിച്ചുതരുന്നത്. നിത്യാനന്ദത്തിലേയ്ക്കുള്ള മാര്‍ഗ്ഗം ക്രിസ്തുവാണ്. അവിടുത്തെ പാതയില്‍ കുരിശുകളുണ്ടാകും, എന്നാല്‍ അവസാനം ആനന്ദവും. ക്രിസ്തു നമ്മെ ഉപേക്ഷിക്കുകയില്ല. അവിടുത്തെ വഴിയെ ചരിക്കുന്നവര്‍ക്ക് വാഗ്ദാനംചെയ്യപ്പെട്ട സന്തോഷം തീര്‍ച്ചയായും ലഭിക്കും. ‘ജീവന്‍ പരിരക്ഷിക്കാന്‍ ശ്രമിക്കുന്നവന് അത് നഷ്ടമാകും. എന്നാല്‍ അത് ക്രിസ്തുവിനെയോ സവിശേഷത്തെയോപ്രതി നഷ്ടപ്പെടുത്തുന്നവന് നേട്ടമായി ഭവിക്കും (മാര്‍ക്കോസ് 8, 35). സകല മനുഷ്യര്‍ക്കുമായുള്ള ക്രിസ്തുവിന്‍റെ രക്ഷാകര പദ്ധതി ഇതാണ്.

പത്രോസിനും യാക്കോബിനും യോഹന്നാനും താബോര്‍ മലയില്‍ നല്കിയ രൂപാന്തരീകരണത്തിന്‍റെ സന്ദേശം നമുക്കും സ്വായത്തമാക്കാം. ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നമുക്കും രൂപാന്തരപ്പെടാം. എല്ലാറ്റിനെയും രൂപാന്തരപ്പെടുത്തുന്ന ശക്തി സ്നേഹമാണ്. സ്നേഹം എല്ലാറ്റിനെയും മാറ്റി മറിക്കുന്നു. സ്നേഹത്തിന് രൂപാന്തരീകരണ ശക്തിയുണ്ടെന്ന് മനസ്സിലാക്കുകയല്ല, വിശ്വസിക്കുകയാണു വേണ്ടത്. സ്നേഹം എല്ലാറ്റിനെയും രൂപാന്തരപ്പെടുത്തുന്നുവെന്നത് ക്രിസ്തീയ വിശ്വാസമാണ്. നമ്മുടെ വിശ്വാസത്തെ പരിശുദ്ധ കന്യകാനാഥ ബലപ്പെടുത്തട്ടെ, എന്ന പ്രസ്താവത്തോടെ പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥനചൊല്ലി. 








All the contents on this site are copyrighted ©.