2015-02-05 17:03:00

കുട്ടികളുടെ ലൈംഗിക പീഡനം സംബന്ധിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ തുറന്ന കത്ത്


കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് സഭയില്‍ സ്ഥാനമില്ലെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ലോകത്തുള്ള മെത്രാന്‍ സമിതികളുടെ തലവന്മാര്‍ക്കും സന്ന്യാസസഭകളുടെ അധികാരികള്‍ക്കുമായി ഫെബ്രുവരി 5-ാം തിയതി വ്യാഴാഴ്ച അയച്ച കത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

സഭാശുശ്രൂഷകരും കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ആരംഭിച്ചിരിക്കുന്ന പൊന്തിഫിക്കല്‍ കമ്മിഷനെക്കുറിച്ച് (Pontifical Commission for the Protection of Minors from sexual abuse) വിശദീകരിക്കുന്ന കത്തിലാണ് ഈ മേഖലയില്‍ ആഗോളസഭ എടുത്തിരിക്കുന്ന വ്യക്തമായ നിലപാടു പാപ്പാ ഫ്രാന്‍സിസ്  വെളിപ്പെടുത്തിയത്. കുട്ടികളെ ലൈംഗിക പീഡനത്തില്‍നിന്നും സംരക്ഷിക്കാന്‍ സഭ ആവുന്നത്ര പരിശ്രമിക്കുന്നത് കുടുംബങ്ങള്‍ അറിയണമെന്നും, അവര്‍ക്ക് ആത്മവിശ്വാസത്തോടെ സമീപിക്കാവുന്ന സുതാര്യവും രക്ഷാകരവുമായ ഭവനമാണ് സഭയെന്ന് മനസ്സിലാക്കിക്കൊടുക്കണമെന്നും പാപ്പാ കത്തിലൂടെ സഭാധികാരികളോട് നിഷ്ക്കര്‍ഷിക്കുന്നുണ്ട്.

ഉതപ്പുകള്‍ ഉണ്ടാകുമെന്നു ഭയന്ന് മാനുഷിക പരിഗണനകളിലേയ്ക്ക് പിന്‍വലിയേണ്ടതില്ലെന്നും, നിര്‍ദ്ദേഷികളായ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് സഭയില്‍ സ്ഥാനമില്ലെന്നും പാപ്പാ കത്തിലൂടെ തുറന്നു പ്രസ്താവിച്ചു. സഭയില്‍ പൊന്തിവന്നിരിക്കുന്ന കുട്ടികളുടെ ലൈഗീകപീഡനമെന്ന ശാപം ഇല്ലായ്മ ചെയ്യുവാനും, അനുരജ്ഞനത്തിന്‍റെ പാത തുറക്കുവാനും, ഇരകളായിട്ടുള്ളവരുടെ മുറിവുണക്കുവാനുമാണ് 2013 മാര്‍ച്ചില്‍ സഭാശുശ്രൂഷകരും കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പൊന്തിഫിക്കല്‍ കമ്മിഷന്‍ സ്ഥാപിച്ചതെന്ന് പാപ്പാ കത്തില്‍ എടുത്തു പറയുന്നുണ്ട്. കൂടാതെ ഈ കമ്മിഷനെ ബലപ്പെടുത്തുവാന്‍ അജപാലന മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നരും സമര്‍ത്ഥരുമായ വ്യക്തികളെയും അതിലെ അംഗങ്ങളായി നിയമിച്ചിട്ടുള്ള വിവരവും എല്ലാ സഭാ കേന്ദ്രങ്ങളിലേയ്ക്കും അയക്കുന്ന കത്തില്‍ പാപ്പാ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ദേശീയ പ്രാദേശിക സഭകളെയും രൂപതകളെയും സന്ന്യാസസഭാ സമൂഹങ്ങളെയും, ഈ മേഖലയിലുള്ള സഭയുടെ നവമായ സമര്‍പ്പണത്തെയും പ്രശ്നപരിഹാരത്തിനുള്ള പ്രസ്ഥാനമായി കമ്മിഷനെ പരിചയപ്പെടുത്തുന്നതാണ് പാപ്പായുടെ കത്ത്. കുട്ടികളോട് സ്നേഹവും വാത്സല്യവും കാട്ടിയ ക്രിസ്തുവിന്‍റെയും, ലോലമായ കാരുണ്യത്തിന്‍റെ ഉറവിടമായ പരിശുദ്ധ ദൈവമാതാവിന്‍റെയും മാതൃകയും മാദ്ധ്യസ്ഥ്യവും പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ കത്ത് ഉപസംഹരിക്കുന്നത്. 








All the contents on this site are copyrighted ©.