2015-02-10 11:43:00

‘അടിമകളല്ല നാം സഹോദരങ്ങളാണ് ’


പാപ്പാ ഫ്രാന്‍സിസിന്‍റെ 2015-ലെ വിശ്വശാന്തി സന്ദേശം – നവഅടിമത്വമായ മനുഷ്യക്കടത്തിനെതിരെ.

1. ആമുഖം

ലോകത്തുള്ള സകല ജനതകള്‍ക്കും രാഷ്ട്രങ്ങള്‍ക്കും അവയുടെ ഭരണകര്‍ത്താക്കള്‍ക്കും മതനേതാക്കള്‍ക്കും ഹൃദ്യമായ സമാധാനാശംസകള്‍ നേരുന്നു. ഭൂമിയില്‍ മനുഷ്യന്‍ സ്വമേധയാ കാരണമാക്കുന്ന യുദ്ധവും അഭ്യന്തരകലാപവും മറ്റ് പീഡനങ്ങളും, പകര്‍ച്ചവ്യാധി, പ്രകൃതിക്ഷോഭം മുതലായ വിനാശങ്ങള്‍ക്കുമെല്ലാം അറുതി വരട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു. ദൈവത്തോടു സഹകരിച്ച് മാനവരാശിയുടെ സമഗ്രമായ പുരോഗതിക്കും സമാധാനത്തിനുംവേണ്ടി പരിശ്രമിക്കണമെന്ന പൊതുവായ ഉത്തരവാദിത്വത്തോടെ മനുഷ്യാന്തസ്സിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളെയും പ്രലോഭനങ്ങളെയും ചെറുക്കണമെന്നാണ് സന്മനസ്സുള്ള സകലരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്.

അപരനെ ശത്രുവും എതിരാളിയുമായി കാണാതെ, സകലരെയും സഹോദരതുല്യേന ആശ്ലേഷിക്കുകയും സ്വീകരിക്കുകയും, കൂട്ടായ്മ വളര്‍ത്തുകയും ചെയ്യുന്ന അര്‍ത്ഥപൂര്‍ണ്ണമായ ജീവിതത്തിനായി പരിശ്രമിക്കണമെന്നാണ് കഴിഞ്ഞ വിശ്വശാന്തി സന്ദേശത്തില്‍ ഞാന്‍ പങ്കുവച്ചത്. നീതിയിലും സ്നേഹത്തിലും പ്രചോദിതനായി പരസ്പര ബന്ധങ്ങളില്‍ സായുജ്യം കണ്ടെത്തുന്ന ബുദ്ധിജീവിയാണ് മനുഷ്യന്‍. അതിനാല്‍ അന്തസ്സും, സ്വാതന്ത്ര്യവും, സുതാര്യതയും മാനവപുരോഗതിക്ക് അനിവാര്യമാണ്. എന്നാല്‍ മനുഷ്യന്‍ മനുഷ്യനെ ചൂഷണംചെയ്യുന്ന ഇന്നിന്‍റെ വര്‍ദ്ധിച്ചുവരുന്ന വലിയ വിപത്ത്, നീതിയിലും സ്നേഹത്തിലും അധിഷ്ഠിതമായ വ്യക്തിബന്ധവും സാമൂഹിക ഐക്യവും വളര്‍ത്തുവാനുള്ള മനുഷ്യന്‍റെ അടിസ്ഥാന ദൗത്യത്തെ ദയനീയമായി തകര്‍ക്കുന്നുണ്ട്. മറ്റുള്ളവരുടെ മൗലികമായ അവകാശങ്ങളോടുള്ള അവജ്ഞയും, അവരുടെ സ്വാതന്ത്ര്യവും അന്തസ്സും അടിച്ചമര്‍ത്തുവാനുള്ള പ്രവണതയും ഇന്ന് ലോകത്ത് വിവിധ രൂപങ്ങള്‍ കൈവരിക്കുന്നുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് എല്ലാവരോടും പങ്കുവയ്ക്കണമെന്നും, അതുവഴി ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ എല്ലാ സ്ത്രീ പുരുഷന്മാരെയും ഇനിമുതല്‍ ‘അടിമകളായിട്ടല്ല, സഹോദരങ്ങളായി’ പരിഗണിക്കണമെന്നുമാണ് ചുരുക്കത്തില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്.

2. മാനവരാശിക്കുള്ള ദൈവിക പദ്ധതിക്ക് കാതോര്‍ക്കാം

ഈ വര്‍ഷത്തെ സമാധാന സന്ദേശം വിശുദ്ധ പൗലോസ് അപ്പസ്തലന്‍ ഫിലെമോന് എഴുതിയ ലേഖനത്തെ ആധാരമാക്കിയാണ്. ഫിലെമോന്‍റെ അടിമയായിരുന്നവനും, എന്നാല്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചവനുമായ ഒനേസിമോസിനെ സഹോദരനായി സ്വീകരിക്കണമെന്ന് അപ്പസ്തോലന്‍ ആവശ്യപ്പെടുന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയത് : അല്പ കാലത്തേയ്ക്ക് അവന്‍ നിന്നില്‍നിന്നും വേര്‍പിരിഞ്ഞത്, ഒരുപക്ഷേ ഇനി എന്നന്നേയ്ക്കുമായി അവനെ നിനക്കു തിരിച്ചു കിട്ടുന്നതിനായിരിക്കാം. ഇനി അവനെ ദാസനായിട്ടല്ല, എനിക്കും അതിലേറെ നിനക്കും, ലൗകികമായും ആത്മീയമായും ക്രിസ്തുവില്‍ പ്രിയ സഹോദരനായിട്ടാണ് ലഭിച്ചിരിക്കുന്നത് (ഫിലെമോ. 15-16). അങ്ങനെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒനേസിമോസ് ഫിലെമോന്‍റെ സഹോദരനുമായിത്തീരുന്നു. ക്രിസ്തുവിലുള്ള മാനസാന്തരംവഴി ലഭിക്കുന്ന ശിഷ്യത്വം നവജീവന്‍റെ ആരംഭമാണ്. (2 കൊറി. 17, 1... പത്രോസ് 1, 3). ആ പുതുജീവിതം കുടുംബജീവിതത്തിന് അടിത്തറപാകുകയും സാഹോദര്യം വളര്‍ത്തുകയും, പിന്നെ സമൂഹജീവിതത്തിന് ആധാരമാകുകയുംചെയ്യുന്നു.

ദൈവം മനുഷ്യരെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചുവെന്ന് നാം ഉല്പത്തി പുസ്തകത്തില്‍ വായിക്കുന്നു (1, 27-28). പിന്നെ സന്താന പുഷ്ടിയുള്ളവരായിരിക്കുവാനും അവിടുന്ന് അവരെ അനുഗ്രഹിച്ചു. ആദത്തെയും ഹവ്വായെയും അവിടുന്ന് ആദിമാതാപിതാക്കളാക്കി. അവര്‍ ദൈവികപദ്ധതിയോട് സഹകരിച്ച് മക്കളുള്ള കുടുംബമായി. ഹവ്വായുടെ ഉദരത്തില്‍ ഉരുവായ ആബേലും കായേനും ലോകത്തെ പ്രഥമ സഹോദരന്മാരായി. അവര്‍ ഉത്ഭവത്തിലും സ്വഭാവത്തിലും അന്തസ്സിലും ഒന്നായിരുന്നു. കാരണം മാതാപിതാക്കളെപ്പോലെ അവര്‍ ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരായിരുന്നു.

ദാരുണമെന്നു പറയട്ടെ, സൃഷ്ടിയുടെ കഥ പറയുന്ന ഉല്പത്തിയുടെയും ക്രിസ്തുവിലുള്ള നവജീവന്‍റെയും കാലത്തിനിടയ്ക്ക് പാപം ഭൂമിയില്‍ ഉടലെടുക്കുകയും (റോമ. 8, 29), വിശ്വസാഹോദര്യത്തെ ഖണ്ഡിക്കുകയും അതിന്‍റെ മാനോഹാരിതയും മാഹാത്മ്യവും നശിപ്പിക്കുകയും ചെയ്തു. കായേന് തന്‍റെ സഹോദരന്‍ ആബേലിനെ കണ്ടുകൂടെന്നു വരിക മാത്രമല്ല, അസൂയയാല്‍ അവനെ വകവരുത്തുകയും ചെയ്തു. അങ്ങനെ ചരിത്രത്തില്‍ ആദ്യത്തെ സഹോദരഹത്യ നടന്നു. സഹോദരങ്ങളായി പുലരാനുള്ള ദൈവവിളിയുടെ നിരാസമാണ്, നിഷേധമാണ് കായേന്‍ സഹോദരന്‍ ആബേലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാം സാക്ഷൃംവഹിക്കുന്നത്. മനുഷ്യര്‍ ഒരുമിച്ചു ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണെന്നും, പരസ്പരം സൂക്ഷിപ്പുകാരാണെന്നുമുള്ള വലിയ ഉത്തരാവാദിത്വം പഠിപ്പിക്കുന്ന ഉല്പത്തി പുസ്തകത്തിലെ ഹൃദയസ്പര്‍ശിയായ കഥയാണിത്  (ഉല്പത്തി 4, 1-16).   

നോഹിന്‍റെയും സന്തതി പരമ്പരകളുടെയും കഥ ഇതുതന്നെയായിരുന്നു (ഉല്പ. 9, 18-27). ധിക്കാരിയായ പുത്രന്‍ ഹാം കാണിച്ച അനാദരവ് അവനെ ശപിക്കുവാനും തന്നെ ബഹുമാനിച്ച മറ്റുള്ളവരെ അനുഗ്രഹിക്കുവാനും ആ പിതാവിനെ പ്രേരിപ്പിച്ചു. ഇവിടെയും ഒരേ ഉദരത്തില്‍ ഉരുവായി, ഓരേ കുടുബത്തില്‍ ജീവിച്ച സഹോദരങ്ങള്‍ക്കിടയില്‍ വളര്‍ന്ന അസമത്വത്തിന്‍റെ അവസ്ഥയാണ് കണുന്നത്.

ദൈവത്തിന്‍റെ പിതൃത്വത്തില്‍നിന്നും സഹോദര സ്നേഹത്തില്‍നിന്നും അപരിചിതനാകുന്നതും, അകന്നുപോകുന്നതും കൂട്ടായ്മ നിഷേധിക്കുന്നതുമായ തിന്മ മനുഷ്യനില്‍ പ്രത്യക്ഷമാകുന്നത് മാനവകുലത്തിന്‍റെ ഉല്പത്തിയില്‍ത്തന്നെ പ്രകടമാകുന്നുണ്ട്. ഭൂമിയിലെ അടിമത്വ സംസ്ക്കാരിത്തിന്‍റെ നാന്ദിയാണിത്. അതിന്‍റെ പ്രത്യാഘാതങ്ങള്‍ തലമുറകളില്‍നിന്ന് തലമുറകളിലേയ്ക്ക് പടരുന്നു. അപരനെ വെറുക്കുകയും അവനോട് മോശമായി പെരുമാറുകയും, അവന്‍റെ അന്തസ്സും അടിസ്ഥാന അവകാശങ്ങളും മാനിക്കാതിരിക്കുകയും ചെയ്യുന്നത് സമൂഹത്തില്‍ സ്ഥാപനവത്ക്കരിക്കപ്പെട്ട അസമത്വത്തിന് കാരണമായിത്തീരുന്നു. അങ്ങനെ ലോകത്ത് പാപം പെരുകുമ്പോഴും ക്രിസ്തുവിന്‍റെ കുരിശുയാഗത്തിന്‍റെ ഉടമ്പടിയാല്‍ ദൈവകൃപ അതിലെറെ വര്‍ദ്ധിക്കുന്നുവെന്ന ആത്മവിശ്വാസത്താല്‍ നാം മാനസാന്തരത്തിനായി നിരന്തരം പരിശ്രമിക്കേണ്ടതാണ് (റോമ. 5, 20-21). പിതൃസ്നേഹം മനുഷ്യകുലത്തിന് വെളിപ്പെടുത്തുവാന്‍ വന്നവനാണ് പുത്രനായ ക്രിസ്തു. അതിനാല്‍ സുവിശേഷത്തിലൂടെ മാനസാന്തരത്തിന്‍റെ വിളികേള്‍ക്കുന്നവര്‍ ക്രിസ്തുവിന്‍റെ സഹോദരനും സഹോദരിയും അമ്മയും (മത്തായി 12, 50), പിന്നെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ ദത്തുപുത്രരുമായിത്തീരുന്നു (ഏഫേ. 1, 5).

ആധികാരികമായ ദൈവിക ആജ്ഞയുടെ ഫലമായിട്ടല്ല ഒരാള്‍ ക്രിസ്ത്യാനി ആയിത്തീരുന്നത്, മറിച്ച് ക്രിസ്തുവില്‍ സഹോദരീസഹോദരരും ദൈവപിതാവിന്‍റെ മക്കളും ആകുമ്പോഴാണ്. ദൈവമക്കളുടെ സ്ഥാനം മാനസാന്തരത്തോട് ചേര്‍ന്നു നില്ക്കുന്നതാണെന്ന് പത്രോശ്ലീഹാ പ്രസ്താവിച്ചിരിക്കുന്നു. നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍! പാപമോചനത്തിനായി ക്രിസ്തുവിന്‍റെ നാമത്തില്‍ എല്ലാവരും സ്നാനം സ്വീകരിക്കുവിന്‍. അപ്പോള്‍ പരിശുദ്ധാത്മാവിന്‍റെ ദാനം നിങ്ങള്‍ക്കു ലഭിക്കും (നടപടി 2, 38). ശ്ലീഹായുടെ പ്രസ്താവനയോട് വിശ്വാസ്തതയോടെ പ്രതികരിച്ച യഹൂദരും ഗ്രീക്കുകാരും അടിമകളും സ്വതന്ത്രരും ഒരുപോലെ (1കൊറി. 12, 13) ആദിമ ക്രൈസ്തവ കൂട്ടായ്മയില്‍ പങ്കുകാരായി (1 പത്രോ. 2, 17,   നടപിടി 1, 15, 16, 6, 3... 15, 23). ഉറവിടങ്ങളുടെ വ്യത്യാസമോ സാമൂഹ്യ അവസ്ഥയോ ഒരുവിധത്തിലും അവരുടെ അന്തസ്സ് കുറയ്ക്കുകയോ ദൈവജനത്തില്‍നിന്ന് അവരെ അകറ്റിനിറുത്തുകയോ ചെയ്യുന്നില്ല. അതിനാല്‍ സ്നേഹത്തിലും പങ്കുവയ്ക്കലിലും ഒന്നാകുന്ന കൂട്ടായ്മയാണ് ക്രൈസ്തവസമൂഹം (റോ. 12, 10,  1 തെസ. 4, 9.... ഹെബ്ര. 13, 1... 1 പത്രോസ് 1, 22,  2 പത്രോസ് 1, 7). അങ്ങനെ സകലത്തെയും നവീകരിക്കുന്ന ക്രിസ്തുവിന്‍റെ സുവിശേഷത്തിന് മനുഷ്യബന്ധങ്ങളെ, അത് യജമാനനും അടിമയും തമ്മില്‍ ഉള്ളതായാലും, രണ്ടിലും വെളിച്ചംവീശുകയും ക്രിസ്തുവില്‍ ദത്തുപുത്രസ്ഥാനവും സാഹോദര ബന്ധവും നല്കി വ്യക്തികളെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു. ക്രിസ്തു ശിഷ്യരോടു പറഞ്ഞു. ‘ഞാന്‍ നിങ്ങളെ ദാസന്മാരെന്നു വിളിക്കുകയില്ല, കാരണം യജമാനന്‍ ചെയ്യുന്നത് എന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍ ഞാന്‍ നിങ്ങളെ സ്നേഹിതരെന്നു വിളിക്കുന്നു (യോഹ. 15, 15).

3. അടിമത്വത്തിന്‍റെ വൈവിധ്യമാര്‍ന്ന മുഖങ്ങള്‍ ഇന്നും ഇന്നലെയും

മനുഷ്യന്‍ മനുഷ്യനെ കീഴ്പ്പെടുത്തുന്ന പ്രതിഭാസം വിവിധ സമൂഹങ്ങളില്‍ അനാദികാലം മുതലേ നിലനിന്നിരുന്നതായി നമുക്കറിയാം. മാനവ ചരിത്രത്തില്‍ അടിമത്തം ഒരു സ്ഥാപനമായി നിലനിന്നതും പൊതുവായി അംഗീകരിക്കപ്പെട്ടതും നിയമ വിധേയമായിരുന്നതുമായ കാലഘട്ടങ്ങള്‍ ഉണ്ടായിരുന്നു. ആരാണ് അടിമയായി ജനിക്കുന്നത്, ആരാണ് സ്വതന്ത്രനായി ജനിക്കുന്നത് എന്ന് ഈ നിയമവ്യവസ്ഥ നിശ്ചയിച്ചിരുന്നു. സ്വതന്ത്രനായ വ്യക്തിക്ക് അയാളുടെ സ്വാതന്ത്ര്യം പണയംവയ്ക്കുവാനോ വീണ്ടെടുക്കുവാനോ ഉള്ള വ്യവസ്ഥകളും ഇതില്‍ അടങ്ങിയിരുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, കുറച്ച് ആളുകള്‍ മറ്റുള്ളവരെ സ്വന്തമായി കരുതുവാനും, അവരെ തന്നിഷ്ടമനുസരിച്ച് ഉപയോഗിക്കുവാനും നിയമം അനുമതി നല്കിയിരുന്നു. ഒരു അടിമയെ വില്ക്കാം വാങ്ങാം, അല്ലെങ്കില്‍ ദാനമായി നല്കാം സ്വീകരിക്കാം. പിന്നെ അവനെയും അവളെയും ഒരു കച്ചവടവസ്തുപോലെ ഉപയോഗിക്കാം!

സാമൂഹ്യാവബോധം ഏറെ വളര്‍ന്ന ഇക്കാലഘട്ടത്തില്‍ അടിമത്വം മാനവികതയ്ക്ക് എതിരായ കുറ്റമായി കാണ്ട്, ലോകമെമ്പാടും അത് ഔപചാരികമായി നിര്‍ത്തലാക്കിയിട്ടുണ്ട്. എന്നാല്‍ പേരിനു മാത്രം! അതിനാല്‍ മനുഷ്യന്‍റെ അടിസ്ഥാന അവകാശം അടിമത്വത്തിലും ദാസ്യത്തിലും തളച്ചിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.

അടിമത്വം ഇല്ലാതാക്കുന്നതിനുള്ള വിവിധങ്ങളായ ഉടമ്പടികളും നടപിടികളും രാജ്യാന്തരസമൂഹം സ്വീകരിക്കുകയും, ഈ പ്രതിഭാസത്തെ ചെറുക്കുന്നതിന് വിവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും കോടാനുകോടി വിവിധ പ്രായക്കാരായ കുട്ടികളും സ്ത്രീ പുരുഷന്മാരും, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ അടിമത്വത്തിന് സമാനമായ അവസ്ഥയില്‍ ജീവിക്കുവാന്‍  നിര്‍ബന്ധിതരാകുന്നുണ്ട്. ധാരാളം സ്ത്രീകളും പുരുഷന്മാരും ജീവിതപരിസരങ്ങളില്‍ നിയമാനുസൃതമായോ നിയമ വിരുദ്ധമായോ ഗാര്‍ഹിക ജോലികളിലും കൃഷിയിടങ്ങളിലും ഉല്പാദന മേഖലകളിലും ഖനി വ്യവസായത്തിലും അടിമത്വത്തിന് വിധേയരാകുന്നു. രാജ്യാന്തര മാനദണ്ഡങ്ങള്‍ക്ക് വിധേയമാകാത്ത രാഷ്ട്രങ്ങളിലും തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് നിയമ പ്രാബല്യമില്ലാത്ത സമൂഹങ്ങളിലും ഇത് വ്യാപകമാണ്.

.അനിശ്ചിതത്ത്വം നിറഞ്ഞ ജീവിത പ്രയാണത്തില്‍ അനവധി കുടിയേറ്റക്കാര്‍ വിശപ്പ് അനുഭവിക്കുകയും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും അവരുടെ വസ്തുവകകള്‍ അപഹരിക്കപ്പെടുകയും ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുന്നതായി എനിക്ക് തോന്നുന്നു. യാതനാപൂര്‍ണ്ണമായ യാത്രയില്‍ ഭയവും അരക്ഷിതാവസ്ഥയും കീഴടക്കിയ നാളുകള്‍ക്കുശേഷം അവര്‍ ലക്ഷൃസ്ഥാനത്ത് എത്തുമ്പോള്‍ മനുഷ്യാന്തസ്സിനു നിരക്കാത്ത സാഹചര്യങ്ങളില്‍ തടവുകാരായി സൂക്ഷിക്കപ്പെടുന്നതും സാധാരണമാണ്.

സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളാല്‍ ഒളിവില്‍ ജീവിക്കുവാന്‍ നിര്‍ബന്ധിതരാകുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതുപോലെ നിയാമനുസൃതമായി കുടിയേറുവാനും ജോലി തേടുവാനും ശ്രമിക്കുന്ന പ്രക്രിയയിലും മനുഷ്യത്വത്തിന് ഇണങ്ങാത്ത സാഹചര്യങ്ങളില്‍ പണിയെടുക്കുകയും ജീവിക്കുകയും ചെയ്യുന്നവരെയും, പിന്നെ വീടുകളിലും തൊഴില്‍ ചുറ്റുപാടുകളിലും അടിമകളാക്കപ്പെടുന്നവരെയും ഓര്‍ക്കേണ്ടതാണ്.

ഈ മേഖലയില്‍ അടിമകളാക്കപ്പെട്ടിട്ടുള്ള സ്ത്രീപുരുഷന്മാരെ മാത്രമല്ല, കുട്ടികളെയും പ്രത്യേകമായി ഓര്‍ക്കേണ്ടതാണ്. തങ്ങളുടെ അവകാശമോ, സമ്മതമോ കൂടാതെ ഏര്‍പ്പാടുചെയ്യപ്പെട്ടതും നിര്‍ബന്ധിതവുമായ വിവാഹത്തിനു കീഴ്പ്പെടേണ്ടി വരുന്നവരും, മരിച്ചുപോയ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ക്ക് അടിമപ്പെടേണ്ടി വരുന്നവരുമായ സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്.

ശാരീരികാവയവങ്ങളുടെ വില്പനയ്ക്കും ഭിക്ഷാടനത്തിനും ലഹരിപദാര്‍ത്ഥങ്ങളുടെ വിനിമയത്തിനും വ്യഭിചാരവൃത്തിക്കും കൂലിപ്പട്ടാളപ്പണിക്കും മനുഷ്യക്കടത്തിലൂടെ ഇരകളാക്കപ്പെടുന്നവരെ ഞാന്‍ ഓര്‍ത്തു പോവുകയാണ്. അവസാനമായി ഭീകരവാദികളാല്‍ ബന്ധികളാക്കപ്പെട്ട് കലാപരംഗങ്ങളില്‍ പോരാളികളായും ചാവേറുകളായും കരുവാക്കപ്പെടുന്ന നിര്‍ദോഷികളെയും, ലൈംഗികമായി ചൂഷണംചെയ്യപ്പെടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും അനുസ്മരിക്കുന്നു. അവരില്‍ പലരും അപ്രത്യക്ഷരാവുകയും ചിലര്‍ പലവട്ടം വില്‍ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും, അംഗവിച്ഛേദം ചെയ്യപ്പെടുകയും അവസാനം കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്.

4. മനുഷ്യക്കടത്തിന്‍റെ രൂഢമൂലമായ കാരണങ്ങള്‍

മനുഷ്യനെ വസ്തുവിനെപ്പോലെ ഉപയോഗപ്പെടുത്താം എന്ന തെറ്റിധാരണയില്‍നിന്നും പഴയ കാലത്തെന്നപോലെ ഇന്നും പ്രബലപ്പെട്ടുവരുന്ന തിന്മയാണ് അടിമത്തം. പാപം മനുഷ്യഹൃദയത്തെ മലീമസമാക്കുന്നു. സ്രഷ്ടാവായ ദൈവത്തില്‍നിന്നും അയല്‍ക്കാരില്‍നിന്നും അകന്നിരിക്കുമ്പോഴാണ് മനുഷ്യന്‍ തുല്യാന്തസ്സുള്ള വ്യക്തിയും പൊതുമാനവികതയില്‍ പങ്കുചേരുന്ന എന്‍റെ സഹോദരനും സഹോദരിയുമാണ് എന്ന കാഴ്ചപ്പാടു നഷ്ടപ്പെട്ട്, അവനെയും അവളെയും വസ്തുക്കളെപ്പോലെ ഉപയോഗിക്കുകയും അടിമപ്പെടുത്തുകയും ചെയ്യുന്നത്. പ്രേരണയാലോ ചതിയാലോ, ശാരീരികമോ മാനസികമോ ആയ സമ്മര്‍ദ്ദത്താലോ ദൈവത്തിന്‍റെ പ്രതിഛായയില്‍ സൃഷ്ടിക്കപ്പെട്ടവര്‍, അവനും അവളും സ്വാതന്ത്ര്യം നഷ്ടപ്പെട്ട് വസ്തുവകകള്‍പോലെ ഇന്ന് വില്ക്കപ്പെടുന്നുണ്ട്.

അപരന്‍റെ അടിസ്ഥാന മനുഷ്യത്വം നിഷേധിക്കപ്പെടുന്നുവെന്ന മൂലകാരണത്തിനും മീതെ, സമകാലീന അടിമത്വത്തിന്‍റെ മറ്റു കാരണങ്ങള്‍ നാം മനസ്സിലാക്കിയിരിക്കേണ്ടതാണ്. അതില്‍ പ്രഥമ കാരണം ദാരിദ്ര്യവും, പിന്നെ വികസനം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ നിലനില്ക്കുന്ന അസമത്വവുമാണ്. കൊടുംദാരിദ്ര്യത്തിന്‍റെ പിടിയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് പലപ്പോഴും മനുഷ്യക്കടത്തിനും അടിമത്വത്തിനും ഇരകളാകുന്നത്.

മെച്ചപ്പെട്ട ജീവിതാവസ്ഥയുടെ സ്വപ്നങ്ങളും, വളരുവാനുള്ള വെമ്പലിന്‍റെ വ്യഥയും പേറി മുന്നേറുമ്പോള്‍, തൊഴില്‍ അവസരങ്ങളുടെയും സമ്പന്നതയുടെയും വ്യാജവാഗ്ദാനങ്ങളുടെയും വലയത്തിലും, പിന്നെ അവസാനം മനുഷ്യക്കടത്തിന്‍റെ കെണിയിലും വീഴുന്ന ഹതഭാഗ്യരാണ് ഇക്കൂട്ടര്‍. ആധുനിക ആശയവിനിമയ ഉപാധികളിലൂടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും യുവതീയുവാക്കളെ മയക്കിയെടുക്കുവാന്‍ ഈ ശൃംഖലകള്‍ക്ക് സാമര്‍ത്ഥ്യമുണ്ട്.

സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യുവാന്‍ മടിക്കാത്ത വിധത്തില്‍ വളര്‍ന്നിട്ടുള്ള അഴിമതിയാണ് മനുഷ്യക്കടത്തിന്‍റെ മറ്റൊരു കാരണം. അടിമത്വവും മനുഷ്യക്കടത്തും സമൂഹത്തില്‍ വളരത്തക്കവിധം നമ്മുടെ നിയമപാലകരും നീതിന്യായ സംരക്ഷകരും അലംഭാവം കാണിക്കുന്നുണ്ടെന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

സമൂഹത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്ത് മനുഷ്യനുപകരം പണം കയറിയിരിക്കുന്നതാണ് അഴിമതിയുടെ പ്രേരകശക്തി. തീര്‍ച്ചയായും ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട് സകലത്തിന്‍റെയും മേല്‍ ആധിപത്യമുള്ള മനുഷ്യനായിരിക്കണം സാമൂഹ്യ സാമ്പത്തിക സംവിധാനങ്ങളുടെ കേന്ദ്രസ്ഥാനത്ത്. വ്യക്തിക്കുപകരം തല്‍സ്ഥാനത്ത് പണവും ആര്‍ത്തിയുമായാല്‍ മൂല്യങ്ങളുടെ തകിടംമറിച്ചില്‍ സ്വാഭാവികമാണ്, തീര്‍ച്ചയാണ്!

സായുധ പോരാട്ടങ്ങള്‍, അതിക്രമങ്ങള്‍, അധാര്‍മ്മികത, ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് മാനുഷികാടിമത്വത്തിന്‍റെ മറ്റു കാരണങ്ങള്‍. നിര്‍ബന്ധ സൈനിക സേവനത്തിനും ലൈംഗിക ചൂഷണത്തിനുമായി തട്ടിക്കൊണ്ടു പോകപ്പെടുകയും, വില്‍ക്കപ്പെടുകയും ചെയ്യുന്നവര്‍, വിശിഷ്യാ കുട്ടികള്‍ നിരവധിയാണ്. അതുപോലെ എല്ലാം ഉപേക്ഷിച്ച് – നാടും വീടും വസ്തുവകകളും സ്വന്തപ്പെട്ടവരെയും വിട്ട്, കുടിയേറാന്‍ നിര്‍ബന്ധിതരാകുന്നവരും അനേകരാണ്.  

തങ്ങളുടെ ജീവനും ആത്മാഭിമാനവും പണയംവച്ച് ഭീതിദമായ ചുറ്റുപാടുകളില്‍ അഭയം തേടുവാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയാണ് അവരുടെ ഭാഗധേയം. അങ്ങനെ അഴിമതിയുടെയും, വിനാശകരമായ അതിന്‍റെ പ്രത്യാഘാതങ്ങളുടെയും ഇരകളാക്കപ്പെടുന്നവര്‍ യാതനയുടെ ഒടുങ്ങാവലയത്തില്‍ കുടുങ്ങിപ്പോകുന്നുണ്ട്.

5. അടിമത്വം ഇല്ലാതാക്കുവാനുള്ള കൂട്ടുത്തരവാദിത്വം

മനുഷ്യക്കടത്തും നിയമാനുസൃതമല്ലാത്ത കുടിയേറ്റവും അധികൃതവും അനധികൃതവുമായ അടിമത്വവും തലപൊക്കുന്നത് പൊതുവായ നിസംഗഭാവത്തില്‍ നിന്നുമാണെന്ന് ഖേദപൂര്‍വ്വം സമ്മതിക്കേണ്ടിയിരിക്കുന്നു. അത് ഒട്ടുമിക്കവാറും സത്യവുമാണ്. എന്നാല്‍ മനുഷ്യക്കടത്തിന് ഇരയാകുന്നവരെ പിന്‍തുണയ്ക്കുവാന്‍ ചില സന്ന്യാസഭകള്‍, വിശിഷ്യാ സ്ത്രീകളുടെ സ്ഥാപനങ്ങള്‍ ഏറെ നിശ്ശബ്ദമായ, എന്നാല്‍ ആത്മാര്‍ത്ഥമായ പിന്‍തുണ നല്കുന്നുണ്ടെന്ന സത്യം എടുത്തുപറയട്ടെ. സമൂഹത്തില്‍ ഒളിപ്പിച്ചിരിക്കുന്നതും അദൃശ്യവുമായ മനുഷ്യക്കടത്തിന്‍റെ ചങ്ങല ഭേദിക്കുവാനുള്ള ഈ സ്ഥാപനങ്ങളുടെ പരിശ്രമങ്ങള്‍ പലപ്പോഴും അരങ്ങേറുന്നത് ഭീതിദമായ സാഹചര്യങ്ങളിലും സംഘട്ടനങ്ങളുടെ മദ്ധ്യത്തിലുമാണ്. ചൂഷകരെ പൂര്‍ണ്ണമായും ആശ്രയിക്കത്തക്ക വിധത്തിലുള്ള മനഃശ്ശാസ്ത്രപരവും ബുദ്ധിപൂര്‍വ്വകവുമായ കുതന്ത്രങ്ങള്‍ ഒളിപ്പിച്ചിട്ടുള്ളവയാണ് മനുഷ്യക്കടത്തിന്‍റെ ആഗോളശൃംഖല. ഇരയാക്കപ്പെടുന്ന വ്യക്തികള്‍ക്കും അവരുടെ സ്വന്തക്കാര്‍ക്കും എതിരായ ഭീഷണി, അവരുടെ മേല്‍ ചുമത്തുന്ന സമ്മര്‍ദ്ദം എന്നിവയ്ക്കു പുറമെ, തിരിച്ചറിയല്‍ രേഖകളുടെ കവര്‍ന്നെടുക്കല്‍, ശാരീരിക പീഡനം എന്നിവയും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടതും ഇന്ന് ഈ മേഖലയില്‍ നിലനില്ക്കുന്നതുമായ അതിക്രമങ്ങളാണ്. ഇരകളായവര്‍ക്കുള്ള പൊതുവായ സഹായം, അവരുടെ മാനിസകവും വിദ്യാഭ്യാസപരവുമായ പുനഃരധിവാസം, അവര്‍ ആയിരുന്നതും അവര്‍ക്ക് നഷ്ടമായതുമായ സാമൂഹ്യചുറ്റുപാടിലേയ്ക്കുള്ള തിരിച്ചുവരവ് എന്നിങ്ങനെ മനുഷ്യക്കടത്തിന്‍റെ മൂന്നു തലങ്ങളിലാണ് അധികവും സന്ന്യസ്തര്‍ പ്രവര്‍ത്തിക്കുന്നത്.

6. കൈക്കൊള്ളാവുന്ന കരുതലുകള്‍

മനുഷ്യക്കടത്തില്‍‍ വ്യക്തി ഏല്‍ക്കുന്ന ചൂഷണത്തിന്‍റെ മുറിവ് പൂര്‍ണ്ണമായും ഇല്ലാതാക്കുക ക്ലേശകരമാണ്. മനുഷ്യക്കടത്ത് നിരോധിക്കുക, ഇരകളായവരെ സംരക്ഷിക്കുക, അതിക്രമികളെ നിയമപരമായി ശിക്ഷിക്കുക – എന്നിങ്ങനെയുള്ള ത്രിവിധ സമര്‍പ്പണം ഉത്തരവാദിത്ത്വപ്പെട്ട സ്ഥാപനങ്ങളില്‍നിന്നും ആവശ്യമാണ്. തല്പരകക്ഷികള്‍ വിരിക്കുന്ന മനുഷ്യക്കെണിയുടെ ആഗോളശൃംഖല തകര്‍ക്കണമെങ്കില്‍ രാജ്യാന്തര തലത്തില്‍ സംരക്ഷണ വലയത്തിന്‍റെ തത്തുല്യമായ നീക്കങ്ങള്‍ അനിവാര്യമാണ്.

ലോകത്ത് ഇന്നു നടക്കുന്ന ഉല്പന്നങ്ങളുടെ വന്‍വിപണനം, കയറ്റുമതി, ദത്തെടുക്കല്‍, വിദേശ തൊഴില്‍ സാദ്ധ്യതകള്‍, വിനോദസഞ്ചാരം, കുടിയേറ്റം എന്നീ മേഖലകളില്‍‍ മനുഷ്യാന്തസ്സ് മാനിക്കപ്പെടുന്നുണ്ടെന്ന് നിയമനിര്‍മ്മാണത്തിലൂടെ രാഷ്ട്രങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ മാനിക്കപ്പെടുവാനും നിഷേധിക്കപ്പെട്ടവ വീണ്ടെടുക്കുവാനും നീതിനിഷ്ഠമായ നിയമസംവിധാനങ്ങള്‍ അനിവാര്യമാണ്. അങ്ങനെയുള്ള നിയമസംഹിതയിലൂടെ മാത്രമേ വ്യക്തികളുടെ സുരക്ഷ ഉറപ്പുവരുത്തുവാനും, ഇരകളായവരെ പുനഃരധിവസിപ്പിക്കുവാനും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അഴിമതിയും അധര്‍മ്മവും, സമൂഹത്തില്‍ ഇല്ലാതാക്കുവാനും സാധിക്കുകയുള്ളൂ. അതുപോലെ സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള സാംസ്ക്കാരിക മേഖലകളുടെ എല്ലാ തലങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തവും ഇക്കാര്യത്തില്‍ സമഗ്രത വളര്‍ത്തുവാന്‍ സഹായകമായിരിക്കും.

ഐക്യദാര്‍ഢ്യത്തിന്‍റെ ആദര്‍ശം മുറുകെപ്പിടിച്ചുകൊണ്ട് ആഗോളതലത്തില്‍ നടമാടുന്ന മനുഷ്യക്കടത്തിന്‍റെയും, അനധികൃത കുടിയേറ്റ പ്രക്രിയയുടെയും സംഘടിതമായ അധര്‍മ്മത്തിന്‍റെ നവമായ ശൃംഖലയെ ചെറുക്കുവാനുള്ള നടപടികളുമായി രാജ്യാന്തര സംഘടനകള്‍ സഹകരിക്കേണ്ടതാണ്. ദേശീയവും അന്തര്‍ദേശീയവുമായ പൊതുമേഖല സ്ഥാപനങ്ങളുടെയും സ്വകാര്യ പ്രസ്ഥാനങ്ങളുടെയും സാമ്പത്തിക സംവിധാനങ്ങളുടെയും വിവിധ തലങ്ങളിലുള്ള സഹകരണവും ഇക്കാര്യത്തില്‍ ഉണ്ടായിരിക്കണം.

 

അടിമത്വസംസ്ക്കാരം പിഴുതെറിയുവാന്‍ തക്കവിധം സാമൂഹ്യ മനഃസാക്ഷിയെ ഉണര്‍ത്തുവാനും, അതിന് ഉചിതമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാനും പരിഷ്കൃത സമൂഹത്തിലെ എല്ലാ സാമൂഹ്യ സംഘടനകള്‍ക്കും അവരുടേതായ ഉത്തരവാദിത്വമുണ്ടെന്നും അനുസ്മരിപ്പിക്കുന്നു. മനുഷൃക്കടത്തിന് ഇരയാകുന്നവരും വിമോചനത്തിന്‍റെ പാതയില്‍ അവരെ പിന്‍തുണയ്ക്കുന്ന സമൂഹ്യ സ്ഥാപനങ്ങളും പങ്കുവയ്ക്കുന്ന പീഡിതരുടെ കദനകഥകള്‍ക്ക് കാതോര്‍ത്തുകൊണ്ട് മനുഷ്യക്കടത്തെന്ന സാമൂഹ്യ തിന്മയില്‍നിന്നും ശാപമോക്ഷം നേടുവാന്‍ ആവശ്യമായ സഹകരണവും പിന്‍തുണയും നല്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തോട് വത്തിക്കാന്‍ നിരന്തരമായി അഭ്യര്‍ത്ഥിക്കുന്നുണ്ട്.

അടിമത്വത്തിന്‍റെ നവരൂപമായ മനുഷ്യക്കടത്തെന്ന പ്രതിഭാസത്തിലേയ്ക്ക് വെളിച്ചം വീശുന്നതിനും, അത് ഇല്ലായ്മ ചെയ്യുന്നതിനും, ഇരകളായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സഭാപ്രസ്ഥാനങ്ങളുടെ പ്രതിനിധികളും, യൂണിവേഴ്സിറ്റികളിലെ വിദഗ്ദ്ധര്‍, രാജ്യാന്തര സംഘടനകള്‍, ഉന്നതതല പൊലീസ് സംഘടനകള്‍, പ്രവാസികളുടെ മാതൃരാജ്യങ്ങള്‍, പ്രയാണത്തിനിടയിലെ ഇടത്താവള രാജ്യങ്ങള്‍, പ്രവാസി അഭയം കണ്ടെത്തുന്ന ആതിഥേയ രാഷ്ട്രങ്ങള്‍ എന്നിവയുമായി ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഈ പരിശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടും എന്നുതന്നെയാണ് എന്‍റെ പ്രത്യാശ.

7. അടിമത്വമല്ല സാഹോദര്യം ആഗോളവത്ക്കരിക്കപ്പെടണം

മനുഷ്യവ്യക്തിയെന്ന സത്യത്തെ മാനിച്ചുകൊണ്ടുള്ള സുവിശേഷ പ്രഘോഷണ പ്രക്രിയയിലാണ് സഭ ഉപവിപ്രവര്‍ത്തനങ്ങളില്‍ നിരന്തരം വ്യാപൃതയാകുന്നത്. മനുഷ്യരോടുള്ള സമീപനത്തിലും വീക്ഷണത്തിലും സോദരത്വേനയുള്ള കാഴ്ചപ്പാടുമായി അനുരജ്ഞനത്തിന്‍റെ പാത സ്വീകരിക്കുവാനുള്ള ഉത്തരവാദിത്വമാണ് സഭയ്ക്കുള്ളത്. മാനവകുടുംബത്തിലെ ഓരോ വ്യക്തിയെയും സഹോദരനും സഹോദരിയുമായി കണ്ടുകൊണ്ടും, സത്യത്തിലും സ്വാതന്ത്ര്യത്തിലുമുള്ള അവരുടെ മൗലികമായ അന്തസ്സ് മാനിച്ചുകൊണ്ടുമാണ് അനുരഞ്ജനത്തിന്‍റെ പാത സഭ അവര്‍ക്ക് കാണിച്ചുകൊടുക്കേണ്ടത്.

ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ അടിമക്കച്ചവടക്കാര്‍ തട്ടിക്കൊണ്ടു പോവുകയും, പിന്നെയും വേറെ മുതലാളിമാര്‍ക്ക് മറിച്ച് വില്ക്കുകയും, ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയാക്കപ്പെടുകയും ചെയ്ത ജോസഫീന്‍ ബക്കിത്ത എന്ന യുവതി പിന്നീട് വിശുദ്ധയായത് ചരിത്രമാണ്. ബക്കിത്തയുടെ ജീവിതം മനുഷ്യക്കടത്തിന്‍റെ പശ്ചാത്തലത്തിലെ സഭാവീക്ഷണം വെളിപ്പെടുത്തുന്നുണ്ട്. അവള്‍ അനുഭവിച്ച അടിമത്വത്തിന്‍റെ വേദനയിലും പരിത്യക്താവസ്ഥയിലും രൂഢമൂലമായ വിശ്വാസത്തോടെ ‘ദൈവത്തിന്‍റെ സ്വതന്ത്രപുത്രി’യായി. മറ്റുളളവര്‍ക്കായി, വിശിഷ്യാ പാവങ്ങള്‍ക്കും നിസ്സഹായര്‍ക്കുമായി സന്ന്യാസത്തിലൂടെ സ്വയം സമര്‍പ്പിച്ചുകൊണ്ടാണ് ബക്കീത്ത വിശുദ്ധിയുടെ പടവുകള്‍ കയറിയത്. 20-ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ജീവിച്ച ബക്കിത്ത മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് പ്രത്യാശയുടെ വെളിച്ചമാണ്. അതുപോലെ സമകാലീന സമൂഹത്തില്‍ വിങ്ങിനില്കുന്ന അധര്‍മ്മത്തിന്‍റെ മുറിവും ക്രിസ്തുവിന്‍റെ മൗതികദേഹത്തിലെ ക്ഷതവും സൗഖ്യപ്പെടുത്തുവാനുള്ള മാനുഷികമായ നമ്മുടെ എളിയ പരിശ്രമങ്ങളുടെ മദ്ധ്യസ്ഥയും പ്രചോദകയുമാണ് വിശുദ്ധ ബക്കിത്താ.

ഇതിന്‍റെയെല്ലാം വെളിച്ചത്തില്‍, നമ്മുടെ ഓരോരുത്തരുടെയും കഴിവിനും ഉത്തരവാദിത്വത്തിനും അനുസൃതമായി സാഹോദര്യത്തിന്‍റെ പ്രായോഗിക കാഴ്ചപ്പാടും സമീപനവും    മനുഷ്യക്കടത്തിന്‍റെ അടിമത്വത്തില്‍ കഴിയുന്നവരോട് പ്രകടമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  ഇരകളായവരെ അനുദിനജീവിതത്തില്‍ അഭിമുഖീകരിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുമ്പോള്‍, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിന്‍റെ സൃഷ്ടിയായ ഉല്പന്നങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ നിര്‍ബന്ധിതരാകുമ്പോള്‍, വ്യക്തിപരമായും സാമൂഹ്യതലത്തിലും നമുക്കതൊരു വെല്ലുവിളിയായി തോന്നേണ്ടതാണ്.

അനുദിന ജീവല്‍പ്രശ്നങ്ങളുടെ വ്യഥയില്‍ വളരുന്ന സാമൂഹ്യചുറ്റുപാടിലെ നിസംഗഭാവംമൂലം തിന്മകള്‍ കണ്ടില്ലെന്നു നടിക്കുകയാണ് ചിലര്‍ക്ക് എളുപ്പം. എന്നാല്‍ മറ്റുചിലര്‍ക്ക് സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് വേദിനിക്കുന്നവരോട് അനുഭാവം പ്രകടിപ്പിക്കുവാനും, സാധിക്കുന്ന വിധത്തില്‍ അവരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ തുണ്യ്ക്കുവാനും സാധിക്കുന്നുണ്ട്. ഇതുവഴി നമുക്കൊന്നും നഷ്ടപ്പെടുന്നില്ലെങ്കിലും, ലക്ഷൃബോധം നഷ്ടപ്പെട്ട വ്യക്തികളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുവാനും, പ്രത്യാശയുടെ പാത തുറക്കുവാനും ഇടയാകും. ഒപ്പം അത് നമ്മുടെ ജീവിതത്തെ ക്രിയാത്മകമായി സ്പര്‍ശിക്കുകയും ചെയ്യും.

തിന്മയുടെ പ്രതിഭാസത്തെ ചെറുക്കുവാന്‍ ഉതകുന്ന ആനുപാതികമായ ധാര്‍മ്മിക പ്രേരകശക്തി നമുക്കിന്ന് ആവശ്യമാണ്. അതിനാല്‍ നവമായ മാനുഷിക അടിമത്വത്തിന്‍റെ കറുത്തമുഖം കണ്ടിട്ടുള്ള സന്മനസ്സുള്ള സകലരോടും, ഉന്നതതല സാമൂഹ്യസ്ഥാപനങ്ങളോടും ഈ തിന്മയുടെ കൂട്ടാളികളാകരുതെന്നും, അതിന് കീഴ്പ്പെട്ട് തങ്ങളുടെ അന്തസ്സും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട സഹോദരങ്ങളുടെ യാതനകളില്‍നിന്നും ഒഴിഞ്ഞുമാറരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. ക്രിസ്തു തന്‍റെ മുഖം വെളിപ്പെടുത്തുന്ന ഈ എളിയവരുടെ വിമോചനത്തിനായി നാം ചെയ്യുന്നതെല്ലാം അവിടുത്തെ മൗതികദേഹത്തിന്‍റെ മുറിപ്പാടുകള്‍ സൗഖ്യപ്പെടുത്തുകതന്നെ ചെയ്യും (മത്തായി 25, 40-45).

ദൈവം നമ്മോടു ചോദിക്കും, ‘നിന്‍റെ സഹോദരനോട് എന്താണു ചെയ്തത്?’ (ഉല്പത്തി 4, 9-10). സഹോദരങ്ങളുടെ ജീവിതം ക്ലേശകരമാക്കുന്ന വിധത്തില്‍ ഇന്ന് ആഗോളീകൃതമായിരിക്കുന്ന നിസംഗതയ്ക്കെതിരെ ഐക്യദാര്‍ഢ്യവും സഹാനുഭാവവും പ്രകടമാക്കികൊണ്ട് അടിമകളാക്കപ്പെട്ട സഹോദരങ്ങള്‍ക്ക് നവമായ പ്രത്യാശ പകര്‍ന്ന്, പ്രതിസന്ധികളില്‍ അവരെ കൈപിടിച്ച് ഉയര്‍ത്തുകയും, ദൈവം കാണിച്ചു തരുന്ന പുതിയ ജീവിത ചക്രവാളത്തിലേയ്ക്ക് അവരെ നയിക്കുകയും ചെയ്യാം!  

+ പാപ്പാ ഫ്രാന്‍സിസ്

ലോകസമാധാന സന്ദേശം - ജനുവരി 2015

*The original message of Pope Francis published by the Pontifical Council for Justice and Peace       

Translated by fr. William Nellikal, Radio Vatican Malayalam.

 








All the contents on this site are copyrighted ©.