2015-01-29 14:01:00

ജനപ്രിയ ഭക്തിയുടെ ശക്തി


ജനുവരി- 29. വ്യാഴം

 പാപ്പാ ഫ്രാ൯സീസിന്‍റെ ഇവാഞ്ചേലീയി ഗൗദീയും സുവിശേഷ സന്തോഷം എന്ന അപ്പസ്തോലിക പ്രബോധന പഠനം

സുവിശേഷവത്ക്കരണം മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടേയും കടമയാണെന്നും പരിശുദ്ധാത്മാവാണ് അതിനു വ്യക്തികളെ പ്രേരിപ്പിക്കുന്നതെന്നും നാം മനസ്സിലാക്കി. അനുഭവങ്ങളുടെ സാക്ഷ്യം പങ്കുവയ്ക്കുന്ന രീതിയിലുള്ള സുവിശേഷവത്ക്കരണമാണ് നമുക്കാവശ്യമെന്നും നാം കണ്ടു. ദൈവജനത്തിനു പ്രിയപ്പെട്ട ജനപ്രിയഭക്തിയെക്കുറിച്ചും പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ സഭയില്‍ ഉടലെടുത്തിരിക്കുന്ന ജനപ്രിയ ഭക്തിയെ വിസ്മരിക്കരുതെന്നുമുള്ള പാപ്പായുടെ ചിന്തകളാണ് ഈ പരമ്പരയില്‍ ഉള്ളത്.                

 

അടുത്ത കാലത്തു ലാറ്റിനമേരിക്കയെ പരാമര്‍ശിച്ചുകൊണ്ടു ജനപ്രിയ ഭക്തി കത്തോലിക്കാ സഭയുടെ ഒരു വിലപ്പെട്ട നിധിയാണെന്നും അതില്‍ ലാറ്റിനമേരിക്ക൯ ജനതയുടെ ആത്മാവിനെ താ൯ കാണുന്നു എന്നും ബനഡിക്ടു പതിനാറാമ൯ പാപ്പാ പറയുകയുണ്ടായി. പരിശുദ്ധാത്മാവ് തന്‍റെ ഔദാര്യം വഴി ജനകീയ ഭക്തിയില്‍ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന നന്മകള്‍ നിരവധിയാണ്. പ്രിയപ്പെട്ട ആ ഭൂഖണ്ഡത്തില്‍ അനേകം ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം ജനപ്രിയ ഭക്തിയിലുടെ പ്രകാശിപ്പിക്കുന്നു. മെത്രാന്മാര്‍ അതിനെ ജനകീയ ആദ്ധ്യാത്മികത എന്നോ ജനങ്ങളുടെ മിസ്റ്റിസിസം എന്നോ വിളിക്കുന്നു. എളിയവരുടെ സംസ്ക്കാരത്തില്‍ രൂപമെടുത്ത ഒരു ആദ്ധ്യാത്മികതയാണതെങ്കിലും അതിനു ഉള്‍ക്കാമ്പുണ്ടു. യുക്തി വിചാരത്തെക്കാള്‍ കുടുതലായി പ്രതീകങ്ങള്‍ വഴി ആ ഉള്ളടക്കം കണ്ടെത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നു. വിശ്വാസ പ്രകടനത്തില്‍ ദൈവ വിശ്വാസത്തെക്കാള്‍ ദൈവത്തിലുള്ള വിശ്വാസത്തിനു പ്രാധാന്യം നല്‍കുന്നു. വിശ്വാസം നിയമാനുസൃതം ജീവിക്കുവാനുള്ള ഒരു മാര്‍ഗ്ഗമാണത്. താനും സഭയുടെ ഭാഗമാണെന്നുള്ളത് അനുഭവിക്കുവാനുള്ള ഒരു വഴിയും മിഷണറിയായിരിക്കുവാനുള്ള ഒരു രീതിയുമാണ്. അതോടോപ്പം തന്നെ പ്രേഷിതന്‍ ആയിരിക്കുവാനുള്ള കൃപ ലഭിക്കുന്നു. തന്നില്‍ നിന്നു പുറത്തു കടക്കുവാനും ഒരു തീര്‍ത്ഥാടനത്തിനു ഇറങ്ങി പുറപ്പെടുവാനുമുള്ള കൃപ.  തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കു ഒന്നിച്ചു കൂട്ടമായി യാത്ര ചെയ്യുന്നതും ജനകീയ ഭക്തിയുടെ ഒരു ഭാഗമാണ്. ഭക്താഭ്യാസങ്ങളില്‍ പങ്കെടുക്കുക മാത്രമല്ല തങ്ങളുടെ കുട്ടികളെ അതിനു കൊണ്ടു പോകുന്നതും മറ്റുള്ളവരെ അതിനായി ക്ഷണിക്കുന്നതും അതില്‍ തന്നെ സുവിശേഷവത്ക്കരണ പ്രവര്‍ത്തിയാണ്. ഇതു സഭയുടെ വലിയ ഒരു പ്രേഷിത ശക്തിയാണ് നമുക്കു ഈ പ്രേഷിത ശക്തിയെ ശ്വാസം മുട്ടിക്കുകയോ നിയന്ത്രിക്കാന്‍ ശ്രമിക്കുകയോ ചെയ്യാതിരിക്കാം എന്നാണ് പാപ്പാ ഉദ്ബോധിപ്പിക്കുന്നത്.

ജനപ്രിയഭക്തി ഒരു പ്രേഷിത ശക്തിയാണ് എന്നു പാപ്പാ പറയുവാന്‍  കാരണം അനേകമാളുകള്‍  ഇതുവഴി ദൈവാനുഭവത്തില്‍ വളരുന്നുണ്ടു. അതിനാലാണ്  അതിനെ നശിപ്പിച്ചു കളയാതിരിക്കുവാന്‍ നമുക്കു പ്രത്യേകം ശ്രദ്ധിക്കാം എന്നു പാപ്പാ ഓര്‍മ്മിപ്പിക്കുന്നത്. ജനപ്രിയഭക്തിയുടെ ശക്തി നന്നായി മനസ്സിലാക്കണമെങ്കില്‍ മുന്‍വിധി കൂടാതെ നല്ല ഇടയന്‍റെ മാതൃക നാം സ്വീകരിക്കണം. നല്ല ഇടയന്‍ കൂട്ടം തെറ്റിയതിനെ വിധിക്കുകയൊ മുറിവേറ്റതിനെ ഉപേക്ഷിക്കുകയൊ അല്ല കരുണയോടെ, സ്നേഹത്തോടെ അന്വേഷിച്ചു പോവുകയാണ് ചെയ്യുന്നത്. സ്നേഹിക്കുവാ‍ന്‍ മാത്രം ആഗ്രഹിക്കുന്ന നല്ല ഇടയന്‍റെ കണ്ണുകളോടെ ജനപ്രിയഭക്തിയെ നാം നോക്കിക്കാണണം എന്നാണ് പാപ്പാ അനുസ്മരിപ്പിക്കുന്നത്. സ്നേഹത്തില്‍ നിന്നു ജനിക്കുന്ന വൈകാരികമായ സഹജാവബോധത്തില്‍ നിന്നു മാത്രമേ ക്രൈസ്തവ ജനതയുടെ വിശേഷിച്ചു അവരിലെ പാവങ്ങളുടെ ഭക്തിയില്‍ സന്നിഹിതമായിരിക്കുന്ന ദൈവശാസ്ത്രപരമായ ജീവിതം നമുക്കു വിലയിരുത്തുവാ‍ന്‍ സാധിക്കുകയുള്ളു. ജനപ്രിയഭക്തിയിലുടെ അവര്‍ വലിയ ദൈവാനുഭവത്തിലേക്കു ഉയരുന്നതും കാണുവാന്‍ സാധിക്കും. ഇവിടെയാണ് യേശുപറയുന്ന ശിശുക്കളെപ്പോലെ ഉള്ളവര്‍ക്കാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാ‍ന്‍ സാധിക്കുക എന്നു പറയുന്നതിന്‍റെ പൊരുള്‍ മനസ്സിലാക്കാന്‍ കഴിയുക. പാവങ്ങളായ സാധാരണ ജനങ്ങള്‍ നിഷ്ക്കളങ്കമായ ഹൃദയത്തോടെ ദൈവത്തെ വിളിച്ചപേക്ഷിക്കുമ്പോള്‍ യേശു അവര്‍ക്കു സമീപസ്ഥനാകുന്നു. ബൈബിള്‍ പറയുന്നതു പോലെ ദൈവം ഇത്രയേറെ സമീപസ്ഥനായിരിക്കുന്ന വേറെ ഏതോരു ജനതയാണുള്ളത്. തന്നെ വിളിച്ചപേക്ഷിക്കുന്ന വര്‍ക്കു അവിടുന്നു സമീപസ്ഥനാണ്. പാപ്പാ പറയുന്ന ഉദാഹരണം ശ്രദ്ധേയമാണ്. രോഗികളായ കുട്ടികളെ പരിചരിക്കുന്ന അമ്മമാരുടെ ഉറച്ച വിശ്വാസത്തെക്കുറിച്ചു പാപ്പാ ഇവിടെ ചിന്തിക്കുന്നുത്. ഒരു പക്ഷേ വിശ്വാസപ്രമാണം അത്രയധികം നിശ്ചയമില്ലാത്ത പരിചയമില്ലാത്ത അവര്‍ ഒരു ജപമാല മുറുകെ പിടിക്കുന്നു. പള്ളിയില്‍ പോകുവാനോ ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുവാനോ അവര്‍ക്കു സമയം ലഭിച്ചു എന്നു വരില്ല. തങ്ങളുടെ എളിയ ചുറ്റു പാടില്‍ ഭവനത്തില്‍, മറിയത്തില്‍നിന്നു സഹായം ലഭിക്കുന്നതിനു വേണ്ടി കത്തിച്ചുവച്ച മെഴുകു തിരിയിലേക്കു അഥവാ ക്രുശിതനായ ക്രിസ്തുവിന്‍റെ നേര്‍ക്കുള്ള സ്നേഹമസൃണമായ നോട്ടത്തില്‍ അവര്‍ സവ്വ പ്രത്യാശയും അര്‍പ്പിക്കുന്നു. നിരന്തരമായി ജപമാലയര്‍പ്പിച്ചുകൊണ്ടു തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം സാധിക്കുന്ന എത്രയോ ആളുകളെ അനുദിന ജീവിതത്തില്‍ നാം കണ്ടു മുട്ടുന്നു. അവരുടെ വിശ്വാസത്തിന്‍റെ ആഴം പലപ്പോഴും മറ്റുള്ളവരെ ലജ്ജിപ്പിക്കുന്നതാണ്. ദൈവത്തിന്‍റെ വിശുദ്ധജനത്തെ സ്നേഹിക്കുന്ന ആരും ഈ പ്രവൃത്തികളെ മാനുഷികമായ ഒരന്വേഷണത്തിന്‍റെ ആവിഷ്ക്കാരമായി കാണുകയില്ല. ദൈവം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിഞ്ഞിരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ പരിപോഷിപ്പിക്കുന്നതായ ദൈവശാസ്ത്രപരമായ ജീവിതത്തിന്‍റെ ആവിഷ്ക്കാരമാണ് ഈ ജനപ്രിയഭക്തിയെന്നു പാപ്പാ അനുസ്മരിപ്പിക്കുന്നു.               

 

സുവിശേഷത്തിന്‍റെ സാംസ്ക്കാരിക അനുരൂപണത്തിന്‍റെ ഒരു ഫലമാണ് ഈ ജനപ്രിയഭക്തി. ഈ നിലയില്‍ ജനങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ജനപ്രിയഭക്തി സജീവമായ ഒരു സുവിശേഷവത്ക്കരണ ശക്തിയാണ് നാം അതിനെ വിലകുറച്ചു കാണുന്നതു ശരിയല്ല. അങ്ങനെ ചെയ്താല്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെ അംഗീകരീക്കുന്നതിലുള്ള പരാജയമായിരിക്കും അതു. നേരെമറിച്ചു  സാംസ്ക്കാരിക അനുരൂപണത്തിന്‍റെ തുടര്‍ പ്രക്രിയയെ ആഴപ്പെടുത്താന്‍ വേണ്ടി അതിനെ ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കുവാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. ജനപ്രിയഭക്തിയുടെ ആവിഷ്ക്കാരങ്ങള്‍ നമ്മെ വളരെ കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടു. അവ വായിക്കുവാന്‍‍ കഴിയുന്നവര്‍ക്കു അതു ദൈവശാസ്ത്രത്തിന്‍റെ ഒരു പ്രഭവ കേന്ദ്രമാണ്. നവ സുവിശേഷവത്ക്കരണത്തിലേക്കു നാം ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു അതു നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്നു.

സുവിശേഷവത്ക്കരണം ഒരു വ്യക്തിയില്‍ നിന്നു മറ്റൊരു വ്യക്തിയിലേക്കു എന്ന രീതിയില്‍ കൈമാറപ്പെടേണ്ടതാണ്. ആഴമായ ഒരു പ്രേഷിത നവീകരണം അനുഭവിക്കുവാന്‍ സഭ ശ്രമിക്കുമ്പോള്‍ അനുദിന ഉത്തരവാദിത്വം എന്ന നിലയില്‍ നമ്മില്‍ ഓരോരുത്തരും ചെയ്യേണ്ട ഒരു തരം പ്രഘോഷണമുണ്ടു. നാം കണ്ടു മുട്ടുന്ന ആളുകളിലേക്കു അവര്‍ നമ്മുടെ അയല്‍ക്കാരായാലും തീര്‍ത്തും അപരിചിതരായാലും സുവിശേഷത്തെ ആനയിക്കുന്നതുമായി അതു ബന്ധപ്പെട്ടിരിക്കുന്നു. സംഭാഷണ മദ്ധ്യേ സംഭവിക്കുന്ന അനപൗചാരികമായ പ്രഘോഷണമാണിത്. ഒരു ഭവനം സന്ദര്‍ശിക്കുമ്പോള്‍ നാം ചെയ്യുന്ന ദൈവസ്നേഹ പ്രചോദിതമായ സംഭാഷണം ഒരു മിഷണറി ചെയ്യുന്നതിനു സമാനമായ പ്രവര്‍ത്തിയാണ്. ക്രിസ്തു ശിഷ്യനായിരിക്കുക എന്നതിന്‍റെ അര്‍ത്ഥം യേശുവിന്‍റെ സ്നേഹം മറ്റുള്ളവരിലേക്കു സംവഹിക്കുവാന്‍ സദാ സന്നദ്ധനായിരിക്കുക എന്നാണ്. സുവിശേഷ പ്രഘോഷണം അപ്രതീക്ഷിതമായി ഏതു സ്ഥലത്തുവച്ചും സംഭവിക്കാം. തെരുവിലോ, ജോലിസ്ഥലത്തോ, നഗരവീഥിയിലോ,  യാത്രയിലോ, എപ്പോള്‍ വേണമെങ്കിലും നമുക്കു യേശുവിന്‍റെ  സ്നേഹത്തെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുവാന്‍ സാധിക്കും.അങ്ങനെ ഒരാള്‍ അനുഭവിച്ചറിഞ്ഞ സ്നേഹം നമുക്കു മറ്റഉള്ളവരുമായി പങ്കുവയ്ക്കുവാന്‍ സാധിക്കും

ആദരപൂര്‍ണ്ണവും സൗമ്യവുമായ ഈ പ്രഘോഷണത്തില്‍ ആദ്യപടി സംഭാഷണമാണ് . അപ്പോള്‍ ഇതര വ്യക്തി സംസാരിക്കുകയും അവന്‍റെ അല്ലെങ്കില്‍ അവളുടെ സന്തോഷങ്ങളും പ്രത്യാശകളും പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ആശങ്കകളും മറ്റനേകം ആവശ്യങ്ങളും പങ്കുവെയ്ക്കുകയും ചെയ്യുന്നു. അതിനു ശേഷം മാത്രമേ ഒരു ബൈബിള്‍ വാക്യം വായിച്ചു കൊണ്ടൊ കഥ പറഞ്ഞുകൊണ്ടോ ദൈവവചനം കൊണ്ടുവരാന്‍ കഴിയു. മനുഷ്യനായിത്തിരുകയും നമുക്കു വേണ്ടി തന്നെത്തന്നെ നല്‍കുകയും ജീവിക്കുകയും തന്‍റെ രക്ഷയും സൗഹൃദവും നമുക്കു നല്‍കുകയും  ചെയ്യുന്ന ദൈവത്തിന്‍റെ വ്യക്തിപരമായ സ്നേഹം എന്ന മൗലീക സന്ദേശം എപ്പോഴും മനസ്സില്‍ വച്ചുകൊണ്ടായിരിക്കണം ഇങ്ങനെ ചെയ്യുവാന്‍. പഠിക്കുവാന്‍ സദാ സന്നദ്ധനായ ഒരാളുടെ ഭാഗത്തുനിന്നുള്ള സാക്ഷ്യം എന്ന നിലയില്‍ നമ്മുടെ ധാരണയെ അതിശയിക്കുന്ന രീതിയില്‍ സമ്പന്നവും അഗാധവുമാണ് ഈ സന്ദേശം എന്ന അവബോധത്തോടു കുടി വിനീതമായി വേണം അതു പങ്കുവയ്ക്കുവാന്‍.ചില അവസരങ്ങളില്‍ നേരിട്ടുംചിലപ്പോള്‍ വ്യക്തിപരമായ സുചനയോ സാക്ഷ്യമോ വഴി മറ്റുചിലപ്പോള്‍ പരിശുദ്ധാത്മാവിന്‍റെ പ്രത്യേക പ്രേരണയനുസരിച്ചും സന്ദേശം അവതരിപ്പിക്കാവുന്നതാണ്. വിവേകപുര്‍ണ്ണമെന്നു തോന്നുകയും സാഹചര്യം അനുകുലമായിരിക്കുകയും ചെയ്താല്‍ ആ വ്യക്തി പറഞ്ഞ ആശങ്കകളോടു ബന്ധപ്പെട്ട ഒരു ഹ്രസ്വ പ്രാര്‍ത്ഥനയോടു കുടി അവസാനിപ്പിക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ കേള്‍ക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും ചെയ്യുന്ന അനുഭവം അവര്‍ക്കുണ്ടാകും. അവരുടെ പ്രത്യേക അവസ്ഥ ദൈവസന്നിധിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു വെന്നും ദൈവവചനം യഥാര്‍ത്ഥത്തില്‍ അവരുടെ ജീവിതങ്ങളോടു സംസാരിക്കുന്നുവെന്നും അവര്‍ മനസ്സിലാക്കും. ദൈവവചനത്തിന്‍റെ ജീവദായകമായ ശക്തിമനസ്സിലാക്കാനുള്ള ഒരവസരവുമായിരിക്കും അത്.സുവിശേഷസന്ദേശം പകര്‍ന്നു നല്‍കേണ്ടതു ഹൃദിസ്ഥമാക്കിയ സുത്രവാക്യങ്ങള്‍ ഉപയോഗിച്ചോ മാറ്റമില്ലാത്ത ഉള്ളടക്കം പ്രകാശിപ്പിക്കുന്ന സവിശേഷ വാക്കുകള്‍കൊണ്ടോ ആണെന്നു വിചാരിക്കരുതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

 

 

    

 








All the contents on this site are copyrighted ©.