2015-02-12 19:47:00

അടിസ്ഥാന സാമൂഹ്യ സുരക്ഷ കുടുംബമാണ്


കുടുംബമാണ് അടിസ്ഥാന സാമൂഹ്യ സുരക്ഷയെന്ന്, ഐക്യരാഷ്ട്ര സഭയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്താ ഔസാ പ്രസ്താവിച്ചു. ഫെബ്രുവരി 10-ാം തിയതി ഐക്യാരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ചേര്‍ന്ന സാമൂഹ്യ പുരോഗതിയെക്കുറിച്ചുള്ള രാഷ്ട്രങ്ങളുടെ സമ്മേളനത്തിലാണ് വത്തിക്കാന്‍റെ നിരീക്ഷകന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വികസനത്തിന്‍റെ പേരില്‍ സമൂഹത്തിന്‍റെ അടിസ്ഥാ ഘടകമായ കുടുംബത്തെ അവഗണിക്കരുതെന്നും, തൊഴില്‍ ഇല്ലെങ്കിലും, ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെങ്കിലും സ്നേഹിക്കുവാനും പങ്കുവയ്ക്കുവാനും സാധിക്കുന്ന സാമൂഹ്യ സുരക്ഷയുടെ അടിസ്ഥാനഘടകമാണ് കുടുംബമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ പ്രസ്താവിച്ചു. തലമുറകളെ പിന്‍തുണയ്ക്കുന്ന പ്രാഥമിക വളര്‍ച്ചയുടെയും വികസനത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും ആദ്യകളരിയും കുടുംബംതന്നെയാണെന്നും, വ്യക്തിയുടെ സമുഹ്യ സാമ്പത്തിക രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുമപ്പുറം, ധാര്‍മ്മികവും ആത്മീയവുമായ പുരോഗതിയുടെ മേഖല കുടുംബം തന്നെയാണെന്നും പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകളെ അധികരിച്ച് (Evangelii Gaudium) യുഎന്‍ രാഷ്ട്ര പ്രതിനിധികളോട് ആര്‍ച്ചുബിഷപ്പ് ഔസാ ആഹ്വാനംചെയ്തു.

സാമൂഹ്യ വികസനത്തിന്‍റെ മാനദണ്ഡം സാമ്പത്തികം മാത്രമം ആകരുതെന്നും, സുസ്ഥിതിയുള്ളതും വ്യാപകവുമായ വികസനത്തിന് ധാര്‍മ്മകവും, ആത്മീയവും വ്യക്തി കേന്ദ്രീകൃതവുമായ വശങ്ങളുണ്ടെന്നും, സാമൂഹ്യ പുരോഗതിയുടെ മാറ്റുരച്ചു നോക്കേണ്ടത് സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കരുതെന്നും ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തെ ചൂണ്ടിക്കാട്ടി.

അതിനാല്‍ സാമ്പത്തിക പുരോഗതിക്കുള്ള ഉപാധികള്‍ മാത്രമല്ല, നല്ല വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാമൂഹ്യസുരക്ഷാ ശൃംഖലകള്‍, എന്നീ മേഖലകളിലും വ്യക്തികള്‍ക്ക് വികസനം നല്കുന്ന വിധത്തിലുള്ള പദ്ധതികള്‍ രാഷ്ട്രങ്ങള്‍ നടപ്പില്‍ വരുത്തേണ്ടത് സമൂഹ്യ വികസനത്തിന് അടിയന്തിരവും അനിവാര്യവുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ പ്രബന്ധത്തിലൂടെ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.  








All the contents on this site are copyrighted ©.