2015-02-16 17:04:00

കര്‍ദ്ദിനാള്‍ കാള്‍ ബെക്കറിന് അന്ത്യാഞ്ജലി


കര്‍ദ്ദിനാള്‍ കാള്‍ ജോസഫ് ബെക്കറിന്‍റെ അന്തിമോപചാര ശുശ്രൂഷകള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ കാര്‍മ്മികത്വത്തില്‍ ഫെബ്രുവരി 16-ാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ നടന്നു.

ഈശോ സഭാംഗവും ജര്‍മ്മനിയിലെ കൊളോണ്‍ സ്വദേശിയുമായ കര്‍ദ്ദിനാളിന്‍റെ അന്തിമോപചാര ശുശ്രൂഷകള്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ തിങ്കളാഴ്ച വൈകുന്നേരം നടത്തപ്പെട്ടു. ദൈവശാസ്ത്ര ചിന്തകള്‍ പഠിപ്പിക്കുന്നതിനും, കാലികമായ ദൈവശാസ്ത്ര പ്രബോധനങ്ങള്‍ ലോകത്തിന് വ്യാഖ്യാനിച്ചു നല്കുന്നതിലും, സഭയ്ക്ക് പൊതുവെയും പരിശുദ്ധ സിംഹാസനത്തിനു പ്രത്യേകിച്ചും കര്‍ദ്ദിനാള്‍ ബെക്കര്‍ നല്കിയിട്ടുള്ള സേവനങ്ങള്‍ സ്തുത്യര്‍ഹമാണെന്ന് ഈശോ സഭയുടെ ജനറള്‍, ഫാദര്‍ അഡോള്‍ഫ് നിക്കോളേയ്ക്ക് അയച്ച അനുശോഷച സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ദൈവശാസ്ത്ര പണ്ഡിതനും വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ ഉപദേഷ്ടാവും, റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്ര വിഭാഗം മേധാവിയും പ്രഫസറുമായിരുന്ന കര്‍ദ്ദിനാള്‍ കാള്‍ ജോസഫ് ബെക്കര്‍ 86-ാമത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാലാണ് ഫെബ്രുവരി 10-ാം തിയതി റോമില്‍ അന്തരിച്ചത്.

അന്തിമോപചാര ശുശ്രൂഷയ്ക്ക് തൊട്ടുമുന്നിലായി കര്‍ദ്ദിനാള്‍ ബെക്കറിന്‍റെ ആത്മശാന്തിക്കായി കര്‍ദ്ദിനാള്‍ സംഘത്തലവന്‍, ആഞ്ചലോ സൊഡാനോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു.

മനുഷ്യമനുസ്സുകളെ പ്രകാശിപ്പിക്കുവാനും, ഹൃദയങ്ങളെ ഊഷ്മളമാക്കുവാനും കരുത്തുള്ള ലാളിത്യമാര്‍ന്ന ദൈവശാസ്ത്ര ചിന്തകളുടെ ഉടമയായിരുന്നു അന്തരിച്ച കര്‍ദ്ദിനാള്‍ കാള്‍ ജോസഫ് ബെക്കറെന്ന് പരേതനുവേണ്ടി അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ, കര്‍ദ്ദിനാള്‍ സൊഡാനോ പ്രസ്താവിച്ചു. തന്‍റെ പ്രബോധനങ്ങളിലൂടെ ‘ദൈവത്തെ കണ്ണാടിയിലൂടെ എന്ന പോലെ കാണുകയും, വ്യാഖ്യനിക്കുകയും, അത് ലോകത്തിന് പകര്‍ന്നു നല്കുകയും ചെയ്ത കര്‍ദ്ദിനാള്‍ ബെക്കര്‍ ഇനി തന്‍റെ മരണത്തിലൂടെ ദൈവത്തെ മുഖാമുഖം ദരിശിക്കുകയും, മാനുഷികമായ അറിവിന്‍റെ പരിമിതികളും അപൂര്‍ണ്ണതയും വെടിഞ്ഞ് അറിവിന്‍റെ പൂര്‍ണ്ണിമ പ്രാപിക്കുകയും, ദൈവിക വിജ്ഞാനത്തിന്‍റെ പൂര്‍ണ്ണിമയില്‍ പങ്കാളിയാകുകയാണെന്നും’ ചരമപ്രഭാഷണത്തില്‍ കര്‍ദ്ദിനാള്‍ സൊഡാനോ പ്രസ്താവിച്ചു.   

1928 കൊളോണില്‍ ജനിച്ചു. യുവാവായിരുന്നപ്പോള്‍ രൂപതാ സെമിനാരിയില്‍ വൈദിക പരിശീലനം ആരംഭിച്ചു. മ്യൂനിക്ക്, ഫ്രാങ്ഫര്‍ട് എന്നിവിടങ്ങളിലെ കത്തോലിക്ക യൂണിവേഴ്സിറ്റികളില്‍ തത്വശാസ്ത്രം, ദൈവശാസ്ത്രം എന്നിവ യഥാക്രമം പഠിച്ച് ഉന്നതബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി.

1958-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ദൈവശാസ്ത്ര ചിന്തകളില്‍ അഗ്രഗണ്യനായിരുന്ന ഫാദര്‍ കാള്‍ ബെക്കറിന്‍റെ കഴിവുകള്‍ മനസ്സിലാക്കി സുഹൃത്തും സമകാലീനനുമായ മുന്‍പാപ്പാ ബനഡിക്ടാണ് അദ്ദേഹത്തെ റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴിസിറ്റികളിലെ പ്രഫസറായും, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപദേഷ്ടാവായും നിയോഗിച്ചത്.

2012-ലെ കണ്‍സിസ്റ്ററിയില്‍ പാപ്പാ ബനഡിക്ട് തന്നെയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. റോമില്‍ വിശ്രമജീവിതം നയിക്കുമ്പോഴും ദൈവശാസ്ത്ര രചനകളില്‍ മുഴുകിയും, ഡോക്ടറല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കിയും, വിദഗ്ദ്ധാഭിപ്രായങ്ങള്‍ പങ്കുവച്ചും ജീവിക്കവെയാണ് അന്ത്യംസംഭവിച്ചത്.

 








All the contents on this site are copyrighted ©.