2015-02-14 16:12:00

പുതിയ കര്‍ദ്ദിനാളന്മാരെ പാപ്പാ ഫ്രാന്‍സിസ് വാഴിച്ചു


ഫെബ്രുവരി 14-ാം തിയതി ശനിയാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ചേര്‍ന്ന ആഗോള സഭയിലെ കര്‍ദ്ദിനാളന്മാരുടെ കൂട്ടായ്മയില്‍ പാപ്പാ ഫ്രാന്‍സിസ് 19 നവകര്‍ദ്ദിനാളന്മാരെക്കൂടി വാഴിച്ചു. മുന്‍പാപ്പാ ബനഡിക്ട് 16-ാമനും വാഴിക്കല്‍ ചടങ്ങിനുള്ള സാധാരണ കണ്‍സിസ്ട്രിയില്‍ (consistory) സന്നിഹിതനായിരുന്നു.

ബസിലിക്കയില്‍ സന്നിഹിതരായിരുന്ന സഭയിലെ കര്‍ദ്ദിനാളന്മാരുടെ കൂട്ടായ്മയിലും ( college of cardinals), മെത്രാന്മാരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും വിശ്വാസികളുടെയും നിറഞ്ഞ സദസ്സിലുമായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള നവകര്‍ദ്ദിനാളന്മാരുടെ വാഴിക്കല്‍  നടന്നത്. ഹ്രസ്വമായ ആമുഖ ശുശ്രൂഷയെയും വചനപ്രഘോഷണത്തെയും തുടര്‍ന്ന് 19 നവകര്‍ദ്ദിനാളന്മാരും ഒരുമിച്ച് വിശ്വാസപ്രമാണം ചൊല്ലി. പിന്നെ നവകര്‍ദ്ദിനാളന്മാര്‍ കൂട്ടിമായി നടത്തിയ പ്രഖ്യാപനത്തില്‍ പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പാ ഫ്രാന്‍സിസിനോടുള്ള വിശ്വസ്തതയും വിധേയത്വവും അനുസരണയും അവര്‍ ഏറ്റുപറയുകയുണ്ടായി. തുടര്‍ന്ന് ഓരോ കര്‍ദ്ദിനാളന്മാരെയും പാപ്പാ ഫ്രാന്‍സിസ് പേരുചൊല്ലി വിളിച്ച് ചുവന്ന തൊപ്പിയും മോതിരവും, അവരുടെ സ്ഥാനിക ഭദ്രാസനങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന പ്രമാണരേഖയും നല്കിക്കൊണ്ടാണ് വാഴിക്കല്‍ ശുശ്രൂഷ നടന്നത്.

2015 ജനുവരി 4-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനമദ്ധ്യേ പാപ്പാ പ്രഖ്യാപിച്ച 20-കര്‍ദ്ദിനാളന്മാരില്‍ 19 പേരാണ് വാഴിക്കപ്പെട്ടത് (Created of the New Cardinals of the Universal church). കൊളുമ്പിയ സ്വദേശിയും മനിസാലെസ്സിലെ മുന്‍മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് പിമേന്താ റോഡ്രിക്സ് ആരോഗ്യപരമായ കാരണങ്ങളാല്‍ സന്നിഹിതനായിരുന്നില്ല.

പാപ്പാ ഫ്രാന്‍സിസ് വാഴിച്ച സഭയുടെ 20 നവകര്‍ദ്ദിനാളന്മാര്‍ :

1. ഡോമിനിക്ക് മംമ്പേര്‍ത്തി, ആഗോള സഭാകോടതിയുടെ പ്രീഫെക്ട്

2. പാത്രിയര്‍ക്കിസ് മാനുവല്‍ ഹൊസെ മകാരിയോ ക്ലെമേന്തെ, പോര്‍ച്ചുഗലിലെ ലിസ്ബണ്‍ അതിരൂപതാദ്ധ്യക്ഷന്‍

3. ബര്‍ഹനേസൂസ് ഡെമേരിയൂ സുറാഫിയേല്‍, എത്യോപ്യായിലെ അദിസ് അബേബാ മെത്രാപ്പോലീത്ത

4. ജോണ്‍ അഷലി ഡ്യൂ, ന്യൂസിലാണ്ടിലെ വെലിംഗ്ടണ്‍ അതിരൂപതാദ്ധ്യക്ഷന്‍

5. എഡ്വേര്‍ഡ് മെനിചേലി, ഇറ്റിലിയിലെ അംഗോണാ അതിരൂപതാദ്ധ്യക്ഷന്‍

6. പിയെര്‍ നിഗുവെന്‍ വാന്‍നോണ്‍, വിയറ്റ്നാമിലെ ഹാനോയുടെ മെത്രാപ്പോലീത്ത

7. ആല്‍ബേര്‍ത്തോ സ്വാരസ് ഇന്ദ, മെക്സിക്കോയിലെ മൊറേലിയാ അതിരൂപതാദ്ധ്യക്ഷന്‍

8. ചാള്‍സ് മുവാങ് ബോ എസ്.ഡി.ബി., മ്യാന്‍മാറിലെ യാങ്കോണ്‍ മെത്രാപ്പോലീത്ത

9. ഫ്രാന്‍സിസ് സേവ്യര്‍ ക്രിയെങ്സാക്ക് കൊവിത്വാനിജ്,  തായ്ണ്ടിലെ ബാംഗ്ങ്കോക്ക് അതിരൂപതാദ്ധ്യക്ഷന്‍

10. ഫ്രാന്‍ചേസ്ക്കോ മൊന്തെനേഗ്രോ, ഇറ്റിലിയിലെ അഗ്രജേന്തൊയുടെ മെത്രാപ്പോലീത്ത

11. ഡാനിയേല്‍ ഫെര്‍ണാണ്ടോ സ്തുവാര്‍ല ബെര്‍ഹൂത് എസ്.ഡി.ബി., ഉറുഗ്വേയിലെ മൊന്തെവീദെയോ മെത്രാപ്പോലീത്ത

12. റിക്കാര്‍ദോ ബ്ലെയിസ് പേരെസ്, സ്പെയിനിലെ വലദോയിദ് മെത്രാപ്പോലീത്താ

13. ജോസ് ലൂയിസ് ലക്കൂഞ്ഞ മയെസ്ത്രൊജുവാന്‍, പനാമായിലെ ഡേവിഡിന്‍റെ മെത്രാപ്പോലീത്ത

14. അര്‍ലീന്തോ ഗോമസ് ഫുര്‍ട്ടാഡോ, കാപൊ വേര്‍ദേയിലെ മെത്രാപ്പോലീത്ത

15. സോണ്‍ പതീത്താ പൈനി മഫി, ആഫ്രിക്കന്‍ രാജ്യമായ തോങായിലെ മെത്രാപ്പോലീത്ത

പ്രായാധിക്യത്തിലെത്തിയ 5 പേരെക്കൂടി സ്തുത്യര്‍ഹമായ അവരുടെ സഭാസേവനത്തിന് നന്ദിയായും അംഗീകാരമായും പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തുകയുണ്ടായി:

16. ഹൊസ്സെ ദി യേസൂസ് പിമേന്താ റോഡ്രിഗ്സ്,  കൊളമ്പോയിലെ മനിസാലസിന്‍റെ മുന്‍മെത്രാപ്പോലീത്ത

17. വത്തിക്കാന്‍ സഭാകോടതിയില്‍നിന്നും വിരമിച്ച, ആര്‍ച്ചുബിഷപ് ലൂയിജി ദേ മജിസ്ത്രാത്തിസ്

18. വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള, ആര്‍ച്ചുബിഷപ്പ് കാള്‍ ജോസഫ് രൂബര്‍

19. അര്‍ജന്‍റീനായിലെ തുകുമാന്‍റെ മുന്‍മെത്രാപ്പോലീത്ത, ലൂയി ഹെക്ടര്‍ വിലബാ

20. മെസാമ്പിക്കിലെ സായ് സായിയുടെ മുന്‍മെത്രാപ്പോലീത്ത, ജൂലിയോ ദുരാന്തെ ലാങ്കാ

* ആഗോള സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം ഇപ്പോള്‍ 227-ആയി ഉയര്‍ന്നു.

ആവരില്‍ 125 പേര്‍ 80 വയസ്സിനു താഴെ പ്രായമുള്ളവര്‍, പാപ്പായുടെ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ സഭയുടെ ഔദ്യോഗിക കാര്യങ്ങളില്‍ വോട്ടവകാശം ഉള്ളവരാണ്. 








All the contents on this site are copyrighted ©.