2015-02-26 19:59:00

ദൈവിക വിസ്മയങ്ങള്‍ ജീവിതത്തില്‍ തിരിച്ചറിയണം


ദൈവിക വിസ്മയങ്ങളെ മനുഷ്യന്‍ ജീവിതത്തില്‍ തിരിച്ചറിയണമെന്ന്  പാപ്പായുടെ വാര്‍ഷിക ധ്യാനചിന്തകള്‍.

ദൈവിക വിസ്മയങ്ങളെ അംഗീകരിക്കുന്ന മനുഷ്യനു മാത്രമേ ജീവിതത്തിലെ തെറ്റുകള്‍ തിരുത്തുവാനും മാനസാന്തരപ്പെട്ട്  ദൈവം കാണിച്ചുതരുന്ന നന്മയുടെ വഴിയിലേയ്ക്ക് തിരികെപ്പോകുവാനും സാധിക്കുകയുള്ളൂവെന്ന്, രാജാക്കന്മാരുടെ ആദ്യപുസ്തകം 19-ാം അദ്ധ്യായത്തില്‍ ഏലിയാ പ്രവാചകന്‍റെ അനുഭവങ്ങള്‍ വിസ്തരിച്ചുകൊണ്ട് ധ്യാനഗുരു, കര്‍മ്മലീത്ത വൈദികന്‍ ബ്രൂണോ സെക്കുന്തീന്‍ ഉദ്ബോധിപ്പിച്ചു. മനഃസാക്ഷിയുടെ സ്വരം തട്ടിക്കളഞ്ഞ് സ്വന്തംവഴിയെ ചരിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഭീതിയും, ഏകാന്തതയും, ശൂന്യതയും, ശാരീരികവും മാനസികവുമായ തളര്‍ച്ചയും, കുറ്റബോധവും അനുഭവ വേദ്യമാകുമെന്നും, പിന്നെ അവര്‍ അസാന്മാര്‍ഗ്ഗികതയുടെ താല്ക്കാലിക സുഖലോലുപതയുടെയും മാര്‍ഗ്ഗങ്ങള്‍ ജീവിതത്തില്‍ പകരംവയ്ക്കുമെന്നും ഫാദര്‍ സെക്കുന്തീന്‍ ചൂണ്ടിക്കാട്ടി.

റോമിനു പുറത്ത് അരീചായിലെ പൗളൈന്‍ കേന്ദ്രത്തില്‍ സമ്മേളിച്ചിരിക്കുന്ന പാപ്പായുടെയും വത്തിക്കാന്‍ സംഘത്തിന്‍റെയും ധ്യാനചിന്തകള്‍ ഫെബ്രുവരി 25-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് വെളിപ്പെടുത്തിയത്.

ഉത്തരവാദിത്വങ്ങളും സാമൂഹ്യ ബന്ധങ്ങളും ജോലിയും പ്രാര്‍ത്ഥനയും വിശ്രമവും എല്ലാം ഉപേക്ഷിക്കുന്ന വ്യക്തിക്ക് പിന്നെ, പ്രവാചകന്‍ ഏലിയായെപ്പോലെ ഹൊറേബിലെ ഗുഹയിലേയ്ക്ക് ഒളിച്ചോട്ടം നടത്തുന്ന അനുഭവമുണ്ടാകുമെന്ന് ധ്യാനഗുരു ഉദ്ബോധിപ്പിച്ചു. വ്യക്തിയുടെ ജീവിത പരാജയങ്ങളിലും, ധാര്‍ഷ്ട്യത്തിലും ദൈവം പതറുന്നില്ല, അവിടുന്ന് മനുഷ്യനെ കൈവെടിയുന്നുമില്ല. ദൈവം തന്‍റെ പദ്ധതികള്‍ ഉപേക്ഷിക്കുന്നില്ല, അവിടുന്ന് വീണ്ടും തന്‍റെ വിശ്വസ്ത നവീകരിക്കുകയും, ഏലിയായുടെ ജീവിതാനുഭവം പോലെ തിരികെ നടക്കാനുള്ള വഴി വീണ്ടും നമുക്ക് തെളിയിച്ചു തരുകയും ചെയ്യുന്നു.  ജീവിതചുറ്റുപാടുകളുടെ കൊടുങ്കാറ്റിലും ഇടിനാദത്തിലും കര്‍ത്താവുണ്ടാകണമെന്നില്ലെ, അവിടുന്ന് പ്രശാന്തവും ലോലവുമായ കാറ്റുപോലെ, ജീവിതത്തിന്‍റെ സാധാരണ സംഭവങ്ങളിലൂടെയും സാധാരണ മനുഷ്യരിലൂടെയും നമ്മുടെ മുന്നിലൂടെ കടന്നുപോകുമെന്നും, അവിടെല്ലാം കര്‍ത്താവിന്‍റെ ശബ്ദത്തിനായി കാതാര്‍ക്കുവാനും, അവിടുത്തെ ദര്‍ശിക്കുവാനും നമുക്ക് സാധിക്കുന്നതാണ് ആത്മീയവിസ്മയമെന്നും ഫാദര്‍ സെക്കൊന്തീന്‍ വ്യക്തമാക്കി.

 

നാഗരികതയുടെ വര്‍ണ്ണപ്പകിട്ടിലോ, കോലാഹലങ്ങളിലോ, സുഖസൗകര്യങ്ങളിലോ അല്ല, മറിച്ച് ജീവിത പ്രാന്തങ്ങളിലും, എളിയവരിലും, ഭക്ഷണവും പാര്‍പ്പിടവും ഇല്ലാത്തവരിലുമായിരിക്കും കര്‍ത്താവിന്‍റെ വിനീതവും ലോലവുമായ സാന്നിദ്ധ്യം അനുഭവവേദ്യമാകുന്നതെന്ന് പാപ്പാ ഉള്‍പ്പെടെയുള്ള വത്തിക്കാന്‍ സംഘത്തെ ധ്യാനഗുരു ഉദ്ബോധിപ്പിച്ചു.

 

അങ്ങനെ ഹൊറേബില്‍ മരണത്തെ പാര്‍ത്തിരുന്ന പ്രവാചകന്‍ ഏലീയ ജീവനിലേയ്ക്ക് തിരികെ വരുന്നത് അങ്ങനെയാണെന്നും ഫാദര്‍ സെക്കുന്തീന്‍ ഉദ്ബോധിപ്പിച്ചു. 

 








All the contents on this site are copyrighted ©.