2015-02-18 17:06:00

വിഭൂതിത്തിരുനാളോടെ തപസ്സാചരത്തിന് തുടക്കമായി


ലോകത്ത് വളരുന്ന നിസംഗത ഇല്ലാതാക്കാന്‍ പരിശ്രമിക്കണമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനവുമായി ആഗോളസഭയില്‍ തപസ്സാചരണത്തിന് തുടക്കമായി. ഫെബ്രുവരി 18-ാം തിയതി ബുധനാഴ്ച ആചരിച്ച വിഭൂതിതിരുനാളോടെയാണ് വലിയ നോമ്പിന് ആഗോളസഭയില്‍ തുടക്കമായത്.

50 ദിനങ്ങള്‍ നീളുന്ന തപസ്സിലെ പ്രാര്‍ത്ഥനയും ഉപവാസാനുഷ്ഠാനവും വഴി ദൈവത്തിങ്കലേയ്ക്കും, ഒപ്പം സഹോദരങ്ങളിലേയ്ക്കും അടുത്തുകൊണ്ട് ലോകത്ത് ഇന്നു വളര്‍ന്നുവരുന്ന തന്‍കാര്യം നോക്കുന്ന നിസംഗഭാവത്തെ മറികടക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ ലോകത്തിലുള്ള ക്രൈസ്തവരെ ഉദ്ബൈധിപ്പിച്ചു.

മാര്‍ച്ച് 13, 14 വെള്ളി, ശനി ദിനങ്ങള്‍ ‘24 മണിക്കൂര്‍ ദൈവത്തിനായി’ എന്ന പ്രാര്‍ത്ഥനാദിനം സഭയിലെ എല്ലാ രൂപതകളിലും ആചരിക്കണമെന്ന ആഹ്വാനവും പാപ്പാ ഫ്രാന്‍സിസിന്‍റെ തപസ്സുകാല സന്ദേശത്തിന്‍രെ ഭാഗമാണ്.  ലോകം അതിലേയ്ക്കുതന്നെ ചുരുങ്ങുന്ന പ്രവണത കാണിക്കുമ്പോഴും ദൈവം ലോകത്തിലേയ്ക്കു കടന്നു വരുന്ന കവാടം മനുഷ്യന്‍ അടയ്ക്കുന്നുണ്ട്. എന്നാല്‍ ദൈവം ലോകത്തോട് ഒരിക്കലും നിസംഗത പുലര്‍ത്തുന്നില്ല. നിരസിക്കപ്പെടുമ്പോഴും, ഞെരുക്കപ്പെടുമ്പോഴും മുറിവേല്പിക്കപ്പെടുകയോ ചെയ്യുമ്പോഴും ക്രിസ്തുവിന്‍റെ തുറന്ന കരംപോലെ സഭയും ലോകത്തോട് തുറവു കാണിക്കുകയാണെന്ന് പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

ഏറ്റവും ദുര്‍ബലരായവരെയും ദരിദ്രരായവരെയും നിസ്സാരരായവരെയും അംഗീകരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന മാതൃസ്ഥാപനമാവണം സഭയെന്നും, നമ്മുടെ പടിക്കല്‍ വിശന്നിരിക്കുന്ന ലാസറിനെ കാണുന്നതില്‍ പരാജയപ്പെട്ടുകൊണ്ട്, ലോകം മുഴുവനെയും ആശ്ലേഷിക്കുന്ന സാര്‍വ്വത്രിക സ്നേഹത്തില്‍ അഭയം തേടുന്നൊരു സമൂഹമാകരുത് അതെന്നും സന്ദേശത്തില്‍ എടുത്തുപറഞ്ഞുകൊണ്ടാണ് ആഗോള നിസംഗതയ്ക്കെതിരെ പോരാടുവാന്‍ ക്രിസ്തവ മക്കളെ പാപ്പാ തപസ്സുകാല സന്ദേശത്തിലൂടെ ആഹ്വാനംചെയ്യുന്നത്.








All the contents on this site are copyrighted ©.