2015-01-22 12:25:00

മതവികാരം ഹിംസാകാരണമാകരുതെന്ന് മാര്‍പ്പാപ്പാ.


     ആഫ്രിക്കന്‍ നാടായ നൈജറില്‍ ക്രിസ്തീയവിരുദ്ധാക്രമണങ്ങള്‍ക്കിരകളായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

      ഫ്രാന്‍സിലെ ഷാര‍്‍ലീ എബ്ദു എന്ന ആക്ഷേപഹാസ്യവാരിക മുഹമ്മദ് നബിയുടെ വിവാദ ആക്ഷേപഹാസ്യചിത്രം വീണ്ടും പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നൈജറില്‍ അരങ്ങേറുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ കുട്ടികളുള്‍പ്പടെ ക്രൈസ്തവരും ക്രൈസ്തവദേവാലയങ്ങളും ഈ ദിനങ്ങളില്‍ നിഷ്ഠൂരം ആക്രമിക്കപ്പെട്ടത്, ഫ്രാന്‍സിസ് പാപ്പാ,  ജനുവരി 21 ന് വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയില്‍ അനുസ്മരിച്ചുകൊണ്ടാണ് ആ ജനതയ്ക്കായി പ്രാര്‍ത്ഥിക്കാനുള്ള ക്ഷണമേകിയത്.

     മതവികാരം അക്രമത്തിനും ആധിപത്യത്തിനും നാശത്തിനും ഒരിക്കലും കാരണമാകാതിരക്കുന്നതിനു വേണ്ടി നമുക്ക്  അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും ദാനം കര്‍ത്താവിനോട് യാചിക്കാം. ദൈവത്തിന്‍റെ നാമത്തില്‍ യുദ്ധമരുത്. സകലരുടെയും നന്മയ്ക്ക് വേണ്ടി, പരസ്പരാദരവിന്‍റെയും സമാധാനപരമായ സഹജീവനത്തിന്‍റെയും അന്തരീക്ഷം എത്രയും വേഗം പുനസ്ഥാപിക്കപ്പെടട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു. നൈജറിലെ ജനങ്ങള്‍ക്ക് വേണ്ടി നമുക്ക് മാതാവിനോടു പ്രാര്‍ത്ഥിക്കാം.

     ഈ വാക്കുകളെ തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ നന്മനിറഞ്ഞ മറിയേ എന്ന മരിയന്‍ പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തു.

     








All the contents on this site are copyrighted ©.