2015-01-24 12:27:00

വിളിക്കുന്ന ദൈവവും പ്രത്യുത്തരിക്കേണ്ട മനുഷ്യനും


വിശുദ്ധ മാര്‍ക്കോസിന്‍റെ സുവിശേഷം 1, 14-20 നമ്മെ വിളിക്കുന്ന ദൈവം Ord. III B

യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ ക്രിസ്തു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയയിലേയ്ക്കു വന്നു. അവിടുന്നു പറഞ്ഞു. സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.  അവിടുന്ന് ഗലീലിയ കടല്‍ത്തീരത്തുകൂടെ കടന്നുപോകുമ്പോള്‍ ശിമയോനെയും അവന്‍റെ സഹോദരന്‍ അന്ത്രയോസിനെയും കണ്ടു. മീന്‍ പിടുത്തക്കാരായ അവര്‍ കടലില്‍ വലയെറിയുകയായിരുന്നരു. യേശു അവരോടു പറഞ്ഞു. എന്നെ അനുഗമിക്കുവിന്‍. ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. ഉടനെ വല ഉപേക്ഷിച്ച്, അവര്‍ അവനെ അനുഗമിച്ചു. കുറച്ചുദൂരംകൂടി പോയപ്പോള്‍ സെബദിയുടെ പുത്രനായ യാക്കോവിനെയും അവന്‍റെ സഹോദരന്‍ യോഹന്നാനെയും കണ്ടു. അവര്‍ വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. ഉടനെ അവിടുന്ന് അവരെയും വിളിച്ചു. അവര്‍ പിതാവായ സെബദിയെ സേവകരോടൊപ്പം വള്ളത്തില്‍ വിട്ട് അവനെ അനുഗമിച്ചു.

മലയാളത്തിന്‍റെ ഗന്ധര്‍വ്വഗായകന്‍ 75-ന്‍റെ നിറവിലെത്തിയ നാളാണ്. മഹാകലാകരാന്‍റെ സംഗീതസപര്യയിലേയ്ക്ക് എത്തിനോക്കുമ്പോള്‍ സംഗീത ചക്രവര്‍ത്തി ചെമ്പൈ വൈദ്യനാഥ ഭാഗവതുരടെ ശിഷ്യനായിരുന്നു അദ്ദേഹം എന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. യുവാവായിരുന്ന യേശുദാസിന്‍റെ ശബ്ദമാധുരി, ഉച്ചാരണശുദ്ധി, സ്വരശുദ്ധി, ലയം എന്നിവയില്‍ ആകൃഷ്ടനായിട്ടാണ് ചെമ്പൈ സ്വാമികള്‍ അദ്ദേഹത്തെ വിളിച്ച് ശിഷ്യാനായി സ്വീകരിക്കുകയായിരുന്നു. പിന്നെ സ്വാമിയോടൊപ്പം നിറഞ്ഞ സദസ്സുകളില്‍ യേശുദാസും പാടിക്കൊണ്ടാണ് ഗാനഗന്ധര്‍വ്വന്‍ ശാസ്ത്രീയ സംഗീതമേഖലയില്‍ തിളങ്ങുന്നത്. 75-ലും യേശുദാസ് സംഗീതത്തിന്‍റെ പെരുംചക്രവാളത്തില്‍ തെളിഞ്ഞു നില്ക്കുന്നതിനും കാരണം, തനിക്ക് ലഭിച്ച അന്യൂനമായ വിളിയോട് വിശ്വസ്തനായിരുന്നു എന്നതാണ്. പതറാത്ത വിശ്വാസം, ആഴമായ സമര്‍പ്പണം, അനുസ്യൂതമായ സമര്‍പ്പണം... അനുകരണീയമാണ്, ഏതു മേഖലയിലുള്ളവര്‍ക്കും മാതൃകയാക്കാവുന്നതാണ് !

മൈക്കിള്‍ പനച്ചിക്കലച്ചന്‍ വായിച്ച് നാം കേട്ട ഇന്നത്തെ സുവിശേഷഭാഗം. ശിഷ്യന്മാരെ വിളിച്ച് ക്രിസ്തു അവര്‍ക്ക് ദൗത്യം നല്കുന്ന ഭാഗമാണല്ലോ. ‘ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ക്രിസ്തു ഗലീലിയയിലേയ്ക്കു വന്നു. ദൈവത്തിന്‍റെ സുവിശേഷം എന്ന പ്രയോഗം ശ്രദ്ധേയമാണ്. Jesus came to Galilee preaching the Good News of God എന്നാണ്. വിശുദ്ധ മാര്‍ക്കോസിന്‍റെ സുവിശേഷം ആരംഭിക്കുന്നത്, ‘യേശു ക്രിസ്തുവിന്‍റെ സദ്വാര്‍ത്ത എന്ന് പറഞ്ഞുകൊണ്ടാണ്. എന്നാല്‍ യേശുക്രിസ്തുവിന്‍റെ സദ്വാര്‍ത്ത ദൈവത്തിന്‍റെ സുവിശേഷമാണെന്നും, അത് ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്തതന്നെയാണെന്നും സുവിശേഷകന്‍ വ്യക്തമാക്കുന്നത്.  (മാര്‍ക്ക് 1, 14). ഗ്രീക്കു ഭാഷയില്‍ Evangelion എന്ന വാക്കിന് വിജയത്തിന്‍റെ സുവിശേഷം എന്നാണര്‍ത്ഥം. ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്തയാണ് യേശു പ്രസംഗിച്ചത്. അത് വിജയത്തിന്‍റെ സദ്വാര്‍ത്തയാണ്. യേശുവിന്‍റെ പ്രഘോഷണത്തിലും, അവിടുന്നു നല്കിയ രോഗശാന്തിയിലും, പഠിപ്പിച്ച പ്രാര്‍ത്ഥനകളിലുമാണ് ദൈവരാജ്യത്തിന്‍റെ സന്ദേശവും വിജയവും അടങ്ങിയിരിക്കുന്നത്.

അതുകൊണ്ടാണ്, സുവിശേഷവായനയുടെ സമയത്ത് നാം എഴുന്നേറ്റു നില്ക്കുന്നത്. ഈ നില്പിന് ആരാധനക്രമപരമായി മൂന്ന് അര്‍ത്ഥങ്ങളാണ് നല്കപ്പെടുന്നത്.  

1. ക്രിസ്തുവിലും അവിടുത്തെ വചനത്തിലും നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ പ്രതീകം

2. ആദ്ധ്യാത്മികമായ ഉയിര്‍ത്തെഴുന്നേല്പിന്‍റെ പ്രതീകം

3. യജമാന്‍റെ ഉത്തരവിനായി, സുവിശേഷത്തിനായി കാത്തുനില്ക്കുന്ന, വീനീത ദാസന്‍റെ തുറവാണ്.

പിന്നെ ആ സമയത്ത് നാം കുരിശുവരയ്ക്കുന്നത്, നെറ്റിത്തടത്തില്‍ ദൈവവചനം ഗ്രഹിക്കുവാനും ഓര്‍മ്മിക്കുവാനും, അധരങ്ങളാല്‍ അത് പ്രഘോഷിക്കുവാനും, നെഞ്ചിലേറ്റി ജീവിക്കുവാനുള്ള സന്നദ്ധതയാണ്.

ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്തയിലേയ്ക്ക് ക്രിസ്തു ആദ്യമായി നാലുപേരെയാണ് വിളിക്കുന്നത്. അവിടുത്തെ വിജയവാര്‍ത്ത നാലു വ്യക്തികളിലേയ്ക്ക് കടന്നുചെല്ലുന്നു. അവരാകട്ടെ അതിന് വിഘടിച്ചു നില്ക്കാതെ  പെട്ടെന്ന് പ്രസാദാത്മകമായി പ്രതികരിക്കുന്നു. ഉടനെ വഞ്ചിയും വലയും ഉപേക്ഷിച്ച് അവര്‍ അവിടുത്തെ അനുഗമിച്ചു. ദൈവത്തിന്‍റെ ആഗമനവും അവിടന്നു വിരിയിക്കുന്ന പദ്ധതികളും ഈ ജിവിതത്തില്‍ തടുക്കുവാന്‍ ആര്‍ക്കാണു ശക്തിയുള്ളത്?.

ആദ്യശിഷ്യന്മാര്‍ വിദ്യാഭ്യാസമില്ലാത്ത മുക്കുവരായിരുന്നെന്നും ദരിദ്രാരായിരുന്നെന്നുമൊക്കെ നാം പറഞ്ഞു പിടിപ്പിക്കാറുണ്ട്. അക്കാലഘട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ ഗലീലിയന്‍ തീരത്തു ജീവിച്ചിരുന്നവര്‍ തങ്ങള്‍ക്കു ലഭ്യമായ തൊഴില്‍ മാന്യമായിക്കണ്ട്, അത്യദ്ധ്വാനംചെയ്ത് ജീവിച്ചിരുന്നവരാണ്. അവര്‍ അതില്‍ ഉപജീവനം കണ്ടെത്തി. അതില്‍ അഭിമാനംകണ്ടെത്തി, കുടുംബങ്ങളെ പോറ്റി വളര്‍ത്തി. അവര്‍ക്ക് കുടുംബവും മാതാപിതാക്കളും മക്കളുമുണ്ടായിരുന്നു. സ്വന്തമായി വഞ്ചിയും വലയുമുണ്ടായിരുന്നു. ചിലര്‍ക്ക് സേവകരുണ്ടായിരുന്നു. എന്നിട്ടും ദൈവരാജ്യത്തിന്‍റെ വിളികേട്ടു. അതുകൊണ്ടുതന്നെ അവരുടെ ത്യാഗത്തിന് മിഴിവേറുന്നു. അത്യാവശ്യം ജീവിതസൗകര്യങ്ങളും സുരക്ഷയും ഉണ്ടായിരുന്നവര്‍ അവയെല്ലാം ഉപേക്ഷിച്ച് ദൈവരാജ്യത്തിന്‍റെ, സുവിശേഷ വിളിയുടെ അരക്ഷിതത്വത്തിലേയ്ക്കും അതിന്‍റെ ത്യാഗസമര്‍പ്പണത്തിലേയ്ക്കും കടന്നുവരുന്നു, ഇറങ്ങി പുറപ്പെടുന്നു.

ഇന്നത്തെ സുവിശേഷ സംഭവത്തില്‍ ഒളിഞ്ഞുകിടക്കുന്ന ദൈവവിളിയുടെ ഫോര്‍മുലയുണ്ട്

1. സന്ദര്‍ഭമാണ് ആദ്യം... ഗലീലിയന്‍ ഗ്രാമവും, കടലും കരിങ്കായലോരവും മീന്‍പിടുത്തക്കാരുമെല്ലാം...

2. പിന്നെ ക്രിസ്തുവിന്‍റെ വിളി,  ‘വരിക, എന്നെ അനുഗമിക്കുക!’

3. തുടര്‍ന്ന് പ്രതികരണം. അവര്‍ എല്ലാം ഉപേക്ഷിച്ച് അവിടുത്തെ അനുഗമിക്കുന്നു.

ഇന്നത്തെ ആദ്യ വായനയിലേയ്ക്കും ഒന്നെത്തി നോക്കാം. യോനായുടെ കഥയാണ്. നിനവെയിലെ ജനങ്ങളുടെ ദുഷ്ടത കണ്ട്, ദൈവം അതിനെ നശിപ്പിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ അവിടുത്തെ കാരുണ്യത്തിന് അറുതിയുമില്ല. യോനായെ രക്ഷകനായി പറഞ്ഞയക്കുന്നു. എന്നാല്‍, കര്‍ത്താവിന്‍റെ വിളിയില്‍നിന്നും  യോനാ ഒളിച്ചോടുന്നു. താര്‍ഷീഷിലേയ്ക്കുള്ള കപ്പല്‍ കയറി. കപ്പല്‍ ഇതാ, കൊടുങ്കാറ്റില്‍ പെടുന്നു. ആരു നിമിത്തമാണ് അനര്‍ത്ഥം തങ്ങള്‍ക്കു വന്നതെന്ന് അറിയാന്‍ യാത്രക്കാര്‍ നറുക്കിട്ടു.

കുറി വീണത് കപ്പലില്‍ ഉറങ്ങുകയായിരുന്ന യോനായ്ക്കാണ്. അവര്‍ യോനായെ എടുത്ത് കടലിലെറിഞ്ഞു. തിമിംഗലം വന്ന് അയാളെ വിഴുങ്ങി. പിന്നെ മൂന്നു രാവും പകലും അയാള്‍ മത്സ്യത്തിന്‍റെ ഉദരത്തില്‍ കഴിഞ്ഞു. അവിടെക്കിടന്ന് യോനാ കര്‍ത്താവിനെ കരഞ്ഞു വിളിച്ചു. മത്സ്യം മൂന്നാംനാള്‍ യോനായെ തീരത്ത് കക്കിയിട്ടു. പിന്നെയും മൂന്നു ദിവസം യാത്രചെയ്ത് മഹാനഗരമായ നിനിവേയില്‍ യോനാ എത്തിച്ചേര്‍ന്നു. കര്‍ത്താവു അറിയിച്ച മാനസാന്തരത്തിന്‍റെ സന്ദേശം അവരുമായി പങ്കുവച്ചു. പിന്നെ നാല്പതു രാവും പകലും രാജാവ് ഉള്‍പ്പെടെ എല്ലാ നിനീവെ വാസികളും ഉപവസിച്ച് പ്രാര്‍ത്ഥിച്ചു. കര്‍ത്താവിന്‍റെ കാരുണ്യം അവരുടെമേല്‍ നിപതിച്ചു. അവിടുന്നു നഗരത്തെ വിനാശത്തില്‍നിന്നും മോചിച്ചു. ദൈവവിളി തിരസ്ക്കരിക്കാനാവാത്ത നിര്‍ബന്ധമാണ്. കാരണം വിളിക്കപ്പെട്ടവര്‍ രക്ഷയുടെ സംവാഹകരും, ദൂതരുമാണ്.

വിളിയും ദൗത്യവും ദൈവം തരുന്നതാണ്. ദൈവവുമായി സന്ധിചേര്‍ന്നു പ്രവര്‍ത്തിക്കുവാനുള്ള വിളിയാണത്, ജീവിതദൗത്യമാണ്. അത് ആര്‍ക്കു തിരസ്ക്കരിക്കാനാകും? തിരസ്ക്കരിക്കാനാവില്ല എന്നാണ് ജോനായുടെ കഥ വെളിപ്പെടുത്തുന്നത്. സുവിശേഷം പറയുന്ന വിളിയുടെ ദൗത്യം രക്ഷയാണ്, മനുഷ്യരക്ഷയാണ്. അതുകൊണ്ടാണ് ‘നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും,’ എന്ന് ക്രിസ്തു പറഞ്ഞത്. മനുഷ്യരെ ദൈവത്തിലേയ്ക്ക്, ദൈവരാജ്യത്തിലേയ്ക്ക് ആനയിക്കുക, എന്നതാണ് വിളിയും ദൗത്യവും.

ആഗോളതലത്തില്‍ ക്രൈസ്തവൈക്യവാരത്തിന് സമാപനം കുറിക്കുന്ന ദിവസമാണിത്. വിഘടിച്ചു നില്ക്കുന്ന ക്രൈസ്തവമക്കള്‍ ദൈവരാജ്യത്തിന്‍റെ സുവിശേഷദൗത്യത്തില്‍ ഒന്നാകണം എന്നതാണ് ഈ ദിനത്തിന്‍റെ പൊരുള്‍. സമറിയക്കാരി സ്ത്രീയോട് സംവദിക്കുന്ന ക്രിസ്തുവിന്‍റെ ചിത്രമാണ് – ഇക്കുറി ഐക്യവാരം നമ്മെ വരച്ചുകാട്ടുന്നത്. സംവാദത്തിലൂടെ ഐക്യം ആര്‍ജ്ജിക്കാം എന്ന സന്ദേശം പങ്കുവയ്ക്കുന്നു. അതിരുകള്‍ കടന്നുചെന്ന് അന്യജാതിക്കാരിയായ സ്ത്രീയോടു കുടിക്കാന്‍ ജലം ചോദിക്കുന്ന ക്രിസ്തുവിന്‍റെ ഹൃദവിശാലതയ്ക്കു മുന്‍പിലാണ്, രക്ഷയുടെ പാത തുറക്കപ്പെടുന്നത്. പിന്നെ അവള്‍ തിടുക്കത്തില്‍ ഇറങ്ങിപ്പുറപ്പെടുന്നു. ക്രിസ്തുവിനെയും അവിടുന്നില്‍ തനിക്കു സംലംബ്ധമായ ദൈവരാജ്യത്തിന്‍റെ സുവിശേഷവും, സുവിശേഷസന്തോഷവും ഗ്രാമത്തില്‍പ്പോയി മറ്റുള്ളവരോട് അറിയിക്കുന്നു, പങ്കുവയ്ക്കുന്നു...അവള്‍ ഇറങ്ങി പുറപ്പെടുന്നു.

പഴയ രീതികള്‍ ഉപേക്ഷിച്ച് ഗലീലിയാത്തീരത്തെ ശിഷ്യന്മാരെപ്പോലെ സമറിയക്കാരിയും ഇറങ്ങിപുറപ്പെടുന്നു. ദൈവത്തിന്‍റെ സ്നേഹ വലയത്തിലേയ്ക്ക് ക്രിസ്തുവിന്‍റെ കൂട്ടായ്മയിലേയ്ക്ക്, സകലരെയും ആശ്ലേഷിക്കുന്ന ദൈവരാജ്യത്തിന്‍റെ സാകല്യ സംസ്കൃതിയിലേയ്ക്ക് അവളും ഇറങ്ങിപ്പുറപ്പെടുന്നു. ക്രിസ്തുനാമം, ഏകനാമം മഹോന്നതനാമം പ്രഘോഷിക്കാന്‍, അവിടുത്തെ രാജ്യം പ്രഘോഷിക്കുവാന്‍, അവിടുത്തെ നീതിയും സ്നേഹവും പ്രഘോഷിക്കാന്‍....

 








All the contents on this site are copyrighted ©.