2015-01-21 16:51:00

പാപ്പായുടെ സന്ദര്‍ശനം പ്രത്യാശപകര്‍ന്ന മഹാസംഭവം


ശ്രീലങ്കയിലേയ്ക്കും ഫിലിപ്പീന്‍സിലേയ്ക്കുമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്ര പ്രത്യാശ പകര്‍ന്ന മഹാസംഭവമായിരുന്നെന്ന്, ഏഷ്യയിലെ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. 8 ദിവസം നീണ്ടുനിന്ന പാപ്പായുടെ രണ്ടാമത് ഏഷ്യന്‍ അപ്പസ്തോലിക സന്ദര്‍ശനത്തെ വിലയിരുത്തിക്കൊണ്ട് വത്തിക്കാന്‍റെ ദിനപത്രം, ലൊസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പായുടെ സന്ദര്‍ശനം ശ്രീലങ്കയിലെയും ഫിലിപ്പീന്‍സിന്‍സിലെയും ജനതയ്ക്ക് പ്രത്യാശയും സന്തോഷവും പകര്‍ന്ന യാത്രയായിരുന്നെന്ന് മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വലിയിരുത്തിയത്. 

സാമൂഹ്യരാഷ്ട്രീയ പ്രതിസന്ധികളില്‍ ജീവിക്കുന്ന ശ്രീലങ്കന്‍ ജനതയ്ക്കും പ്രകൃതി ക്ഷോഭത്തിന്‍റെ കെടുതിയെ മല്ലിട്ടു കഴിയുന്ന ഫിലിപ്പീന്‍സിലെ ജനങ്ങള്‍ക്കും പാപ്പായുടെ സന്ദര്‍ശനം സാന്ത്വനവും സന്തോഷവും പകരുന്നതായിരുന്നുവെന്ന്, രണ്ടു വേദികളിലും സന്നിഹിതനായിരുന്ന കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പങ്കുവച്ചു.

പാപ്പായുടെ ലാളിത്യമാര്‍ന്ന സ്നേഹത്താല്‍ ആകൃഷ്ടരായ ഏഷ്യന്‍ ജനസഹസ്രങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുവാനും, പ്രതിസന്ധികളുടെ സാമൂഹ്യ രാഷ്ട്രീയ പരിസരത്ത് ക്രിസ്തുവിലും അവിടത്തെ സുവിശേഷ മൂല്യങ്ങളിലും ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടു ചരിക്കുവാനും സന്ദര്‍ശനം കരുത്തു നല്കിയിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വത്തിക്കാന്‍റെ ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

ഫിലിപ്പീസില്‍ കത്തോലിക്കര്‍ ഭൂരിപക്ഷവും, ശ്രീലങ്കയില്‍ കത്തോലിക്കര്‍ ന്യൂനപക്ഷവുമാണെങ്കിലും സന്ദര്‍ശനം ഫലത്തില്‍ അനുരഞ്ജനവും സാന്ത്വനവും, വിശ്വാസത്തിന് പിന്‍തുണ നല്കുന്നതുമായിരുന്നുവെന്ന് ഏഷ്യന്‍ ജനതയുടെ സ്പന്ദനം അറിയുന്ന വ്യക്തിയെന്ന നിലയിലും, സഭാ നവീകരണത്തിനായുള്ള പാപ്പായുടെ 8 അംഗ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗവുമായി കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു. 








All the contents on this site are copyrighted ©.