2015-01-26 14:24:00

ക്രൈസ്തവൈക്യം ക്രിസ്തുവിന്‍റെ സ്വപ്നമെന്ന് പാപ്പാ ഫ്രാന്‍സിസ്


ജനുവരി 25-ാം തിയതി ഞായരാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് ആമുഖമായിട്ടാണ് ക്രൈസ്തവൈക്യത്തെക്കുറിച്ച് പാപ്പാ പരാമര്‍ശിച്ചത്. കാരണം ക്രൈസ്തവൈക്യ വാരാചരണത്തിന് സമാപനം കുറിക്കുന്ന ദിനമായിരുന്നു ഞായര്‍. സമറിയക്കാരി സ്ത്രീയോട് ക്രിസ്തു കുടിക്കുവാന്‍ ജലം ചോദിച്ച സുവിശേഷ സംഭവം ആമുഖമായി പാപ്പാ പ്രസ്താവിച്ചു. ഈ വര്‍ഷത്തെ ഐക്യവാര ആചരണത്തിന്‍റെ വിഷയം വിശുദ്ധ യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ സുവിശേഷ സംഭവത്തെ ആധാരമാക്കിയായിരുന്നു (യോഹ. 4, 7).  ഐക്യത്തിനായുള്ള ആഗ്രഹം അല്ലെങ്കില്‍ ദാഹം ബാഹ്യമോ ഭൗമികമോ അല്ല, മറിച്ച് തിന്മയുടെ അടിമത്വത്തില്‍നിന്നും മരണത്തില്‍നിന്നും നാം സ്വതന്ത്രമാകുന്ന ആത്മീയ ഐക്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

ജീവനും സ്നേഹത്തിനും സ്വാതന്ത്ര്യത്തിനും സമാധാനത്തിനുമായി നമ്മുടെ ഹൃദയങ്ങളില്‍ ഉയരുന്ന ആത്മീയദാഹം ശമിപ്പിക്കുമാറ് ജീവജലവും പരിശുദ്ധാത്മാവിനെയും നല്കുന്ന ദൈവിക വാഗ്ദാനത്തിന്‍റെ പൂര്‍ണ്ണിമ ക്രിസ്തുവാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രൈസ്തവര്‍ ഇനിയും വിഘടിച്ചു നില്കുന്നത് ഏറെ ഖേദകരമാണെന്ന് പ്രഭാഷണത്തില്‍ പാപ്പാ പ്രസ്താവിച്ചു. നാം ഒരു ശരീരംപോലെ ഐക്യപ്പെട്ടിരിക്കണമെന്നാണ് ക്രിസ്തു ആഗ്രഹിക്കുന്നത്. നാം ചരിത്രത്തില്‍ കാരണമാക്കിയിട്ടുള്ള തിന്മകളും പാപങ്ങളുമാണ് ഈ വിഘടിതാവസ്ഥയ്ക്കു കാരണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

റോമിലെ കത്തോലിക്കാ പ്രേഷിതരുടെ (Catholic Action) സംഘടയിലെ കുട്ടികള്‍, അന്നയും മാത്യുവും പാപ്പായോടൊപ്പം ത്രികാലപ്രാര്‍ത്ഥന വേദിയില്‍നിന്നുകൊണ്ട് വെള്ളരി പ്രാവുകളെ പറത്തുകയും ചത്വരത്തില്‍ തിങ്ങിനിന്ന വിശ്വാസികളും തീര്‍ത്ഥാടകരും അടങ്ങിയ വന്‍ജനാവലിക്ക് ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും ആവേശം പകരുകയുംചെയ്തു. ചത്വരത്തില്‍നിന്ന സംഘടനാ പ്രതിനിധികള്‍ തത്സമയം സമാധാന സന്ദേശമുള്ള വര്‍ണ്ണബലൂണുകള്‍ മാനത്തോയ്ക്കു പറത്തി.

ജനുവരി 25 കുഷ്ഠരോഗികളുടെ ആഗോള ദിനമാണെന്നും പാപ്പാ ജനങ്ങളെ അനുസ്മരിപ്പിച്ചു. ഈ രോഗത്തിന്‍റെ പിടിയില്‍ വിഷമിക്കുന്ന സകലരോടും സഭയുടെ സഹാനുഭാവവും ഐക്യാദാര്‍ഢ്യവും പാപ്പാ പ്രഖ്യാപിച്ചു. രോഗീപരിചരണ മേഖലയില്‍ സമര്‍പ്പിതരായ എല്ലാവരെയും, വിശിഷ്യ രോഗ നിര്‍മ്മാര്‍ജ്ജനത്തിനും രോഗികളുടെ നികൃഷ്ടമായ ജീവിത ചുറ്റുപാടുകള്‍ മെച്ചെപ്പെടുത്തുവാനും കഠിനാദ്ധ്വാനം ചെയ്യുന്നവരെ പാപ്പാ പ്രഭാഷണമദ്ധ്യേ അനുസ്മരിച്ചു. 

അവസാനമായി, ജനുവരി 19-ന് സമാപിച്ച ശ്രീലങ്ക ഫിലിപ്പീസ് അപ്പസ്തോലിക സന്ദര്‍ശനത്തെ ഓര്‍പ്പിച്ചുകൊണ്ട് ചത്വരത്തില്‍ സന്നിഹിതരായിരുന്ന റോമിലെ ഫിലിപ്പീനി സമൂഹത്തെ കണ്ട്, ശക്തവും സന്തോഷമുള്ളതുമായ ഏഷ്യയുടെ ക്രൈസ്തവ വിശ്വാസത്തെ നന്ദിയോടെ അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ത്രികാലപ്രാര്‍ത്ഥന പ്രഭാഷണം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.