2015-02-28 12:48:00

മനുഷ്യസ്നേഹവുമായി ക്രിസ്തുവിന്‍റെ മലയിറക്കം


തപസ്സിലെ രണ്ടാം വാരം - രൂപാന്തരീകരണം  വിശുദ്ധ മാര്‍ക്കോസ് 9, 2-10

ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് യേശു ഉയര്‍ന്ന മലയിലേയ്ക്കു പോയി. അവിടുന്ന് അവരുടെ മുമ്പില്‍വച്ച് രൂപാന്തരപ്പെട്ടു. അവിടുത്തെ വസ്ത്രങ്ങള്‍ ഭൂമിയിലെ ഏതൊരു അലക്കുകാരനും വെളിപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ വെണ്‍മയും തിളക്കവുമുള്ളവയായി. ഏലിയായും മോശയും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു. അപ്പോള്‍, പത്രോസ് യേശുവിനോടു പറഞ്ഞു. ഗുരോ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം. ഒന്ന് നിനക്ക്, ഒന്ന് മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. എന്താണ് പറയേണ്ടതെന്ന് അവന് അറിഞ്ഞുകൂടായിരുന്നു. അവര്‍ അത്രയ്ക്ക് ഭയപ്പെട്ടിരുന്നു. അപ്പോള്‍ ഒരു മേഘം വന്ന് അവരെ ആവരണംചെയ്തു. മേഘത്തില്‍നിന്ന് ഒരു സ്വരം പുറപ്പെട്ടു:  ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവന്‍റെ വാക്കു ശ്രവിക്കുവിന്‍. അവര്‍ ചുറ്റുനോക്കി യേശുവിനെയല്ലാതെ മറ്റാരെയും തങ്ങളോടുകൂടെ അവര്‍ കണ്ടില്ല. അവര്‍ കണ്ട കാര്യങ്ങള്‍ മനുഷ്യപുത്രന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ക്കുന്നതുവരെ ആരോടും പറയരുതെന്ന്, മലയില്‍നിന്നിറങ്ങിപ്പോരുമ്പോള്‍ അവിടുന്ന് അവരോടു കല്പിച്ചു. മരിച്ചവരില്‍നിന്ന് ഉയിര്‍‍ക്കുകയെന്നത് എന്താണെന്നു ചിന്തിച്ചുകൊണ്ട് അവര്‍ ഈ വചനം രഹസ്യമായി സൂക്ഷിച്ചു.

ഫെബ്രുവരി 14ാം തിയതി (2015) ശനിയാഴ്ച 19 നവകര്‍ദ്ദിനാളന്മാരെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വാഴിക്കുകയുണ്ടായി. വ്യക്തിപരമായൊരു നിരീക്ഷണം പങ്കുവയ്ക്കട്ടെ. അവരില്‍ അധികംപേരും ലോകത്തിന്‍റെ വളരെ വിദൂരമായ, നിഗൂഢമായ സാധാരണ സാമൂഹ്യ ചുറ്റുപാടുകളില്‍നിന്നാണ്, പ്രവിശ്യകളില്‍നിന്നാണ്. സമൂഹത്തിന്‍റെ വിളുംമ്പിലേയ്ക്ക്, periphery-യിലേയ്ക്ക് തേടിച്ചെന്നുള്ള തിരഞ്ഞെടുപ്പാണ് പാപ്പാ ഫ്രാന്‍സിസ് നടത്തിയതെന്ന് സൂക്ഷ്മദൃഷ്ടിയില്‍ മനസ്സിലാക്കാം. എത്യോപ്യയിലെ അദിസ് അബേബാ, ന്യൂസിലാണ്ടിലെ വെലിംഗ്ടണ്‍, വിയറ്റ്നാമിലെ ഹാനോയ്, മെക്സിക്കോയിലെ മൊറേലിയാ, മ്യാന്‍മാറിലെ യാങ്കോണ്‍, ഉറുഗ്വേയിലെ മോന്തെവീഡിയോ, പസിഫിക് ദ്വീപു രാജ്യമായ തോങ്കാ, കൊളമ്പോയിലെ മനിസാലസ്, അര്‍ജന്‍റീനായിലെ തുക്മാന്‍, മെസാമ്പിക്കിലെ സായ് സായി.. എന്നിവിടങ്ങളില്‍നിന്നാണ് നവകര്‍ദ്ദിനാളന്മാര്‍. അധികംപേരും സമൂഹത്തിന്‍റെ വിളുമ്പില്‍ സാധാരണക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സ്ഥാനാരോഹണച്ചടങ്ങില്‍ പാപ്പാ അവരെ ഉദ്ബോധിപ്പിച്ചത്: കര്‍ദ്ദിനാള്‍ സ്ഥാനം ഉപചാരബഹുമതിയല്ല, മറിച്ച് ആഴമായ സ്നേഹശുശ്രൂഷയ്ക്കുമായി സഭ നല്കുന്നു അന്തസ്സും പദവിയുമാണ്.

സമൂഹം തള്ളിക്കളഞ്ഞവരിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന ക്രിസ്തുവിന്‍റെ ആര്‍ദ്രമായ അജപാലന അനുകമ്പയാണ് നവകര്‍ദ്ദിനാളന്മാരെ പാപ്പാ ചൂണ്ടിക്കാണിച്ചത്. ദൈവരാജ്യത്തിന്‍റെ സ്വാതന്ത്രൃവും, നീതിയും എളിയവര്‍ക്കുവേണ്ടി പനുഃസ്ഥാപിക്കുന്നതും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നതുമായ അജപാലന സമര്‍പ്പണ യുക്തിയാണ് പാപ്പാ ഫ്രാന്‍സിസ് വാക്കുകളില്‍ വരച്ചുകാട്ടിയത്.  ‘ക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്നു പറയുന്നവര്‍ അവിടുന്നു നടന്ന വഴിയെ നടക്കേണ്ടിയിരിക്കുന്നു’ (1യോഹ. 2, 6) അവിടുന്ന് ഇറങ്ങിപ്പുറപ്പെട്ടതുപോലെ സമൂഹത്തിന്‍റെ വിളുമ്പിലേയ്ക്ക്, പാവങ്ങളിലേയ്ക്ക്, സാധാരണക്കാരിലേയ്ക്ക് ഇറങ്ങിച്ചെല്ലേണ്ടിയിരിക്കുന്നു എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുകയുണ്ടായി.   

ക്രിസ്തുവിനും അവിടുത്തെ മൂന്ന് ശിഷ്യന്മാര്‍ക്കും താബോര്‍ മലയില്‍ ഉണ്ടായ ദൈവികാനുഭവമാണ് രൂപാന്തരീകരണം. ശിഷ്യന്മാര്‍ക്കു ക്രിസ്തു താബോര്‍ മലയില്‍വച്ച് തന്‍റെ ദൈവികപ്രാഭവം വെളിപ്പെടുത്തി കൊടുത്തപ്പോള്‍, ‘നമുക്കിവിടെ പാര്‍ക്കാം, ഇവിടെ പാര്‍ക്കുന്നത് നല്ലതാണ്’ എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പത്രോശ്ലീഹാ ഉടനെ പറഞ്ഞത്, ‘കര്‍ത്താവേ, നമുക്കിവിടെ മൂന്നു കൂടാരങ്ങള്‍ നിര്‍മ്മിക്കാമെന്നാണ്’. എന്നിട്ടും അവിടുന്ന് മലയില്‍ പാര്‍ത്തില്ല. മലയിറങ്ങി ജനമദ്ധ്യത്തിലേയ്ക്ക് ചെല്ലുന്നു. മനുഷ്യരോടൊപ്പം ആയിരിക്കുവാനും അവര്‍ക്കായി തന്‍റെ ജീവന്‍ സമര്‍പ്പിക്കുവാനും വേണ്ടിയാണ് അവിടുന്ന് മലയിറങ്ങിയത്. രൂപാന്തരീകരണ വേളയില്‍ ക്രിസ്തുവിനു പ്രത്യക്ഷപ്പെട്ട മോശയും ഏലിയായും വെളിച്ചം വീശിയത്, അവിടുത്തെ പീഡാസഹനത്തിലേയ്ക്കും കുരിശുമരണത്തിലേയ്ക്കുമായിരുന്നു. പെസഹാരഹസ്യത്തിന്‍റെ വെളിപ്പെടുത്താലാണ് രൂപാന്തരീകരണത്തിന്‍റെ പരമവും പ്രധാനവുമായ ലക്ഷൃമെന്ന് നമുക്കിവിടെ മനസ്സിലാക്കാം. ക്രിസ്തുവിന്‍റെ കുരിശും പീഡകളും അംഗീകരിക്കുക, അനുഗമിക്കുക എളുപ്പമല്ല. ശിഷ്യന്മാര്‍ ഏറെ ബദ്ധപ്പെട്ടത് പെസഹാരഹസ്യങ്ങള്‍ അംഗീകരിക്കാനാണ്. അനുദിനജീവിതത്തില്‍ മഹത്വത്തിന്‍റെ താബോര്‍ മല തേടുവാനാണ് നാമെല്ലാവരും പരിശ്രമിക്കുന്നത്.

സഭ നമ്മെ ഈ തപസ്സുകാലത്ത് ക്ഷണിക്കുന്നത് ക്രിസ്തുവിന്‍റെ കുരിശിനെയും പീഡകളെയും ധ്യാനിച്ചുകൊണ്ട് നമ്മെ വിശുദ്ധീകരിക്കുവാനാണ്. കുരിശിന്‍റെ അര്‍ത്ഥം നമുക്കിന്ന് നഷ്ടമാകുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാണെക്കാണെ കുരിശൊക്കെ അലങ്കരങ്ങളായി തീരുകയാണ്.  ‘പള്ളിക്കെന്തിനാണ് പൊന്‍കുരിശ്ശ്’ എന്നു ചോദിക്കുന്നത് തോമായല്ല, ബഷീറെന്ന സൂഫിയാണ്. ഒരു വിപല്‍ജീവിതത്തിന്‍റെ ഫലശ്രുതിയാണ് കുരിശാകുന്ന കഴുമരം എന്ന ഓര്‍മ്മപോലും മങ്ങിയതുപോലെ തോന്നുന്നു. ക്രിസ്തുവിന്‍റെ പീഡിതരൂപമുള്ള കുരിശു പള്ളികളില്‍ വേണ്ട, അലങ്കാരത്തിന്‍റെ പൊന്‍കുരിശുമതി എന്നൊരു വാദവും നമ്മുടെ സമൂഹത്തില്‍ ഇന്നു നിലനില്ക്കുന്നുണ്ട്. കുരിശില്‍ ക്രിസ്തു പാടില്ലെന്നൊരു ശാഠ്യം. കുരിശിലെ മൃതപ്പെട്ട ക്രിസ്തുവിനെ ചിലര്‍ക്ക് ഭീതിയാണ്.

അതുകൊണ്ടാവാം കഴുത്തിലും ശരീരത്തിലുമൊക്കെ നാം അലങ്കാരക്കുരിശുകളാണ് പേറി നടക്കുന്നത്. പൊന്‍കുരിശു തൂക്കാനാണ് നമുക്കിഷ്ടം. എന്നാല്‍ മറക്കരുത് കുരിശ് കുരിശാകുന്നതും, കഴുമരം വിശുദ്ധമായ കുരിശാകുന്നതും, അത് വിജയത്തിന്‍റെയും പ്രത്യാശയുടെയും പ്രതീകമാകുന്നതും ക്രിസ്തു അതില്‍ തൂങ്ങി മരിച്ചതിനാലാണ്.

 

ക്രിസ്തുവിന്‍റെ കുരിശിനെ ഓര്‍ത്തു ലജ്ജിക്കരുതെന്ന് പൗലോസ് അപ്പസ്തോലന്‍ നമ്മെ ഓര്‍പ്പിക്കുന്നുണ്ട് (1കൊറി. 1, 18). ഒറ്റനോട്ടത്തില്‍ നമ്മളാരും കുരിശിനെ ഓര്‍ത്തു ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നില്ല. ലോക്കറ്റുപോലെ പരമാവധി മതിപ്പോടെ കുരിശ് അണിയുകയും അതിനെ ആഭരണമാക്കുകയുമാണ് ചെയ്യുന്നത്. എത്ര മാത്രം കുരിശടയാളങ്ങളാണ് ഭൂമിനിറയെ കാണുന്നത്! പള്ളിയുടെ മുഖപ്പിലും മാറിലെ തണുപ്പിലും വളര്‍ത്തു പൂച്ചയെപ്പോലെ അതു ഒതുങ്ങി, മെരുങ്ങി കിടക്കുകയാണ്. കഴുമരമാണ് കുരിശെന്നു പറയാന്‍ മാത്രമാണ് നാം ലജ്ജിക്കുന്നത്.

 

ചരിത്രത്തില്‍ കുരിശ് മരണശിക്ഷയുടെ പേര്‍ഷൃന്‍ രീതിയായിരുന്നു. കുറ്റവാളി ഭൂമിയില്‍ കിടന്നു മരിച്ചാല്‍ അവന്‍റെ രക്തം ഭൂമിക്ക് ശാപമായി മാറുമെന്ന സങ്കല്പത്തില്‍നിന്നാണ് കുരിശു രൂപപ്പെട്ടതെന്നു പറയുന്നു. പേര്‍ഷ്യന്‍ ശിക്ഷാരീതി റോമാക്കാര്‍ കടമെടുത്തതായിരുന്നു. എന്നാല്‍ തങ്ങളുടെ പൗരന്മാരെ ആകാശത്തില്‍ കഴുകന്മാര്‍ക്ക് എറിഞ്ഞുകൊടുക്കാന്‍ റോമാക്കാര്‍ താത്പര്യപ്പെട്ടില്ല. അടിമകള്‍ക്കും അന്യദേശക്കാര്‍ക്കും മാത്രമായി കുരിശുമരണം crucifixion മാറ്റിവച്ചു. കൊലക്കളത്തില്‍പ്പോലും വിവേചനം പുലര്‍ത്താന്‍വേണ്ടും ആഭിജാത്യരായിരുന്നു റോമാക്കാരെന്നു വേണം മനസ്സിലാക്കാന്‍.

 

ശിരച്ഛേദനമായിരുന്നു കൂടുതല്‍ മതിപ്പുള്ളവര്‍ക്കുള്ള റോമാസാമ്രാജ്യം നല്കിയിരുന്ന ശിക്ഷാരീതി. റോമന്‍ പൗരനെന്ന പരിഗണനയില്‍ പൗലോശ്ലീഹാ ശിരച്ഛോദനംചെയ്യപ്പെട്ടു. എന്നാല്‍ പത്രോശ്ലീഹാ, യഹൂദനും ഗലീലിയയിലെ മുക്കുവനുമാകയാല്‍ കുരിശിലേറ്റപ്പെട്ടു - എന്നോര്‍ക്കുമ്പോള്‍ ആ വ്യത്യാസം മനസ്സിലാകും. വെറുതെയല്ല ‘വിജാതീയര്‍ക്കു ഭോഷത്തവും യഹൂദര്‍ക്ക് ഇടര്‍ച്ചയു’മെന്ന് കുരിശിന്‍റെ തലവരയെ പുതിയനിയമം സംഗ്രഹിക്കുന്നത്. ‘മരത്തിലേറിയവന്‍ ശപിക്കപ്പെട്ടന്‍’ എന്ന് നിയമാവര്‍ത്തന പുസ്തകവും അനുസ്മരിപ്പിക്കുന്നുണ്ട് (നിയമാവര്‍ത്തനം 21, 23). ‘ഇവന്‍ യഹുദരുടെ രാജാവ്’ എന്ന കുരിശിലെ ശീര്‍ഷകം (യോഹ. 19, 19) കുരിശില്‍ മരിച്ചവനോടു നിലനിറുത്തിയ ചരിത്രത്തിലെ പരിഹാസത്തിന്‍റെ ശേഷിപ്പായിരുന്നില്ലേ! അത്രയും നിന്ദ്യവും കിരാതവുമായ ഒരിടത്താണ് ക്രിസ്തു നിലവിളിച്ച് മരിച്ചത്. “എലോയ്, എലോയ്, ലാമാ സബക്ക്ത്താനി?” “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ടെന്നെ അങ്ങ് കൈവെടിഞ്ഞൂ?” ക്രിസ്തുവിന്‍റെ വിപല്‍ജീവിതത്തെ കാലം അങ്ങനെയാണ് അവസാനിപ്പിച്ചത്.

 

ഈ തപസ്സില്‍ ക്രിസ്തു ആവശ്യപ്പെടുന്നത്, മലയിറങ്ങി സഹോദരങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാനാണ്, വിളുമ്പിലേയ്ക്ക് ഇറങ്ങുന്ന അജപാലന യുക്തിയാണ്. ത്യാഗപൂര്‍വ്വം അനുദിനജീവിതത്തെ അഭിമുഖീകരിക്കാനാണ്, സഹോദരങ്ങള്‍ക്ക് സ്നേഹ സാമീപ്യമാകാനാണത്. അവരുടെയും ജീവിതക്കുരിശുകളില്‍ നമ്മോടും പങ്കുചേരുവാനാണ് ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നത്. വേദനിക്കുന്നവര്‍ക്ക് രക്ഷയാകുന്നത് സഹനത്തിലൂടെയും, ജീര്‍ണ്ണതയിലൂടെയും കുടുംബത്തിലും സമൂഹത്തിലും ജീവിതം സമര്‍പ്പിക്കുവാനാണ് തപസ്സ് നമ്മോട് ആവശ്യപ്പെടുന്നത്. പാപ്പാ ഫ്രാന്‍സിസ് മാര്‍ച്ച് 13, 14 വെള്ളി ശനി ദിവസങ്ങളില്‍ ‘24-മണിക്കൂര്‍ ദൈവസന്നിധിയില്‍’ - എന്ന പേരില്‍ പ്രാര്‍ത്ഥനാദിനം ആഹ്വാനംചെയ്തിരിക്കുന്നത് മറക്കാതിരിക്കാം. ലോകത്ത് വ്യാപകമായി കാണുന്ന നിസംഗതയ്ക്കെതിരെയാണ് ഈ പ്രാര്‍ത്ഥനാദിനം പാപ്പാ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും വളര്‍ന്നുവരുന്ന തന്‍കാര്യം നോക്കുന്ന നിസംഗതാഭാവം വെടിഞ്ഞ്, വിശ്വസാഹോദര്യം വളര്‍ത്താന്‍ പാപ്പായുടെ പ്രാര്‍ത്ഥനാഹ്വാനത്തിന് കാതോര്‍ക്കാം, അപരനിലേയ്ക്ക്, സഹോദരങ്ങളിലേയ്ക്ക് സ്നേഹത്തോടെ നമുക്ക് ഇറങ്ങിച്ചെല്ലാം..... tune to the audio for the rendering and the immortal performance of Yesudas.

 








All the contents on this site are copyrighted ©.