2015-02-23 18:43:00

നാരഗിലെ വിശുദ്ധ ഗ്രിഗരി വേദപാരംഗതനായി ഉയര്‍ത്തപ്പെടും


10-ാം നൂറ്റാണ്ടില്‍ ജീവിച്ച അര്‍മേനിയന്‍ സന്ന്യാസിയും, യോഗാത്മ താത്വികനും ദൈവശാസ്ത്ര പണ്ഡിതനും കവിയുമായ നാരഗിലെ വിശുദ്ധ ഗ്രിഗരിയുടെ വേദപാരഗപദം ഫെബ്രുവിരി 21-ാം തിയതി ശനിയാഴ്ച പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. വത്തിക്കാന്‍ നിശ്ചയിക്കുന്ന സൗകര്യപ്രദമായൊരു ദിനത്തില്‍ മദ്ധ്യകാലഘട്ടത്തിലെ ആത്മീയ പണ്ഡിതനും യോഗാത്മവര്യനുമായ വിശുദ്ധ ഗ്രിഗരി ‘വേദപാരംഗത’നായി ഉയര്‍ത്തപ്പെടുമെന്ന്, വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. അര്‍മേനിയന്‍ അപ്പസ്തോലിക് സഭയും കത്തോലിക്കാ സഭയും ഒരുപോലെ അംഗീകരിക്കുന്ന ആത്മീയ പിതാവും പണ്ഡിതനുമാണ് നാരഗിലെ വിശുദ്ധ ഗ്രിഗരി.

വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിലെ കര്‍ദ്ദിനാളന്മാരുടെയും മെത്രാന്മാരുടെയും സമ്പൂര്‍ണ്ണ സമ്മേളനം അംഗീകരിച്ച ഡിക്രിയും അതുമായി ബന്ധപ്പെട്ട പ്രമാണരേഖകളും സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ പാപ്പാ ഫ്രാന്‍സിസിന് സമര്‍പ്പിച്ചത്, പരിശോധിച്ച് അംഗീകരിച്ചതോടെയാണ് കിഴക്കന്‍ യൂറോപ്പിന്‍റെ ആത്മീയ പുത്രനായ നാരഗിലെ വിശുദ്ധ ഗ്രിഗരിയുടെ വേദപാരംഗതപദം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

പുരാതന അര്‍മേനിയയുടെയും ഇന്നത്തെ തുര്‍ക്കിയുടെയും ഭാഗമായ നാരഗ് പട്ടണത്തിനടുത്ത് ആന്‍സേവാറ്റ്സിക്കില്‍ 950-ലാണ് ഗ്രിഗരി ജനിച്ചത്. കുടുംബത്തിലെ കാരണവന്മാര്‍ വികസിപ്പിച്ച നാരഗ് ഗ്രാമവും വിദ്യാലയവും അന്നു മുതല്ക്കേ പ്രശസ്തമായിരുന്നു. ഗ്രിഗരിയുടെ അമ്മാവന്‍ ജോണ്‍ അനാനിയയാണ് ഗ്രാമത്തിന്‍റെയും വിദ്യാലയത്തിന്‍റെയും സ്ഥാപകന്‍. ഗ്രിഗരി അവിടെ പഠിച്ചു വളര്‍ന്നു. ആത്മീയ ജീവിതത്തില്‍ സംതൃപ്തി കണ്ടെത്തി. ആഴമായ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും പഠനത്തിലും ശ്രദ്ധ കേന്ദീകരിച്ച ഗ്രിഗരി, ക്രിസ്തുവിനോടും അവിടുത്തെ അമ്മയായ മറിയത്തോടും പ്രത്യേക ഭക്തിയിലും വളര്‍ന്നു വന്നു. ജോണ്‍ അനാനിയ കുടുംബ വിദ്യാലയം മെല്ലെ ആശ്രമമായി രൂപപ്പെടുത്തി. തുടര്‍ന്ന് ഗ്രിഗരിയും സന്ന്യാസത്തിലേയ്ക്കുള്ള വിളി സ്വീകരിച്ചു. പഠിച്ച് വൈദികനായി. പിന്നെ ആശ്രമത്തിലെ ശ്രേഷ്ഠാചാര്യനുമായി.

കവിത, തത്വശാസ്ത്രം, ദൈവശാസ്ത്രം എന്നിവയില്‍ അതീവ നൈപുണ്യം ചെറുപ്പത്തിലെ പ്രകടമാക്കിയ ഗ്രിഗരി അര്‍മേനിയന്‍ സാഹിത്യലോകത്തും ശ്രദ്ധേയനായി. ഗ്രിഗരിയുടെ ‘നാരഗ്’ എന്ന ഖണ്ഡകാവ്യവും വേദഗ്രന്ഥത്തിലെ ഉത്തമഗീതത്തിന്‍റെ വ്യാഖ്യാനവും ഇന്നും അര്‍മേനിയന്‍ സാഹിത്യത്തിലെ മുതല്‍ക്കുട്ടായി നിലകൊള്ളുന്നു. വൈദികനായ ശേഷം ചിട്ടപ്പെടുത്തിയ തത്വശാസ്ത്ര ദൈവശാസ്ത്ര പ്രബന്ധങ്ങള്‍ ഇന്നും വിലപ്പെട്ട മൗലിക രചനകളാണ്. വിശുദ്ധ ഗ്രന്ഥത്തിലെ വിലാപങ്ങളുടെ പുസ്തകം ഉള്‍പ്പെടെ, പുതിയ നിയമത്തില്‍നിന്നുമുള്ള സുവിശേഷങ്ങളുടെ പരിഭാഷയും ക്ലാസിക്കല്‍ അര്‍മേനിയന്‍ ഭാഷയിലേയ്ക്ക് ഗ്രിഗരി നിര്‍വ്വഹിച്ചിട്ടുണ്ട്.

യുക്തിയെക്കാള്‍ ഭക്തിയും വികാരവുമാണ് മനുഷ്യനെ ദൈവത്തിലേയ്ക്ക് അടിപ്പിക്കുന്നതെന്നും, അങ്ങനെ ദൈവത്തില്‍ ലയിക്കുകയാണ് മനുഷ്യാത്മാവിന്‍റെ പരമമായ ജീവിതലക്ഷൃമെന്ന് ഗ്രഗരി പഠിപ്പിച്ചു. ഉപവി പ്രവര്‍ത്തനങ്ങളില്‍നിന്നും വ്യക്തിഗത വിശുദ്ധിയില്‍നിന്നും ഉയര്‍ന്ന അത്ഭുത സിദ്ധികള്‍ ഗ്രിഗരിയെ ജീവിക്കുന്ന വിശുദ്ധനാക്കി.

1005-ല്‍ ഇന്നത്തെ തുര്‍ക്കിയിലെ നാരഗില്‍ അദ്ദേഹം മരണമടഞ്ഞു. ഗ്രിഗരിയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെയും പ്രബോധനങ്ങളുടെയും അവസാന തട്ടുകമായിരുന്നു നാരഗ് ആശ്രമവും പട്ടണവും. അങ്ങനെയാണ് നാരഗിലെ ഗ്രിഗരിയെന്ന പേരു വിശുദ്ധനു ലഭിക്കുന്നത്. 








All the contents on this site are copyrighted ©.