2015-02-19 19:21:00

തപസ്സിന് സാമൂഹികമാനമുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്


ഫെബ്രുവരി 18-ാം തിയതി ബുധനാഴ്ച വൈകുന്നേരം റോമിലെ അവന്‍റൈന്‍ കുന്നിലുള്ള വിശുദ്ധ സബീനായുടെ ബസിലിക്കയില്‍ വിഭൂതിത്തിരുനാള്‍ ആചരണത്തിലെ വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. വ്യക്തിയുടെ ഹൃദയപരിവര്‍ത്തനവും ദൈവത്തിലേയ്ക്കുള്ള തിരിച്ചു വരവുമാണ് തപസ്സിന്‍റെ പൊരുളെന്നും, എന്നാല്‍ അത് യാഥാര്‍ത്ഥൃമാക്കേണ്ടത് സമൂഹത്തിലും അനുദിന ജീവിത പരിസരങ്ങളിലുമാണെന്ന് പാപ്പാ വ്യക്തമാക്കി.

‘ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ദൈവത്തിങ്കലേയ്ക്കു പൂര്‍ണ്ണഹൃദയത്തോടെ തിരിച്ചുവരുവാനുള്ള ആഹ്വാനമാണ് തപസ്സെ’ന്ന് ജോവേല്‍ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ആഹ്വാനംചെയ്തു. എന്നാല്‍ പ്രവാചകന്‍ പറയുന്ന പൂര്‍ണ്ണഹൃദയം വ്യക്തിപരമല്ലെന്നും, അത് സാമൂഹികമാണെന്നും പാപ്പാ വിശദീകരിച്ചു. മുതിര്‍ന്നവരെയും മക്കളെയും ശിശുക്കളെയും എല്ലാവരെയും വിളിച്ചുകൂട്ടിക്കൊണ്ട് സമൂഹത്തെ നവീകരിക്കുവാനും വിശുദ്ധീകരിക്കുവാനും ഉതകുന്നതാവണം പൂര്‍ണ്ണഹൃദയത്തോടെയുള്ള വ്യക്തിയുടെ തപസ്സാചരണമെന്ന് പാപ്പാ സമര്‍ത്ഥിച്ചു. 

തപസ്സാചരണത്തില്‍ അടിസ്ഥാനപരമായും സത്യസന്ധതയും ആത്മാര്‍ത്ഥതയും ആവശ്യമാണെന്നു പ്രസ്താവിച്ച പാപ്പാ, അനുതാപത്തിലേയ്ക്കുള്ള ആത്മീയയാത്ര വെറും ആചാരാനുഷ്ഠാനങ്ങളുടെ അത്മാര്‍ത്ഥതയില്ലാത്ത അഭിനയമോ കാപട്യ പ്രകടനമോ ആക്കി മാറ്റരുതെന്നും, മറിച്ച് ഹൃദയപരിവര്‍ത്തനത്തിന്‍റെയും അനുതാപത്തിന്‍റെയും ആത്മാര്‍ത്ഥവും സത്യസന്ധവുമായ ചെയ്തികളായിരിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

നിങ്ങളുടെ പ്രവൃത്തികള്‍ മറ്റുള്ളവര്‍ കാണേണ്ടതിനുവേണ്ടി അനുഷ്ഠിക്കരുതെന്ന് സമര്‍ത്ഥിക്കുവാന്‍, ഫരീസേയരെപ്പോലെ നിങ്ങള്‍ ഉപവസിപ്പിക്കുമ്പോള്‍ മുഖം കറുപ്പിക്കരുതെന്ന് പാപ്പാ പ്രസ്താവിച്ചു. അതുപോലെ ചെയ്ത നന്മകള്‍ പ്രശംസിക്കപ്പെടുവാനോ അതിന് പ്രതിസമ്മാനം ലഭിക്കുവാനോ ആഗ്രഹിക്കരുത്, പിന്നെ പ്രകടനപരതയും പ്രതിഫലേച്ഛയും ഇല്ലാതെ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ സാധിക്കണമെന്നും, കാരണം രഹസ്യത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍പോലും അറിയുന്ന സ്വര്‍ഗ്ഗീയ പിതാവ് നമുക്ക് സമ്മാനം തരുമെന്ന് പാപ്പാ ആഹ്വാനംചെയ്തു. (മത്തായി 6, 4, 6, 18). 

സ്വര്‍ഗ്ഗീയ പിതാവിലേയ്ക്കുള്ള നമ്മുടെ തിരുച്ചുവരവിനുള്ള ക്ഷണം സ്ഥിരീകരിക്കുന്നത് ക്രിസ്തുവാണെന്ന് പൗലോസ് അപ്പസ്തോലന്‍ സമര്‍ത്ഥിക്കുന്നു (2 കൊറി. 5, 20). തന്‍റെ തിരുക്കുമാരനെ ലോകരക്ഷയ്ക്കായി നല്കിക്കൊണ്ടാണ് പിതാവ് ദൈവ-മനുഷ്യ രമ്യതയുടെയും അനുരഞ്ജനത്തിന്‍റെയും പദ്ധതി ഭൂമിയില്‍ തുറക്കുന്നതും യാഥാര്‍ത്ഥ്യമാക്കുന്നതെന്നും വചനചിന്തയില്‍ പാപ്പാ വ്യക്തമാക്കുകയുണ്ടായി.

 








All the contents on this site are copyrighted ©.