2015-01-27 15:25:00

ആഗോളവത്കൃതമായ നിസംഗതയെ ആഗോളവത്കൃത സാഹോദര്യത്താല്‍ നേരിടാം


ഓരോ മനുഷ്യനും ദൈവത്തിന് പ്രിയപ്പെട്ടവനാണ്. നമ്മെ അവിടുന്ന് പേരുചൊല്ലി വിളിക്കുന്നു. നമ്മെ പരിപാലിക്കുന്നു, സ്നേഹിക്കുന്നു. അകന്നുപോകുമ്പോഴും ദൈവം നമ്മെ തേടിയെത്തുന്നുണ്ട്. ഈ അടിസ്ഥാന ആശയത്തില്‍നിന്നാണ്, ‘നിങ്ങള്‍ ദൃഢചിത്തരായിരിക്കുവിന്‍,’ (യാക്കോബ് 5, 8) എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ 2015-ലെ തപസ്സുകാല ചിന്തകള്‍ ചിറകുവിരിയിക്കുന്നത്. ദൈവം നമ്മെ സദാ സ്നേഹിക്കുന്നു, എന്ന സമാശ്വാസത്തിന്‍റെ സംജ്ഞ ഹൃദയത്തിലേറ്റിക്കൊണ്ട് നമുക്കുമുന്നെ ചരിക്കുന്ന അവിടുന്നില്‍ പ്രത്യാശ അര്‍പ്പിച്ച് ജീവിതത്തില്‍ മുന്നേറാമെന്ന് പാപ്പാ തപസ്സുകാലത്ത് ഉദ്ബോധിപ്പിക്കുന്നു. നാം നല്കാത്തതൊന്നും, അല്ലെങ്കില്‍ നമ്മില്‍ ഇല്ലാത്തതൊന്നും ദൈവം നമ്മോട് ആവശ്യപ്പെടുന്നില്ല. അവിടുന്ന് ആദ്യം നമ്മെ സ്നേഹിച്ചു. അതതുകൊണ്ടാണ്, നമുക്ക് അവിടുത്തെ സ്നേഹിക്കുവാന്‍ സാധിക്കുന്നത് (1 യോഹ. 4, 19). തന്‍റെ സ്നേഹാതിരേകത്താല്‍ ദൈവം നമ്മോടു നിസംഗത കാണിക്കായ്കയാല്‍, നാം സോഹദരങ്ങളോടും നിസംഗത പുലര്‍ത്തരുതെന്നും, വിശിഷ്യാ നമ്മെക്കാള്‍ താഴ്ന്നവരോടും എളിയവരോടും. അതായത് ദൈവം നമുക്ക് നിര്‍ലോഭമായി നല്കുന്ന സ്നേഹം നമ്മുടെ ജീവിത പരിസരങ്ങളില്‍ കണ്ടെത്തുന്ന എളിയവരുമായി പങ്കുവയ്ക്കുവാന്‍ സന്നദ്ധരാവണമെന്നുമാണ് ഇതിനര്‍ത്ഥം.

എന്നാല്‍ നമ്മുടെ ജീവിത ചുറ്റുപാടിന്‍റെ സുഖസൗകര്യങ്ങളില്‍ മുഴുകിപ്പോകുമ്പോള്‍ നാം അപരനെ മറക്കുകയും, അവരോട് നിസംഗഭാവം പുലര്‍ത്തുകയും ചെയ്യുന്നു. നാം അവരുടെ യാതനകള്‍ക്കും, അവര്‍ അനുഭവിക്കുന്ന അനീതിയ്ക്കും നേരെ കണ്ണടയ്ക്കുന്നു. ചുരുക്കത്തില്‍ നമ്മുടെ ഹൃദയത്തില്‍ നിസംഗത രൂഢമൂലമാവുകയും, പാവങ്ങളെ അവഗണക്കുന്ന രീതി നിയതമാവുകയും അത് ആഗോള വ്യാപ്തി പ്രാപിക്കുകയും ചെയ്യുന്നു. ഇതിനെ പാപ്പാ ഫ്രാന്‍സിസ് സ്വാര്‍ത്ഥതയുടെ ആഗോളവത്കൃതമായ നിസംഗഭാവമെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു.

ക്രിസ്തുവിനാല്‍ തങ്ങളുടെ പാദങ്ങള്‍ കഴുകപ്പെടുന്നവര്‍ക്ക് അവിടുത്തെ സ്നേഹത്തില്‍ പങ്കുചേരുവാനും സാധിക്കുന്നു. തന്‍റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട് മാനവീകതയുടെ വിനീതഭാവത്തില്‍ പങ്കുചേര്‍ന്ന അവിടുത്തെ പക്ഷംചേരാന്‍ നമുക്കും ഈ പാദക്ഷാളനത്തിന്‍റെ അനുഭവം അനിവാര്യമാണ്. അങ്ങനെ ക്രിസ്തു തന്‍റെ പെസഹാരഹസ്യത്തിലൂടെ കാണിച്ചുതന്നെ ദൈവിക കാരുണ്യത്തിന്‍റെയും നന്മയുടെയും വസ്ത്രം നാമും അണിയേണ്ടിയിരിക്കുന്നു.

ക്രിസ്ത്വാനുഭവത്തിന്‍റെയും ക്രിസ്ത്വാനുകരണത്തിന്‍റെയും അനുഭവം ഇന്ന് ലോകത്തിന് പങ്കുവയ്ക്കാന്‍ ക്രിസ്തുവിന്‍റെ മൗതികദേഹമായ സഭയിലൂടെയാണ് നമുക്കു സാധിക്കുന്നത്. ആഴമായ ക്രിസ്തീയ ഐക്യാദാര്‍ഢ്യമാണ് ഇന്ന് ആഗോളതലത്തില്‍ മനുഷ്യന്‍ അനുഭവിക്കുന്ന നിസംഗതയ്ക്ക് മറുമരുന്ന്. കാരണം ക്രിസ്തുവിന്‍റെ മൗതികദേഹത്തിലെ അംഗമായിരിക്കുന്നവര്‍ക്ക് സഹോദരങ്ങളോട് നിസംഗരായിരിക്കുക സാദ്ധ്യമല്ല. അതുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ പറയുന്നത്, ഒരവവയവം വേദനിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരവയവം പ്രശംസിക്കപ്പെടുമ്പോള്‍, എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു. (1കൊറി. 12, 26).  

ക്രൈസ്തവ സമൂഹങ്ങളുടെയും ഇടവകകളുടെയും സ്ഥായീഭാവം സാഹോദര്യത്തിന്‍റെ കൂട്ടായ്മയാണ്. നമുക്ക് ലഭിച്ചിരിക്കുന്ന അജപാലന മാതൃകകളില്‍ സാഹോദര്യം യാഥാര്‍ത്ഥ്യമാക്കുവാനും, അത് അനുഭവവേദ്യമാക്കുവാനും നമുക്ക് പരിശ്രമിക്കാം. ക്രിസ്തീയ ഉപവിയുടെ യഥാര്‍ത്ഥരൂപങ്ങളും മാതൃകകളും നമ്മുടെ സ്ഥാപനങ്ങളിലൂടെയും സമൂഹങ്ങളിലൂടെയും പ്രസരിപ്പിക്കാമെന്നും പാപ്പാ സന്ദേശത്തിന്‍റെ കേന്ദ്രഭാഗത്ത് അനുസ്മരിപ്പിക്കുന്നു. നമ്മുടെ ഭവനങ്ങളുടെയും സ്ഥാപനങ്ങളുടെയും പടിക്കലെത്തുന്ന ലാസറിനു നേരെ വാതില്‍ കൊട്ടിയയ്ക്കരുതെന്ന ശക്തമായ സുവിശേഷാഹ്വാനം (ലൂക്കാ 16, 19-31). തപസ്സുകാല ചിന്തയില്‍ പാപ്പാ വരച്ചുകാട്ടുന്നുണ്ട്. ദൈവതിരുമുന്‍പില്‍ ന്യായീകരിക്കപ്പെടുന്ന നീതിനിഷ്ഠമായൊരു ജീവിതം ഈ ഭൂമിയില്‍ ജീവിക്കണമെന്നും, യാഥാര്‍ത്ഥ്യമാകണമെന്നും പാപ്പാ അനുസ്മരിപ്പിക്കുന്നു. അങ്ങനെ ദൈവസന്നിധിയില്‍ കലാശിക്കേണ്ട മനുഷ്യജീവിതത്തിന്‍റെ മാനദണ്ഡ സഹോദരബന്ധിയാണെന്നും പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. അടിസ്ഥാന സ്വഭാവത്തില്‍ സഭ പ്രേഷിതയാണ്. നമുക്കു ചുറ്റും ഉയരുന്ന നിസംഗതയുടെ പ്രലോഭനത്തെ, വിശുദ്ധ കൊച്ചുത്രേസ്യായെപ്പോലെ പ്രാര്‍ത്ഥനകൊണ്ടും ഉപവിപ്രവര്‍ത്തനങ്ങള്‍കൊണ്ടും നേരിടാന്‍ വിളിക്കപ്പെട്ടവാണ് ക്രൈസ്തവരെന്ന് പാപ്പാ സന്ദേശത്തില്‍ മാതൃകയാക്കുന്നു. അങ്ങനെ നമ്മുടെ ഹൃദയങ്ങള്‍ സ്വര്‍ത്ഥതയില്‍ മുങ്ങിപ്പോകാതെ, മാനസാന്തരപ്പെട്ട്, കാരുണ്യവാനും ഉദാരമതിയുമായി ക്രിസ്തുവിനെ ഈ തപസ്സിലൂടെ അനുകരിച്ചുകൊണ്ട് സഹോദരങ്ങളിലേയ്ക്കു തിരിയാമെന്ന ആഹ്വാനത്തോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിക്കുന്നത്.

(The extract from the synthesis of Pope’s message by fr. Michael Righetto).   








All the contents on this site are copyrighted ©.