2015-02-24 16:41:00

അഫ്ഗാനില്‍ ബന്ധിയാക്കപ്പെട്ട വൈദികന്‍ മോചിതനായി


അഫ്ഗാനിസ്ഥാനിലെ സെഞ്ചാന്‍ ജില്ലയില്‍ ഹീരാത് പ്രവിശ്യയിലുള്ള ഈശോ സഭയുടെ അഭയാര്‍ത്ഥകള്‍ക്കായുള്ള കേന്ദ്രത്തില്‍ (Jesusits Refugees’ Society) പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യക്കാരനായ ഫാദര്‍ അലക്സിസ് പ്രേംകുമാര്‍ 2014 ജൂണ് 2-ാം തിയതിയാണ് തോക്കു ധാരികളായ അഞ്ജാതര്‍ തട്ടിക്കൊണ്ടു പോയത്. അദ്ദേഹം സമീപത്തുള്ള സഭയുടെ ഗ്രാമീണ വിദ്യാലയം സന്ദര്‍ശിക്കാന്‍ പോകവെയാണ് സംഭവം നടന്നത്. ഇന്ത്യയില‍ മദുര സ്വദേശിയായ ഫാദര്‍ പ്രേംകുമാറിനെക്കുറിച്ച് 8 മാസത്തോളം യാതൊരു വിവരവും ഇല്ലായിരുന്നു. ഈശോ സഭയുടെ മദുരൈ പ്രേവിന്‍സ് അംഗമാണ് 50 വയസ്സുകാരന്‍ ഫാദര്‍ പ്രേം. അഞ്ചു വര്‍ഷമായി മറ്റ് സഭാംഗങ്ങള്‍ക്കൊപ്പം അഫ്ഗാനിലെ ഹീരാതിള്ള സഭയുടെ കേന്ദ്രത്തില്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതിലും പാവങ്ങളായവരുടെ വിദ്യാഭ്യാസത്തിനായും പ്രവര്‍ത്തിക്കുകയായിരുന്നു ഫാദര്‍ പ്രേംകുമാറും മറ്റു സോഹദര വൈദികരും.

ഫെബ്രുവരി 23-ാം തിങ്കളാഴ്ച രാവിലെയാണ് അഫ്ഗാനിസ്ഥാനില്‍ മോചിതനായ ഫാദര്‍ പ്രേംകുമാര്‍ വിമാനമാര്‍ഗ്ഗം ഡെല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്. ഈശോസഭയുടെ അധികാരികളും സുഹൃത്തുക്കളും ചേര്‍ന്ന് ഫാദര്‍ പ്രേമിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. അധികാരികള്‍ അനുവദിക്കുകയാണെങ്കില്‍ ഇനിയും അഫ്ഗാനിസ്ഥാനിലേയ്ക്ക് താന്‍ തിരികെ പോകുമെന്നും, യുദ്ധവും അഭ്യാന്തര കലാപവും കീറിമുറിച്ച സമൂഹത്തില്‍ ഈശോ സഭയുടെ അഭയാര്‍ത്ഥികള്‍ക്കായുള്ള സേവന പരിപാടികളില്‍ വ്യാപൃതനായി ജീവിക്കുവാനാണ് താല്പര്യമെന്നും അദ്ദേഹം അഭിമുഖത്തില്‍ മാദ്ധ്യമങ്ങളെ അറിയിച്ചു. ശ്രീലങ്കയിലും അഭയാര്‍ത്ഥികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച സേവന പരിചയം തനിക്കുണ്ടെന്നും ഫാദര്‍ പ്രേം വെളിപ്പെടുത്തി.

ഫാദര്‍ പ്രേംകുമാറിന്‍റെ മോചനത്തിനായി ഭാരതസര്‍ക്കാര്‍ നിരന്തരമായി പരിശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും, മോഡി സര്‍ക്കാര്‍ നടത്തിയ അടുത്ത കാലത്തെ ശ്രമങ്ങളാണ് വിമോചനത്തിന് കാരണമായതെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് ഡല്‍ഹിയില്‍ ഇറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി. ഭാരതത്തിലെ മെത്രാന്‍ സമിതി സര്‍ക്കാരിനോടും ബന്ധപ്പെട്ട എല്ലാ കാര്യാലയങ്ങളോടും ഫാദര്‍ പ്രേമിന്‍റെ മോചനത്തിനായി നിരന്തരമായ അഭ്യര്‍ത്ഥനകള്‍ നടത്തിയിട്ടുള്ളതായി കര്‍ദ്ദിനാള്‍ ക്ലീമിസ് മാധ്യമങ്ങളെ അറിയിച്ചു. 








All the contents on this site are copyrighted ©.