2015-01-21 16:20:00

സുവിശേഷസന്തോഷം പ്രകടമാക്കേണ്ടത് ക്രിസ്ത്വാനുകരണത്തിലൂടെ


ക്രിസ്ത്വാനുകരണത്തിലൂടെയാണ് വൈദികര്‍ സുവിശേഷസന്തോഷം ജീവിതത്തില്‍ പ്രകടമാക്കേണ്ടതെന്ന് വിശ്വാസപ്രചാരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി ഉദ്ബോധിപ്പിച്ചു. വിയറ്റനാമിലെ സഭയുടെ 400-ാം വാര്‍ഷികത്തോട് അനുബന്ധിച്ചു ജനുവരി 20-ാം തിയതി ചൊവ്വാഴ്ച, തലസ്ഥാന നഗരമായ ഹാനോയിലെ സഭാകേന്ദ്രത്തില്‍ നടത്തിയ വൈദികരുടെ സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ഫിലോണി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സുവിശേഷവത്ക്കരണം ക്രൈസ്തവ ജീവിതത്തിന്‍റെ, വിശിഷ്യാ അജപാലകരുടെ പ്രതിബദ്ധത ആയിരിക്കണമെന്നും, എന്നാല്‍ സുവിശേഷപ്രഘോഷണം മതപരിവര്‍ത്തനമല്ല, മറിച്ച് ക്രിസ്തീയ ജീവിതത്തിന്‍റെ മനോഹാരിതയും സൗന്ദര്യവും ജീവിതസാക്ഷൃത്തിലൂടെ വെളിപ്പെടുത്തിക്കൊണ്ട് അതിലേയ്ക്ക് മറ്റുള്ളവരെ ആകര്‍ഷിക്കുന്നതാണെന്ന്, പാപ്പാ ഫ്രാന്‍സിസിന്‍റെ Evangelii Gaudium സുവിശേഷ സന്തോഷം എന്ന അപ്പസ്തോലിക പ്രബോധനത്തെ ആധാരമാക്കി കര്‍ദ്ദിനാള്‍ ഫിലോണി വൈദികരെ ഉദ്ബോധിപ്പിച്ചു.

1615-ല്‍ ഈശോ സഭാ മിഷണിമാര്‍ നട്ടുവളര്‍ത്തിയ വിയറ്റ്നാമിലെ സഭയുടെ 400-ാം വാര്‍ഷികം സംബന്ധിച്ച കര്‍ദ്ദിനാള്‍ ഫിലോണിയുടെ സന്ദര്‍ശനം ജനുവരി 19-മതുല്‍ 26-വരെ നീണ്ടുനില്ക്കുന്നതാണ്. 








All the contents on this site are copyrighted ©.